Section

malabari-logo-mobile

കൃഷിക്കുള്ള നാടന്‍ വളം എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാം

HIGHLIGHTS : Fertilizer can be easily prepared at home

കൃഷിക്കുള്ള നാടന്‍ വളം എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാം

കൂടുതല്‍ വിളവിന് നിരവധി വളപ്രയോഗങ്ങള്‍ നമ്മുടെ കൃഷിയിടത്തില്‍ പ്രയോഗിക്കുന്നവരാണ് നമ്മളില്‍ ഏറെപ്പേരും. അതുകൊണ്ടുതന്നെ നമ്മുടെ കൃഷിയിടത്തില്‍ കൂടുതല്‍ വിളവ് വേഗത്തില്‍ ലഭിക്കാന്‍ ഈ വളക്കൂട്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ്. വളരെ ചിലവ് കുറഞ്ഞ ഈ നാടന്‍ വളക്കൂട്ട് ഉണ്ടാക്കിനോക്കു.

sameeksha-malabarinews

വളക്കൂട്ട് നിര്‍മ്മിക്കുവാന്‍ വേണ്ട സാധനങ്ങള്‍

മുട്ട അഞ്ച് എണ്ണം

ശര്‍ക്കര അര കിലോ

മത്തന്‍ അരക്കിലോ

വെള്ളരി അല്ലെങ്കില്‍ കുമ്പളം അരക്കിലോ

പപ്പായ അരക്കിലോ

ഏത്തപ്പഴം അല്ലെങ്കില്‍ പാളയന്‍കോടന്‍ പഴം അരക്കിലോ

ഉഴുന്ന് അല്ലെങ്കില്‍ പയര്‍ പൊടിച്ചത് അര കിലോ

നിങ്ങളുടെ വീട്ടില്‍ ചെറിയതോതില്‍ അഴുകിയ മറ്റു പഴങ്ങളും പച്ചക്കറികളും ഇതിനുവേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്.

തയ്യാറാക്കുന്ന വിധം

ചെറിയതോതില്‍ അഴുകിയ പഴങ്ങള്‍ എല്ലാംകൂടി ചെറുകഷണങ്ങളാക്കി ഒരു ബക്കറ്റില്‍ ഇടുക. ഇതിനുശേഷം മുകളില്‍ പറഞ്ഞ അരക്കിലോ പയര്‍ പൊടിച്ചത് അല്ലെങ്കില്‍ ഉഴുന്ന് ഇതിലേക്ക് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ശര്‍ക്കര രണ്ട് ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചു ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ചശേഷം മുട്ട ഓരോന്നായി പൊട്ടിച്ച് ഇതിനുമുകളില്‍ ഒഴിക്കുക. അതിനുശേഷം മിശ്രിതം ഇളക്കം തട്ടാതെ രണ്ടാഴ്ച സൂക്ഷിക്കുക. രണ്ടാഴ്ചയ്ക്കുശേഷം തുറന്ന് നന്നായി ഇളക്കി യോജിപ്പിക്കുക.

മേന്മകള്‍

നമ്മള്‍ ഉപയോഗപ്പെടുത്തുന്ന പഴങ്ങളിലും പച്ചക്കറികളിലും ഉള്ള സൂക്ഷ്മാണുകള്‍ പയര്‍ പൊടിയും ശര്‍ക്കരയും ചേര്‍ത്ത് നമ്മള്‍ തയ്യാറാക്കിയ മിശ്രിതത്തില്‍ നന്നായി പെരുകുന്നു. ഈ സൂക്ഷ്മാണുക്കള്‍ ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും, മണ്ണിന്റെ ഉര്‍വരത മെച്ചപ്പെടുത്തുവാനും മികച്ചതാണ്. ഇതിലേക്ക് ഒഴിക്കുന്ന മുട്ട കൂടുതല്‍ പോഷകാംശങ്ങള്‍ മിശ്രിതത്തില്‍ ഉണ്ടാക്കുവാന്‍ കാരണമാകുന്നു.

എങ്ങനെ ഉപയോഗിക്കാം

120 ദിവസം വരെ ഇവ കേടുകൂടാതെ സൂക്ഷിക്കാം. പത്തിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടികള്‍ക്ക് താഴെ ഒഴിച്ചു കൊടുക്കാവുന്നതാണ്. വൈകുന്നേര സമയങ്ങളില്‍ ഒഴിച്ചു കൊടുക്കുവാന്‍ പ്രത്യേകം ശ്രമിക്കുക.

അല്ലാത്തപക്ഷം ഇത് ബാഷ്പീകരിച്ചു പോകും. മിശ്രിതം ചെടികള്‍ക്ക് ചുവട്ടില്‍ ഒഴിച്ചു കൊടുത്തതിനു ശേഷം പുതയിട്ടു നല്‍കുന്നത് നല്ലതാണ്. ഈ ലായിനി മണ്ണിന്റെ പോഷക ആഗിരണ ശേഷി മെച്ചപ്പെടുത്തും. ചെടികളില്‍ കൂടുതല്‍ കായ്ഫലം ലഭ്യമാകുകയും രോഗ പ്രതിരോധശേഷി കൈവരിക്കുകയും ചെയ്യും.

കടപ്പാട് പരപ്പനാട് ഫാര്‍മേഴ്‌സ് ക്ലബ്ബ്‌

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!