പരപ്പനങ്ങാടി: അടത്തുകാലത്തൊന്നും കേട്ടുകേള്‍വിയില്ലാത്ത ഒരു ആശങ്കയില്‍ ഒരു നാട്. വനപ്രദേശമല്ലാഞ്ഞിട്ടുപോലും കുറച്ചുനാളുകളായി പരപ്പനങ്ങാടി നഗരസഭയിലെ പുത്തന്‍പീടികക്ക് പടിഞ്ഞാറു വശത്തെ പ്രദേശമാകെ കുറുക്കനെ ഭയന്ന് കഴിയുകയാണ്.
പരപ്പനങ്ങാടി നഗരസഭയിലെ 28,29,30,31, 32 ഡിവഷനകളടങ്ങിയ നമ്പുളം സൗത്ത്, ടെലിഫോണ്‍ എക്‌സേഞ്ച് റോഡിലെ ആവത്താന്‍ വീട് ക്ഷേത്രപരിസരം, കാളപൂട്ട് കണ്ടം. കൂരിയില്‍ മൂല, പള്ളിപ്പുറം, ചിറമംഗലം മനയുടെ പരിസരം, പുത്തന്‍പീടികക്ക് പടിഞ്ഞാറു വശം എന്നിവിടങ്ങളിലാണ് കുറുക്കന്‍മാര്‍ വിലസുന്നത്.
ഇവ ആക്രമാസക്തമായതോടെയാണ് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിക്കുന്നത്. ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് നില്‍ക്കുമ്പോളാണ് ഉണ്ണികൃഷ്ണന്‍ എന്നയാള്‍ക്ക് കടിയേറ്റത്. ഉണ്ണിക്കൃഷ്ണന്റെ ഇരുകാലിനും കടിയേറ്റു. പള്ളിയിലേക്ക് പോകുകയായിരുന്നയാളെയും കുറുക്കന്‍ കടിച്ചു ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
ഇതോടെ കുട്ടികളെ പുറത്തവിടാനും മറ്റും ആളുകള്‍ ഭയപ്പെട്ടിരിക്കുകയാണ്.
ഇതിന് മുന്‍പ് ഈ ഭാഗത്ത് നാലോളം പശുക്കള്‍ ചത്തുപോയിരുന്നു. ഇത് കുറുക്കന്റെ കടിയേറ്റാണെന്നാണ് കരുതുന്നത്. കുറുക്കന്‍ ആക്രമിക്കാന്‍ വന്നപ്പോള്‍ ചെറുത്ത ഒരു വളര്‍ത്തുനായയും കഴിഞ്ഞ ദിവസം ചത്തിരുന്നു. ഈ ഭാഗത്തെ ആളൊഴിഞ്ഞ പറമ്പുകളും കുറ്റിക്കാടുകളുമാണ് ഇവരുടെ ആവാസകേന്ദ്രം. നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത് കുറുക്കനല്ല ഇതിനോട് സാമ്യമുള്ള കുറുനരിയാണെന്നും പറയപ്പെടുന്നുണ്ട്.
പേവിഷ ബാധക്ക് കാരണമാകുന്ന റാബീസ് വൈറസിന്റെ പ്രധാന വാഹകരാകാന്‍ കുറുക്കന് കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.നിലവില്‍ ഈ മേഖലയില്‍ വ്യാപകമായി തെരുവപട്ടികളുടെ ശല്യമുണ്ട്. പേവിഷ ബാധയേറ്റ കുറുക്കന്‍മാര്‍ തെരുവുനായക്കളെയോ മറ്റോ കടിച്ചാല്‍ അത് അതിഗൗരവമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
ഇവ സംരക്ഷിത വിഭാഗത്തില്‍ പെടുന്നവയായതിനാല്‍ ഇവയെ കൊല്ലുന്നത് കുറ്റകരമാണ്. അതുകൊണ്ട് അടിയന്തരമായി ഈ വിഷയത്തില്‍ ജില്ലാ ഭരണകൂടവും വനംവകുപ്പും ഇടപെടണമെന്ന് ആവിശ്യപ്പെട്ടിട്ടുണ്ടെന്ന് കൗണ്‍സിലര്‍ തുടിശ്ശേരി കാര്‍ത്തികേയന്‍ പറഞ്ഞു.
കുറുക്കന്റെ കടിയേറ്റവര്‍ക്കും, വളര്‍ത്തുമൃഗങ്ങള്‍ ചത്ത സംഭവത്തിലും നഗരസഭ നഷ്ടപരിഹാരം നല്‍കണമെന്ന ആവിശ്യവും ഉയര്‍ന്നിട്ടുണ്ട്.




