സി കാറ്റഗറി ജില്ലകളിലെ സിനിമാ പ്രദര്‍ശനം: ഫിയോക്കിന്റെ ഹര്‍ജി പരിഗണിക്കാന്‍ തിങ്കളാഴ്ചയിലേക്ക് മാറ്റി

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സി കാറ്റഗറി ജില്ലകളില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടാനുളള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുളള ഫിയോക്കിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാന്‍ തിങ്കളാഴ്ചയിലേക്ക് മാറ്റി. നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ സര്‍ക്കാര്‍ യോഗം ചേരുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

സര്‍ക്കാര്‍ തീരുമാനം അറിഞ്ഞ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ ആദ്യ കേസായി പരിഗണിക്കാന്‍ മാറ്റിയത്. തിയേറ്ററുകള്‍ തുറന്നു നല്‍കാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു.

മാളുകള്‍ക്കടക്കം ഇളവ് നല്‍കിയ ശേഷം തിയേറ്ററുകള്‍ അടച്ചിട്ടത് വിവേചനപരമാണെന്നാണ് ഉടമകളുടെ നിലപാട്. ഷോപ്പിങ് മാളുകളിലും മറ്റും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് ഫിയോക് ആരോപിക്കുന്നു. അടച്ചിട്ട എസി ഹാളുകളില്‍ ആളുകള്‍ തുടര്‍ച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കോവിഡ് വ്യാപനസാധ്യത വര്‍ധിപ്പിക്കുമെന്ന സര്‍ക്കാര്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top