ജോണ്‍ പോളിന് സഹായം കിട്ടാന്‍ വൈകിയെന്ന ആരോപണം തെറ്റെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍ പോളിന് കട്ടിലില്‍ നിന്ന് വീണപ്പോള്‍ സഹായം കിട്ടാന്‍ വൈകിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഫയര്‍ഫോഴ്‌സ് മേധാവി ഡിജിപി ബി സന്ധ്യ. കട്ടിലില്‍ നിന്ന് വീണ ജോണ്‍ പോളിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഫയര്‍ ഫോഴ്‌സിനെ ബന്ധപ്പെട്ടെങ്കിലും സഹായങ്ങള്‍ ലഭിച്ചില്ലെന്നായിരുന്നു ആരോപണം. ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന വിശദീകരണമാണ് ബി സന്ധ്യ നല്‍കുന്നത്. ജില്ലാ ഫയര്‍ ഓഫിസര്‍ അന്വേഷണം നടത്തിയെന്നും വൈകിയതില്‍ ഫയര്‍ഫോഴ്സിന് വീഴ്ചയില്ലെന്നും ബി സന്ധ്യ പറഞ്ഞു.

ആരോപണം ശരിയല്ല. സഹായം ആവശ്യപ്പെട്ട് ഫയര്‍ഫോഴ്‌സിന് കോള്‍ വന്നിട്ടില്ല. തൃക്കാക്കര സ്റ്റേഷനില്‍ ആംബുലന്‍സ് ഇല്ല. ഫയര്‍ ഫോഴ്സ് ആംബുലന്‍സുകള്‍ അപകട സമയത്ത് ഉപയോഗിക്കുന്നതിനുള്ളതാണ് എന്നും ബി സന്ധ്യ പറഞ്ഞു.

അതേസമയം, ഫയര്‍ ഫോഴ്സിനെ തള്ളി പൊലീസ് രംഗത്ത് വന്നു. ജോണ്‍ പോളിന് സഹായം ലഭ്യമാക്കാന്‍ ഫയര്‍ ഫോഴ്സിനെ ബന്ധപ്പെട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു. തൃക്കാക്കരയില്‍ ആംബുലന്‍സില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് കണ്‍ട്രോള്‍ റൂം എസ്ഐ രാജീവ് പറഞ്ഞു. സ്വകാര്യ ആശുപത്രിയുടെ സഹായം ലഭ്യമാക്കിയത് ആംബുലന്‍സ് സേവനം ലഭിക്കാതെ വന്നപ്പോഴാണെന്നും പൊലീസ് അറിയിച്ചു.

 

 

Share news
error: Content is protected !!
Scroll to Top