ശമ്പള വിതരണം: ആദ്യപരിഗണന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്: സാലറി ചലഞ്ചില്‍ മുഴുവന്‍ ജീവനക്കാരും സ്വമേധയാ പങ്കെടുക്കണം :ധനമന്ത്രി

ഇന്ന് കേരളത്തില്‍ ശമ്പളവിതരണം ആരംഭിക്കുമ്പോള്‍ ആദ്യ പരിഗണന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണെന്ന് ധനമന്ത്രി തോമസ് ഐസക്. അവരോടുള്ള ആദരവിന്റെ ഭാഗമായാണിതെന്നും ധനമന്ത്രി തന്റെ ഫെയയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മാര്‍ച്ച് മാസത്തെ ശമ്പളം പൂര്‍ണ്ണമായും നല്‍കുന്നില്ല.
. തെലുങ്കാന പകുതി ശമ്പളം കട്ട് ചെയ്തു. ആന്ധ്ര, രാജസ്ഥാന്‍, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ ഇന്നത്തേതുപോലെ തുടര്‍ന്നാല്‍ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിനു കേരള സര്‍ക്കാരും നിര്‍ബന്ധിതമാകമെന്നും ധനമന്ത്രി സൂചിപ്പിച്ചു.

തുടര്‍ന്ന് വൈകീട്ട് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലും ധനമന്ത്രി ഈക്കാര്യങ്ങള്‍ ആവര്‍ത്തിച്ചു.
എല്ലാ ജീവനക്കാരോടും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുയാണ് ഒറ്റത്തവണയായി വേണ്ടെന്നും പ്രളയകാലത്തെ പോലെ തവണകളായി അടക്കുന്നതിനുള്ള സൗകര്യമുണ്ടാകുമെന്നും തോമസ് ഐസ്‌ക വ്യക്തമാക്കി.
ധനമന്ത്രിയുടെ ഫെയ്‌സബുക്ക പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ശമ്പളം വിതരണം ഇന്ന് ആരംഭിക്കുകയാണ്. ആരോഗ്യ പ്രവർത്തകരോടുള്ള ആദരവിന്റെ ഭാഗമായി അവർക്കാണ് ആദ്യപരിഗണന. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും മാർച്ച് മാസത്തെ ശമ്പളം പൂർണ്ണമായി നൽകുന്നില്ല. തെലുങ്കാന പകുതി ശമ്പളം കട്ട് ചെയ്തു. ആന്ധ്ര, രാജസ്ഥാൻ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ ഇന്നത്തേതുപോലെ തുടർന്നാൽ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിനു കേരള സർക്കാരും നിർബന്ധിതമാകും.

ഇപ്പോൾ എല്ലാ ജീവനക്കാരോടും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ്. ഒറ്റത്തവണയായി വേണ്ട. കഴിഞ്ഞ പ്രളയകാലത്തെ സാലറി ചലഞ്ചുപോലെ തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ടാകും. പക്ഷെ, മിക്കവാറും എല്ലാ പത്രങ്ങളിലെയും വാർത്ത സാലറി ചലഞ്ച് നിർബന്ധമാക്കുമെന്നാണ്. കഴിഞ്ഞ പ്രളയകാലത്തെന്നപോലെ കോടതിയെ സമീപിക്കുമെന്ന് എൻജിഒ അസോസിയേഷന്റെ പ്രസ്താവന ഇന്ത്യൻ എക്സ്പ്രസിൽ കണ്ടു. എങ്ങനെയാണ് സാലറി ചലഞ്ച് നിർബന്ധമായും നടപ്പാക്കുകയെന്ന് എനിക്ക് അറിയില്ല. നിർബന്ധമാക്കിയാൽ പിന്നെ ചലഞ്ച് ഇല്ലല്ലോ. പ്രളയകാലത്ത് സമ്മതപത്രവും വിസമ്മതപത്രവും തമ്മിലായിരുന്നു വിവാദം. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും സാലറി ചലഞ്ചിന്റെ ഉത്തരവിറങ്ങുക. ഒരു നിർബന്ധവുമില്ല. നല്ലമനസ്സുള്ളവർ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താൽ മതി.

മാർച്ച് മാസത്തെ വരുമാനത്തിന്റെ കണക്കുകൾ ലഭ്യമായിട്ടില്ല. ലോട്ടറിയിൽ നിന്നും മദ്യത്തിൽ നിന്നുമുള്ള നികുതി പൂർണ്ണമായും അവസാനിച്ചിരിക്കുകയാണ്. മോട്ടോർ വാഹനങ്ങളുടെ വിൽപ്പനയില്ല. അവയുടെ നികുതി അടയ്ക്കുന്നതിൽ ഇളവും നൽകിയിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ ഏപ്രിൽ മാസത്തിൽ എന്തെങ്കിലും വരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല. ഭക്ഷണസാധനങ്ങളേ വിൽപ്പനയുള്ളൂ. അവയുടെ മേൽ ജിഎസ്ടിയുമില്ല. ഇങ്ങനെയൊരു സാഹചര്യത്തെ ഒരു കാലത്തും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. സംസ്ഥാനത്തെ മഹാഭൂരിപക്ഷം ആളുകളുടെയും വരുമാനം നിലച്ചിരിക്കുകയാണ്. അവർക്ക് അടിയന്തിര സഹായങ്ങൾ നൽകിയേ തീരൂ. ഇവയൊക്കെ വിലയിരുത്തി സാലറി ചലഞ്ചിൽ മുഴുവൻ ജീവനക്കാരും സ്വമേധയാ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

Share news
error: Content is protected !!
Scroll to Top