തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളില്‍ മലപ്പുറം ജില്ലയെ ഒന്നാമതെത്തിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

മലപ്പുറം:മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തില്‍ മലപ്പുറം ജില്ലയെ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തുന്ന തരത്തില്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത്് നടപ്പാക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയുടെ നടപ്പാക്കല്‍ കാര്യക്ഷമമായി മുന്നേറുന്നുണ്ടെങ്കിലും നിലവിലുള്ള പുരോഗതിയെ വിലയിരുത്തുകയും പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ പരിഹരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ജില്ലയില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, കുളങ്ങള്‍ പുതുക്കിപ്പണിയല്‍, തോടുകള്‍ ശുചീകരിക്കല്‍, കാര്‍ഷിക അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പദ്ധതിയുടെ മുഖ്യപങ്കുണ്ട്. പ്രകൃതിവിഭവ സംരക്ഷണവും കാര്‍ഷിക ഉത്പാദന വര്‍ധനയും ലക്ഷ്യമാക്കി കൂടുതല്‍ ദീര്‍ഘകാല പ്രയോജനമുള്ള പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലയില്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളെ ആദരിച്ചു. ജില്ലയില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത് എടപ്പാള്‍, എടപ്പറ്റ, ചെറുകാവ് ഗ്രാമപഞ്ചായത്തുകളും കൊണ്ടോട്ടി, പൊന്നാനി, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തുകളുമാണ്. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് മികച്ച പ്രവൃത്തികള്‍ നടപ്പാക്കണമെന്ന് ജില്ലാ കളക്ടറും, ജില്ലാ പ്രോഗ്രാം കോഡിനേറ്ററുമായ ഡോ. വിനയ് ഗോയല്‍ നിര്‍ദേശിച്ചു. ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ പ്രീതി മേനോന്‍ സ്വാഗതവും ജില്ലാ ഐ.ടി.പി റീന നന്ദിയും പറഞ്ഞു.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ എറ്റെടുത്ത് നടപ്പാക്കിയ പ്രവൃത്തികളെ സംബന്ധിച്ച് മികച്ച രീതിയില്‍ ഡോക്യുമെന്ററി തയ്യാറാക്കിയതും മികച്ച വിജയ ഗാഥകള്‍ തയ്യാറാക്കിയതുമായ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളായ ഒഴൂര്‍, മമ്പാട്, നന്നമ്പ്ര, തൃപ്രങ്ങോട്, പള്ളിക്കല്‍, ഊര്‍ങ്ങാട്ടിരി, തേഞ്ഞിപ്പലം, കാവനൂര്‍, കൂട്ടിലങ്ങാടി എന്നീ ഗ്രാമ പഞ്ചായത്തുകളേയും ആദരിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി അബ്ദുറഹിമാന്‍, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍. ഗായത്രി, ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് ജസീന ആലുങ്ങല്‍, എടപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ്് ചാലില്‍ മുഹമ്മദ് ബാബു, എടപ്പാള്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സി.എ ബുഷ്‌റ, ജില്ലാ ക്വാളിറ്റി മോണിറ്റര്‍മാര്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top