Section

malabari-logo-mobile

ദുബായില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ സംഘം കരിപ്പൂരിലെത്തി: കേരളത്തിന്റെ കരുതലിലേക്ക് പറന്നെത്തിയത് 182 പേര്‍

HIGHLIGHTS : മലപ്പുറം: ലോകമാകെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 ആശങ്കള്‍ക്കിടെ ദുബായില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ സംഘം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താ...

മലപ്പുറം: ലോകമാകെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 ആശങ്കള്‍ക്കിടെ ദുബായില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ സംഘം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 177 മുതിര്‍ന്നവരും അഞ്ച് കുട്ടികളുമടക്കം 182 പേരാണ് ജന്മനാടിന്റെ കരുതലിലേയ്ക്ക് പറന്നിറങ്ങിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ്-344 വിമാനം ഇന്നലെ രാത്രി 10.35 ന് കരിപ്പൂരിലെത്തി.

പ്രത്യേക പരിശോധനയില്‍ മൂന്ന് പേര്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ രണ്ട് പേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ വയനാട് സ്വദേശിയുമാണ്. കോവിഡ് ലക്ഷണങ്ങളില്ലാതെ മറ്റ് അടിയന്തര ചികിത്സകള്‍ക്കായി എത്തിയവര്‍, ഗര്‍ഭിണികള്‍, പത്തു വയസിന് താഴെ പ്രായമുള്ള കുട്ടികള്‍, 75 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുമായെത്തിയവര്‍ എന്നിവരെ വീടുകളില്‍ സ്വയം നിരീക്ഷണത്തിനയച്ചു. വീടുകളില്‍ നിന്ന് എത്തിച്ച സ്വകാര്യ വാഹനങ്ങളും പ്രീ പെയ്ഡ് ടാക്സി വാഹനങ്ങളും ഇവരെ യാത്രയാക്കാന്‍ ഉപയോഗിച്ചു.

sameeksha-malabarinews

വിദഗ്ധ ആരോഗ്യ പരിശോധനയില്‍ പ്രകടമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത മലപ്പുറം സ്വദേശികളെ കാളികാവിലെ സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണത്തിലാക്കി. കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലുള്ള പ്രവാസികളെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി അതത് ജില്ലാ ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തിയ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും യാത്രയാക്കി. ആരോഗ്യ സുരക്ഷ ഉറപ്പാക്കി കെ.എസ്.ആര്‍.ടി.സി. ബസുകളിലാണ് ഇവരെ കൊണ്ടുപോയത്. ഒരു ബസില്‍ 20 പേരെ വീതമാണ് കയറ്റിയത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ളവര്‍ക്ക് ടാക്‌സി സംവിധാനം ഒരുക്കിക്കൊടുത്തു.

ദുബായില്‍ നിന്നെത്തിയ സംഘത്തെ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ടി.ജി. ഗോകുല്‍, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. കനത്ത കോവിഡ് സുരക്ഷാ ക്രമീകരണങ്ങളിലേയ്ക്കാണ് പ്രവാസി സംഘം വിമാനത്തില്‍ നിന്ന് ഇറങ്ങിയത്. പ്രത്യേക ഗ്രൂപ്പുകളായാണ് യാത്രക്കാരെ പുറത്തിറക്കിയത്. 10.44 ന് ആദ്യ യാത്രക്കാരുടെ സംഘം പുറത്തിറങ്ങി. ആദ്യമിറങ്ങിയ 24 പേരെ എയ്റോ ബ്രിഡ്ജില്‍വച്ചു തന്നെ ആരോഗ്യ പരിശോധനയ്ക്കു വിധേയരാക്കി. തെര്‍മല്‍ സ്‌കാനിംഗാണ് ആരോഗ്യ വിദഗ്ധര്‍ നടത്തിയത്. ഇതിനായി ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരടങ്ങുന്ന നാല് പ്രത്യേക ടീമുകളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കു പിറകെ മറ്റുളള ഗ്രൂപ്പുകളും പുറത്തിറങ്ങി.

ആരോഗ്യ പരിശോധനകള്‍ക്കു ശേഷം ഇവര്‍ക്ക് കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ബോധവത്ക്കരണ ക്ലാസ് നല്‍കി. തുടര്‍ന്ന് ഓരോ യാത്രക്കാരുടേയും കൃത്യമായ വിവര ശേഖരണം നടത്തിയ ശേഷമാണ് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. വിവര ശേഖരണത്തിന് 10, എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് 15, കസ്റ്റംസ് പരിശോധനകള്‍ക്കായി നാല് എന്നിങ്ങനെയാണ് വിമാനത്താവളത്തിനകത്ത് കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നത്.

വിമാനത്താവള ഉദ്യോഗസ്ഥര്‍, വിവിധ ഏജന്‍സി പ്രതിനിധികള്‍, കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് മാത്രമായിരുന്നു വിമാനത്താവളത്തിനകത്തേക്കു പ്രവേശനം. വിമാനത്താവള പരിസരത്ത് സി.ആര്‍.പി.എഫും പുറത്ത് പൊലീസും സുരക്ഷയൊരുക്കി. 28 ആംബുലന്‍സുകളും 23 കെ.എസ്.ആര്‍.ടി.സി ബസുകളാണ് യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിച്ചിരുന്നത്.

വിമാനത്താവളത്തില്‍ പ്രത്യേക ദൗത്യത്തിലേര്‍പ്പെട്ട റവന്യൂ, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യാഗസ്ഥര്‍ക്കും കെ.എസ്.ആര്‍.ടി.സി, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കായി പ്രത്യേക ക്ലാസും സംഘടിപ്പിച്ചിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയുടെ നേതൃത്വത്തില്‍ കോവിഡ് ലെയ്സണ്‍ ഓഫീസര്‍ ഡോ. ഷാഹുല്‍ ഹമീദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റഊഫ്, മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് ക്ലാസുകള്‍ നയിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!