നിലമ്പൂർ സബ് ട്രഷറിയുടെ പുതിയ കെട്ടിടം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

നിലമ്പൂർ സബ് ട്രഷറിയുടെ പുതിയ കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നിലമ്പൂർ മുനിസിപ്പൽ ഓഫീസ് അങ്കണത്തിൽ നടന്ന പരിപാടിയിൽ ആര്യാടൻ ഷൗക്കത്ത് എം.എൽ.എ.അധ്യക്ഷത വഹിച്ചു.

നിലമ്പൂർ ടൗണിൽ സി.എൻ.ജി. റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന വാടക കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് നിലമ്പൂർ ട്രഷറി 28 വർഷമായി പ്രവർത്തിച്ചു വന്നിരുന്നത്. 3000 ത്തോളം പെൻഷൻകാർ ആശ്രയിക്കുന്ന നിലമ്പൂർ സബ് ട്രഷറിയുടെ പുതിയ കെട്ടിടം ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി 68 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. നിലമ്പൂർ ടൗണിൽ നിന്നും 500 മീറ്റർ മാറി നിലമ്പൂർ-തൃക്കൈക്കുന്ന് റോഡിൽ 12.35 സെൻറ് സ്ഥലത്താണ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിർമ്മിച്ചത്.

പി വി അബ്ദുൽ വഹാബ് എംപി മുഖ്യാതിഥിയായി. മധ്യമേഖല ഡെപ്യൂട്ടി ഡയറക്ടർ പി.ആർ. സിന്ധു, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.പി. സ്മിജി, നിലമ്പൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, നിലമ്പൂർ മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ഷൗക്കത്തലി കൂമഞ്ചേരി, നിലമ്പൂർ മുനിസിപ്പാലിറ്റി കൗൺസിലർ കെ.ടി. ഫ്രാൻസിസ് ലിജി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷമീന കാഞ്ഞിരാല, കെ.പി. അനുശ്രീ, നിലമ്പൂർ മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ മുംതാസ് ബാബു, മേരി ഷിബു, സുരേഷ് പാത്തിപ്പാറ, സ്മിതാമോൾ, മുസ്തഫ കളത്തുംപടിക്കൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കെട്ടിടത്തിന്റെ ശിലാഫലകം ആര്യാടൻ ഷൗക്കത്ത് എം.എൽ. എ. അനാച്ഛാദനം ചെയ്തു.

Share news
error: Content is protected !!
Scroll to Top