ഫാനി ശക്തമായ മഴ,കാറ്റ്;എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മലപ്പുറം: ‘ഫാനി’ചുഴലി കാറ്റിന്റെ പ്രഭാവം മൂലം കേരളത്തില്‍ വിവിധയിടങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളം ഫോനി ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ ഇല്ല. എന്നാല്‍ ചില ജില്ലകളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഏപ്രില്‍ 30ന് കേരളത്തില്‍ ശക്തമായ കാറ്റ് (മണിക്കൂറില്‍ 40 -50 കിലോമീറ്റര്‍ വരെ വേഗത്തില്‍, ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും) വീശാന്‍ സാധ്യത ഉണ്ട്.
കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഏപ്രില്‍ 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 30 ന് എറണാകുളം, മലപ്പുറം, വയനാട് (ശക്തമായ മഴ) എന്നി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തില്‍ ഏപ്രില്‍ 30 വരെ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മല്‍സ്യതൊഴിലാളികള്‍ 30 വരെ പോകാന്‍ പാടില്ല. ഇതേ കാലയളവില്‍ കേരളതീരം പ്രക്ഷുബ്ധമായതിനാല്‍ കേരള തീരത്തും മത്സ്യ ബന്ധനത്തിന് പോകരുത്. ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ തീരത്തേക്ക് എത്തിചേരണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെയും ഇടയിലായി രൂപംകൊണ്ട’ഫാനി’ ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു കൊണ്ട് മണിക്കൂറില്‍ നാലു കിലോമീറ്റര്‍ വേഗതയില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് ഇന്ത്യന്‍ സമയം രാവിലെ 8.30 നോട് കൂടി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ ചെന്നൈയില്‍ നിന്ന് 870 കിലോമീറ്ററും ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തില്‍ നിന്ന് 1040 കിലോമീറ്റര്‍ ദൂരത്തിലുമാണ് നിലവില്‍ ഫോനി എത്തിയത്.

കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അതിതീവ്ര ചുഴലിക്കാറ്റായും മാറുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. മേയ് ഒന്നു വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ‘ഫോനി’ അതിന് ശേഷം വടക്ക് കിഴക്ക് ദിശയില്‍ മാറി സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Share news
error: Content is protected !!
Scroll to Top