HIGHLIGHTS : വെളുക്കുമ്പം കുളിക്കുവാന്‍ പോകുന്ന വഴിവക്കില്‍ 'വേലിക്കല്‍' നിന്നവളേ .....
സതീഷ് തോട്ടത്തില്‍
വെളുക്കുമ്പം കുളിക്കുവാന്‍ പോകുന്ന വഴിവക്കില്‍ ‘വേലിക്കല്‍’ നിന്നവളേ ….. ബസ് യാത്രക്കിടയില്‍ കേട്ട ഈ പാട്ട് ‘വേലി ‘യെ മനസ്സിലേക്ക് എത്തിക്കുകയായിരുന്നു… വേലിക്കല്‍ എന്ന പ്രയോഗം തന്നെയാണ് പാട്ടിലെ പ്രണയസന്ദര്‍ഭത്തെ ഒന്നുകൂടി അനുഭവിപ്പിക്കുന്നതും…. ഗൃഹാതുരത്വം ഉണര്‍ത്തുന്നവയാണ് നാട്ടിന്‍പുറത്തെ മുളയുടെ ഇല്ലികള്‍കൊണ്ടുള്ള മുള്ളുവേലികള്‍….
വികസനത്തിന്റെ കുതിപ്പില്‍ ഇതെല്ലാം പൊളിച്ചുമാറ്റിയെങ്കിലും ഒന്നുരണ്ടെണ്ണം നാട്ടിലിപ്പോഴുമുണ്ട്… അധികാരത്തിന്റെ അടയാളങ്ങള്‍ കൂടിയായിരുന്നു പല വേലികളു..ഏറ്റവും കൂടുതല്‍ വേലികളുള്ളവര്‍ സമ്പന്നരും പ്രതാപികളുമായി വാഴ്ത്തപ്പെട്ടു.. തകര്‍ന്നവേലികള്‍ പ്രതാപം നഷ്ടപ്പെട്ടവരേയും… വേലിതര്‍ക്കങ്ങളില്ലാത്ത പറമ്പുകള്‍ ചുരുക്കമായിരുന്നു ആ കാലത്ത് .കുടിപ്പകകളും കൊലപാതകങ്ങളും വരെയെത്തിവയും ധാരാളം… കോടതികളില്‍ നിന്ന് കോടതികളിലേക്ക് വ്യവഹാരങ്ങള്‍ നീണ്ട്നീണ്ട് പോയി .പലരും കേസുകള്‍ കൊണ്ട് പാപ്പരായി… നാട്ടുപണിക്കാരില്‍ വേലിപണിക്കാര്‍ വേറിട്ടുനിന്നു… വേലികെട്ടണ വാസേട്ടന്‍ വേലികെട്ടണ അയ്യപ്പേട്ടന്‍ എന്നിങ്ങനെ വിളിപേരുകളാല്‍ അറിയപ്പെട്ടു .
‘വേലിചാടുന്നവര്‍ ‘ സദാചാരവാദികള്‍ക്കെന്നും തലവേദനയായി .അസമയത്ത് വേലിചാടുന്നവര്‍ പലരും പിടിക്കപ്പെട്ടുവെങ്കിലും വേലിചാടാന്‍ മിടുക്കുള്ളവര്‍ ചാടികൊണ്ടേയിരുന്നു .തല്ല് കൂടാന്‍ വന്നപ്പോള്‍ ‘വേലിത്തറിയൂരി’ രണ്ടെണ്ണം കൊടുത്തുവെന്ന് പറയുന്നത് ഉശിരിന്റെ അടയാളമായി .ഒരു വേലിക്കപ്പുറവും ഇപ്പുറവും നിന്ന് പ്രണയിനിയികള്‍ പ്രണയവിഹ്വലതകള്‍ പങ്കുവെച്ചു..
വിഭജന കാലത്ത് വേലികൊണ്ടുള്ള വേര്‍പിരിയലുകള്‍ തീരാമുറിവുകളുണ്ടാക്കി… റാഡ്ക്ലിഫ് സായ്പ്പ് വെറും അഞ്ചാഴ്ചകള്‍ മാത്രമാണെടുത്തത് പഞ്ചാബ് -ബംഗാള്‍ അതിരുകള്‍ നിശ്ചയിക്കാന്‍ .മൂപ്പര്‍ക്ക് അതിരുകളെകുറിച്ച് ഒരു ചുക്കുമറിയാത്തത് കൊണ്ട് ഒരു ടെന്‍ഷനുമില്ലായിരുന്നു ..! പഠിക്കാത്ത കുട്ടി പരീക്ഷയെ കുറിച്ച് ബേജാറാകാത്തതു പോലെ ..!എന്തായാലും ശേഷിക്കുന്ന വേലികളെങ്കിലും കുട്ടികള്‍ക്ക് കാണിച്ചുെകൊടുക്കണം…