Section

malabari-logo-mobile

ഹിന്ദി ഹൃദയഭൂമി കണ്ടത്…. കര്‍ഷക ഇന്ത്യയുടെ വിസ്‌ഫോടനമാണ്.

HIGHLIGHTS : കര്‍ഷകര്‍:വിണ്ടു കീറിയ പാദങ്ങളിലേക്ക് നടന്നു തേഞ്ഞ ചെരിപ്പുകളില്‍ പറ്റിയ ചോരക്കറയാല്‍ ചേര്‍ന്നൊട്ടിപ്പോയ ഒരു ജനത. കര്‍ഷക സ്ത്രീകള്‍:മനസിന്റെ മാത...

കര്‍ഷകര്‍:വിണ്ടു കീറിയ പാദങ്ങളിലേക്ക് നടന്നു തേഞ്ഞ ചെരിപ്പുകളില്‍ പറ്റിയ ചോരക്കറയാല്‍ ചേര്‍ന്നൊട്ടിപ്പോയ ഒരു ജനത.

കര്‍ഷക സ്ത്രീകള്‍:മനസിന്റെ മാത്രമല്ല മണ്ണിന്റെ കരച്ചിലിനു കൂടി സ്വന്തം കണ്ണില്‍ നിന്നു ചുടുനീരൊഴുക്കുന്നവരാണ് അവര്‍.

sameeksha-malabarinews
ടിഷ ജോയ്

കുറച്ചു നാള്‍ മുന്‍പ് കര്‍ഷക ജനത രാജ്യത്തിന്റെ നഗര വീഥിയിലൂടെ തൊഴിലിനും,ജീവിതത്തിനുമായി നടന്നു വന്നിരുന്നു. അന്നവര്‍ വന്നത് സമരത്തിനാണ്. സമരം തന്നെ ജീവിതമാക്കിയവര്‍. ഒരുപാട് വഴിപാട് സമരങ്ങള്‍ കണ്ട് തഴമ്പിച്ചിട്ടുണ്ട് പാര്‍ലമെന്റിന് മുന്നിലേക്കു നീണ്ടു കിടക്കുന്ന റോഡുകള്‍ പലതും. എന്നാല്‍,ഒടുവിലായി നടന്ന കര്‍ഷക മാര്‍ച്ച് രാംലീല മൈതാനത്ത് നിന്നു പുറപ്പെട്ട് റാലിയുടെ മുന്നറ്റം ലക്ഷ്യസ്ഥാനമായ പാര്‍ലമെന്റ് സ്ട്രീറ്റില്‍ എത്തുമ്പോഴും അതിന്റെ ഒഴുക്ക് തുടക്ക സ്ഥലത്ത് അവസാനിച്ചിരുന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരും, കര്‍ഷകര്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്താന്‍ വന്നവരുടെ സമരവും സംഘര്‍ഷവുമായിരുന്നു അത്.
അന്നെല്ലാം ഭരണകൂടം നിസ്സംഗതയോടെ തള്ളികളഞ്ഞ,കര്‍ഷകര്‍ ആര്‍ജ്ജവത്തോടെ മുഴക്കിയ മുദ്രാവാക്യമായിരുന്നു,ഇതൊരു ജനാധിപത്യ രാജ്യമാണെന്നുള്ള ഓര്‍മപ്പെടുത്തല്‍.
ഇന്ത്യന്‍ കര്‍ഷക ജനതയുടെ അടയാളപ്പെടുത്തലും,രാഷ്ട്രീയ ബോധ്യവും രാജ്യത്തെ വരും തെരഞ്ഞെടുപ്പുകളിലും,സമരങ്ങളിലും പ്രതിഫലിക്കും എന്ന വ്യക്തമായ സൂചന അവസാനിപ്പിക്കുന്നുണ്ട്,ഹിന്ദി ഹൃദയഭൂമിയില്‍ അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍. കോടികണക്കിന് ആളുകള്‍ വിരലില്‍ ജനധിപത്യത്തെ അടയാളപ്പെടുത്തി എന്നതിനപ്പുറത്ത്, രാജ്യത്തിന്റെ കര്‍ഷക ഹൃദയങ്ങളില്‍ നടന്ന പ്രസക്തമായ അടയാപ്പെടുത്തലെന്ന നിലക്കും.
ജാതി താല്പര്യങ്ങളും,മതവും നോക്കി വോട്ട് ചെയ്തിരുന്ന ഒരു ജനത ജനാധിപത്യ പൂര്‍ണ്ണതയോടെ രാഷ്ട്രീയ മനുഷ്യനായി മാറിയെന്ന യാഥാര്‍ഥ്യവുമാണ് ഇന്ത്യന്‍ ഗ്രാമങ്ങളെ വരും തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ പ്രസക്തമാക്കുന്നത്.

ഒരേസമയം ഒരു വിഭാഗത്തിന്റെ കൈയില്‍ മാത്രമായി സമ്പത്ത് കുന്നുകൂടികൊണ്ടിരിക്കുകയും ഭൂരിപക്ഷ ജനത പാപ്പരീകരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയില്‍ ഇന്ത്യന്‍ ഗ്രാമങ്ങള്‍ വലിയ പട്ടിണി മരണങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നുള്ള,കിസ്സാന്‍ സഭയുടെ എ ആര്‍ സിന്ധുവിന്റെ നിരീക്ഷണത്തെ നിസാരവല്‍ക്കരിക്കുക എളുപ്പമല്ല.
ചൂഷണത്തിനെതിരെ ഗ്രാമങ്ങള്‍ ഇളകി വന്ന ചരിത്രം ഇന്ത്യന്‍ വഴികളില്‍ ഒട്ടേറെ ഉണ്ട്. അത്തരത്തില്‍ ഒന്ന് ഇനിയും സംഭവിച്ചാല്‍ അതിനെ പറയാന്‍ വിസ്ഫോടനം എന്ന വാക്ക് തന്നെ. തികയാതെ വരും. അത് കണ്ണീര്‍പ്പാടം വിട്ട് കരേറി വരുന്നവന്റെ വിസ്ഫോടനമാകും .

കര്‍ഷക സമരത്തെ അഭിവാദ്യം ചെയ്തുകൊണ്ട് രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയില്‍ നിന്നും എത്തിയ പലഭാഷ സംസാരിക്കുന്ന,പല നിറവും അഭിരുചിയുമുള്ള ഒരു ജനത ഒന്നായി നടന്ന് ഒരൊറ്റ ഇന്ത്യക്കായി വിളിച്ച ഓരോ മുദ്രാവാക്യവും ജനാധിപത്യ ഇന്ത്യ ഹൃദയത്തില്‍ പേറിയ കാഴ്ചയാണ് ഗ്രാമങ്ങളില്‍ നിന്ന് ഇ വി എം വഴി വരുന്ന ജനാധിപത്യ ബോധ്യങ്ങള്‍.
കര്‍ഷക ഗ്രാമങ്ങള്‍ വിധിയെഴുതിയത് ഇപ്രാകാരമാണ്.

മധ്യപ്രദേശ്( ബി ജെ പി-86),  (കോണ്‍ഗ്രസ്സ്   94)
രാജസ്ഥാന്‍ ( ബി ജെ പി-56), (കോണ്‍ഗ്രസ്സ് 86)
ഛത്തീസ്ഗഡ്  ( ബി ജെ പി-56),(കോണ്‍ഗ്രസ്സ് 58)

കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക,സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുമായി നാസിക്കില്‍ നിന്നും മുംബൈയിലേക്ക് 180 ഓളം കിലോമീറ്ററുകള്‍, അഞ്ച് ദിവസം കൊണ്ട് നടന്നു തീര്‍ത്ത വിണ്ടു കീറിയ കാല്‍ പാദങ്ങള്‍ പതിഞ്ഞ മണ്ണില്‍ എത്ര വലിയ പ്രതിമ നിര്‍മ്മിച്ചാലും മണ്ണിനോട് ചേര്‍ന്നൊട്ടിയ രക്തക്കറ മായ്ക്കാന്‍ കഴിയാത്തവയാണെന്ന് കാലം വ്യക്തമാക്കിയിരിക്കുന്നു.
നഗര ഗ്രാമങ്ങളില്‍ നിന്നും വിണ്ടു കീറിയ കാലില്‍ കഴുകികളായാനാകാത്ത വിധം ശരീരത്തോട് ചേര്‍ന്നൊട്ടിയ രക്തക്കറക്കൊപ്പം ആ മനുഷ്യര്‍ വീട്ടിലേക്ക് കൊണ്ടുപോയത് ഇന്ത്യന്‍ ജനാധിപത്യത്തെ കൂടെയായിരുന്നു എന്നതിനുള്ള നേര്‍ സാക്ഷ്യമാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകള്‍ കാണിക്കുന്നത്. ഒപ്പം വരാനിരിക്കുന്ന ലോക് സഭ തിരഞ്ഞെടുപ്പിന്റെ ചിത്രം എപ്രകാരമാകുമെന്നുള്ള വ്യക്തമായ സൂചനകൂടെയാണ് വിജയ പരാജയങ്ങളുടെ കണക്കുകള്‍ കാണിക്കുന്നത്.

മാറുന്ന ഇന്ത്യന്‍ കര്‍ഷക സ്ത്രീ
കൃഷിക്കും സൈ്വര്യ ജീവിതത്തിനും വേണ്ടി തെരുവിലിറങ്ങി മുഷ്ടിചുരുട്ടേണ്ടി വന്ന സ്ത്രീജനത ലോകത്തില്‍ ആദ്യത്തെ സംഭവമല്ല. എങ്കിലും ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ,സ്ത്രീ സമൂഹത്തിന് തൊഴിലിടങ്ങളും,ജീവിതവും വിട്ട് തെരുവിലിറങ്ങേണ്ടി വന്നത് സാഹചര്യത്തിന്റെ അനിവാര്യതയാണ്. ഭരണകൂടം നോട്ട് നിരോധനത്തിലൂടെയും,ഇന്ധന വില വര്‍ദ്ധനവിലൂടെയും,സാമ്പത്തിക നയങ്ങളിലൂടെയും അത്രമേല്‍ പ്രഹരം ഗ്രാമങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നു.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ സ്ത്രീ ജീവിതത്തെ ആവിഷ്‌ക്കരിക്കാന്‍ മറ്റ് ഇന്ത്യന്‍ മാതൃകകളില്ല. അത്രത്തോളം പരിതാപകരമാണ്. ഗ്രാമങ്ങളിലെ ജന ജീവിതത്തെ ഇപ്രകാരം തരംതിരിക്കാം
അര പട്ടിണിക്കാരും,മുഴുപട്ടിണിക്കാരും എന്ന്. ഇതാണ് ഇന്ത്യന്‍ ഗ്രാമീണ ജീവിതം. ഈ ദുരിതങ്ങള്‍ പുരുഷനേക്കാള്‍ ഏറെ അനുഭവിക്കേണ്ടി വരുന്നതും,അതിന് ഇരകളാകുന്നതും സ്ത്രീകള്‍ തന്നെ.
ജീവിതത്തില്‍ കരയാന്‍ പോലും അവകാശം ഇല്ലാതായ ആത്മാവില്ലാത്ത നിഴല്‍ രൂപങ്ങളെയല്ലാതെ, ഇന്നും ഡിജിറ്റല്‍ ഇന്ത്യയുടെ ഗ്രാമങ്ങളില്‍ സ്ത്രീ ജീവിതം ഇല്ല എന്നതാണ് യാഥാര്‍ഥ്യം.
അത്തരമൊരു അവസ്ഥയില്‍ നിന്നാണ് കിസ്സാന്‍ സഭയുടെയും മറ്റ് കര്‍ഷക സംഘടനകളുടെയും ചേര്‍ന്നുള്ള പ്രവര്‍ത്തന ഫലമായി,ഇന്ത്യന്‍ ഗ്രാമങ്ങള്‍ കാലങ്ങളായി തിരിച്ചറിയ പെടാതെ പോയ അവകാശങ്ങളെയും ജനാധിപത്യ ധാരകളെയും കുറിച്ചുള്ള ബോധം പുതു നാമ്പായി ഒരു ജനതക്കുള്ളില്‍ വേരാഴ്ത്തുന്നത്. തല്‍ഫലമായി,തുടര്‍ച്ചയായി ഉണ്ടായ സമരങ്ങള്‍ ഗ്രാമീണ കര്‍ഷക സ്ത്രീ ബോധത്തെ ഉഴുതു മറിക്കുന്നതായിരുന്നു. അതിന്റെ ഏറ്റവും തെളിവാണ് ഒരു കാലത്തും ഇല്ലാത്ത രീതിയിലുള്ള സ്ത്രീകളുടെ സമര സാന്നിധ്യം. അവര്‍ അവശേഷിപ്പിച്ച മുദ്രാവാക്ക്യം തളം കെട്ടികിടക്കുന്നുണ്ട് ഇന്നും ഗ്രാമീണ ഇന്ത്യയില്‍.

പേരും,ചരിത്രവും മാറ്റിയിട്ടും പെട്ടിയില്‍ വോട്ട് വീണില്ല.

സംഘ്പരിവാര്‍ വിഭാവനം ചെയ്യുന്ന ഹിന്ദുസ്ഥാന്‍. രാജ്യത്തിന്റ ഓരം ചേര്‍ന്ന്് ഉണ്ടാക്കി കൊണ്ടുവരുന്നുണ്ടവര്‍. തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച രീതിയില്‍ രാജ്യത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ് യോഗി ആദിത്യനാഥ് എന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി.

അലഹാബാദിനെ പ്രയാഗ് രാജ് എന്നും, ഫൈസാബാദിനെ അയോധ്യ എന്നുമാണ് മാറ്റിയത്. ഇതേ രീതിയില്‍ അഹമ്മദാബാദിന്റേയും ഔറംഗാബാദിന്റേയും ഹൈദരാബാദിന്റേയും ആഗ്രയുടേയും പേരുമാറ്റാന്‍ ഒരുങ്ങുകയാണ് സംഘപരിവാര്‍. ആഗ്രയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എം എല്‍ എ ജഗന്‍ പ്രസാദ് ഗാര്‍ഗും രംഗത്ത് വന്ന വന്നിട്ടുണ്ട്. ആഗ്രയെ ‘ആഗ്രവാന്‍’ എന്നോ ‘അഗര്‍വാള്‍’ എന്നോ പുനര്‍നാമകരണം ചെയ്യണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

ശ്രീ നാരായണ ഗുരുവിനെയും, അംബേദ്്ക്കറിനേയും പോലുള്ളവരെ ഹിന്ദുവാക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ച് നടക്കുന്നതും രാജ്യം കാണുന്നുണ്ട്. ഒടുവിലായി സംഭവിച്ച ബുലങ് ശഹറിലെ ആള്‍കൂട്ട ആക്രമണങ്ങളും കൊലപാതകവും രാജ്യത്തിന് പുറത്തും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ബുലങ് ശഹറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 27 വയസ്സുള്ള സമീപവാസിയും,സുബോദ് കുമാര്‍ എന്ന പൊലീസ് ഇന്‍സ്‌പെക്റ്ററുമാണ്. ഈ ദിവസങ്ങളിലെ രാത്രിയില്‍ ഗൊരഖ്പൂരില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആസ്വാദിക്കുന്ന യോഗിയെയാണ് കണ്ടത്. പശുവിലൂടെയും,അയോദ്ധ്യയിലൂടെയും വോട്ട് നിറക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിന് പുറമെയും. സാധാരണക്കാരന്റെ ജീവിത പ്രശ്‌നങ്ങള്‍ ഇന്ത്യ ചര്‍ച്ച ചെയ്തിട്ട് എത്രയോ കാലങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മനുഷ്യനേക്കാള്‍ പശുവിന് പ്രാധാന്യമുള്ള ഒരു നാട്ടില്‍ വില കുറഞ്ഞ ഒരു ചിന്തയാണ് എന്നാല്‍ കൂടി.

കര്‍ഷക പ്രതീക്ഷ.
ആത്മഹത്യയ്ക്കും ജീവിതത്തിനും ഇടയില്‍ നിന്നു സമരത്തിലേക്ക് വരുന്ന ഓരോ കര്‍ഷകനേയും വൈകിയാണെങ്കിലും രാജ്യം അഭിവാദ്യം ചെയ്യുന്ന നിലയുണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ട് കര്‍ഷകര്‍.
എങ്ങിനെ ഭരിക്കപ്പെടണം എന്ന അജണ്ട തീരുമാനിക്കുന്നത് വരും നാളുകളില്‍ ജനങ്ങള്‍ തന്നെയാകും എന്ന പ്രതീക്ഷക്കാണ് തറക്കല്ലിട്ട് കഴിഞ്ഞത്.

തൊഴിലാളികളെയും,കര്‍ഷകരെയും,സ്ത്രീകളെയും,വിദ്യാര്‍ത്ഥികളെയും കൂട്ടിയോജിപ്പിക്കുന്നതാണ് ജന്‍ ഏകത ജന്‍ അധികാര്‍ ആന്ദോളന്‍. ഇത് നേരത്തെ ഉണ്ടായിരുന്ന നാഷണല്‍ പ്ലാറ്റ് ഫോം ഓഫ് മാസ്സ് ഓര്‍ഗനൈസേഷനേക്കാളും വിപുലമായിട്ട്,ഏതാണ്ട് നൂറിലധികം സംഘടനകളും 20 കോടി അംഗസംഖ്യയുമുള്ള ഒരു പ്ലാറ്റ് ഫോമായി മാറ്റിയിട്ടുണ്ട് കിസ്സാന്‍ സഭയുടെ നേതൃത്വത്തില്‍.

‘തുറന്നു കാട്ടുക

പ്രതിരോധിക്കുക’

എന്നായിരുന്നു അതിന്റെ മുദ്രാവാക്ക്യം തന്നെ അതിന്റെ ഒരു തുടര്‍ച്ചയാണ് ഈ ജനകീയ മുന്നേറ്റങ്ങള്‍ എന്ന് കാണാവുന്നതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!