Section

malabari-logo-mobile

കര്‍ഷക പ്രക്ഷോഭം ഏഴാംമാസത്തിലേക്ക്; പ്രധാനമന്ത്രിയുടെ കോലം കത്തിച്ച്, കരിദിനം ആചരിച്ച് കര്‍ഷകര്‍

HIGHLIGHTS : Peasant agitation enters seventh month; Farmers burn PM's coffin and celebrate Black Day

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഏഴാം മാസത്തിലെത്തി നില്‍ക്കുന്ന ഇന്ന് പഞ്ചാബിലും ഡല്‍ഹിയിലും കര്‍ഷകര്‍ കരിദിനം ആചരിച്ചു. ഡല്‍ഹിയിലും പഞ്ചാബിലും സര്‍ക്കാരിനെതിരെ മുദ്രാവാക്ക്യങ്ങളുമായി കര്‍ഷകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. പ്രതിഷേധിക്കുന്ന കര്‍ഷകരുടെ സംയുക്ത യൂണിയനാണ് കരിദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തത്.

പഞ്ചാബിലെ പലയിടങ്ങളിലും വീടുകള്‍ക്കു മുകളില്‍ കറുത്ത പതാക ഉയര്‍ത്തിയാണ് കര്‍ഷകര്‍ കരിദിനം ആചരിച്ചത്. എന്നാല്‍ ഡല്‍ഹിയിലെ സിംഘു, ടിക്രി, ഗാസിപ്പൂര്‍ തുടങ്ങീ കര്‍ഷക പ്രക്ഷോഭ കേന്ദ്രങ്ങളില്‍ കറുത്ത പതാക ഉയര്‍ത്തിയതോടൊപ്പം പ്രധാനമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.

sameeksha-malabarinews

അതേ സമയം, പ്രക്ഷോഭ കേന്ദ്രമായ ഗാസിപ്പൂരിലും ശക്തമായ പ്രതിഷേധമാണ് കരിദിനത്തോട് അനുബന്ധിച്ച് നടന്നത്. കര്‍ഷക നേതാവ് രാകേഷ് തിക്രിതും പോലീസുമായി നേരിയ സംഘര്‍ഷം ഗാസിപ്പൂരില്‍ ഉടലെടുക്കുകയും ചെയ്തു. കര്‍ഷക പ്രസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുക, കര്‍ഷക വിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സംയുക്ത കര്‍ഷകയൂണിയന്‍ കരിദിനം ആചരിക്കുന്നത്.

പഞ്ചാബിലും ഹരിയാനയിലും ഉത്തര്‍പ്രദേശിലും ഗ്രാമങ്ങളില്‍ കര്‍ഷകര്‍ വീടുകള്‍ക്ക് മുകളിലും വാഹനങ്ങളിലും കറുത്ത പതാക ഉയര്‍ത്തിയതായി കര്‍ഷക പ്രക്ഷോഭത്തിലെ മുന്നണിനേതാവായ അവതാര്‍ സിംഹ് മേഹ്മ അറിയിച്ചു.കര്‍ഷകരുടെ പ്രക്ഷോഭം ആറുമാസത്തിലെത്തി നില്ക്കുമ്പോള്‍ ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഏഴാം വര്‍ഷം ഭരണത്തിലെത്തിയ ദിവസം കൂടിയാണ് ഇന്ന്. എന്നാല്‍ സര്‍ക്കാര്‍ തങ്ങളെ കേള്‍ക്കാന്‍ തയ്യാറാവുന്നില്ലെന്ന് കര്‍ഷക യൂണിയന്‍ നേതാവ് അഭിപ്രായപ്പെട്ടു.

കറുത്ത തലേക്കെട്ടുകളും കറുത്ത ദുപ്പട്ടകളുമായി പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നവര്‍ കരിദിനത്തില്‍ പങ്കാളികളായി. കഴിഞ്ഞ ദിവസം മുതല്‍ വന്‍ പോലീസ് സേനയെയാണ് പ്രക്ഷോഭ കേന്ദ്രങ്ങളില്‍ വിന്യസിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!