സേതുരാമയ്യര്‍ സിനിമാ പരമ്പരയിലെ അഞ്ചാം ഭാഗത്തിന്റെ പേര് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ‘സിബിഐ 5 ദി ബ്രെയിന്‍’ എന്നാണ് സിനിമയുടെ പേര്. തന്റെ സമൂഹമാധ്യമ ക്കൗണ്ടുകളിലൂടെ മമ്മൂട്ടി തന്നെ ടൈറ്റില്‍ റിവീല്‍ മോഷന്‍ പോസ്റ്റര്‍ പങ്കുവച്ചു. ബാസ്‌കറ്റ് കില്ലിംഗ് എന്ന ഏറെ സുപരിചിതമല്ലാത്ത കൊലപാതക രീതിയാണ് സിബിഐ അഞ്ചാം ഭാഗം പറയുന്നത്. 3 വര്‍ഷം കൊണ്ടാണ് എസ് എന്‍ സ്വാമി തിരക്കഥ പൂര്‍ത്തിയാക്കിയത്.
കെ മധു തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സ്വര്‍ഗചിത്രയാണ് നിര്‍മ്മാണം. അഖില്‍ ജോര്‍ജ് ആണ് ക്യാമറ. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ജേക്‌സ് ബിജോയ് മ്യൂസിക്കും നിര്‍വഹിക്കും.
മുന്‍ സേതുരാമയ്യര്‍ സിനിമകളിലെ താരങ്ങളില്‍ മമ്മൂട്ടി ഒഴികെ മറ്റ് താരങ്ങളൊന്നും ഈ സിനിമയില്‍ ഉണ്ടാവില്ലെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചില സുപ്രധാന താരങ്ങള്‍ ഈ സിനിമയിലും ഉണ്ടാവുമെന്നാണ് വിവരം. ജഗതി ശ്രീകുമാര്‍, മുകേഷ്, സായ് കുമാര്‍, ആശാ ശരത്, സൗബിന്‍ ഷാഹിര്‍, കനിഹ തുടങ്ങി വമ്പര്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക.
32 വര്‍ഷങ്ങള്‍ക്കു മുന്‍പ്, 1988ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച സിനിമാ പരമ്പര മമ്മൂട്ടിയുടെ കരിയറിലും മലയാള സിനിമയിലും ശ്രദ്ധേയമായ സ്വാധീനമാണ് ചെലുത്തിയത്. ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ സിനിമകളാണ് ഇതുവരെ പരമ്പരയില്‍ പുറത്തിറങ്ങിയത്. ഈ സിനിമയോടെ സേതുരാമയ്യര്‍ സിബിഐ പരമ്പര അവസാനിക്കുമെന്നും സൂചനയുണ്ട്.




