ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ടു, 29നും 30നും ശക്തമായ മഴയ്ക്ക് സാധ്യത;മത്സ്യത്തൊഴിലാളികള്‍ക്കും തീരവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം:തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ‘ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് തമിഴ്നാട്-ആന്ധ്ര തീരത്തെ ലക്ഷ്യമാക്കി ബംഗാള്‍ ഉള്‍ക്കടലിലൂടെ മുന്നേറും. പിന്നീടുള്ള 24 മണിക്കൂറില്‍ ഒരു തീവ്ര ചുഴലിക്കാറ്റായി മാറുന്ന സിസ്റ്റം ഏപ്രില്‍ 30 നോട് കൂടി അതിതീവ്ര ചുഴലിക്കാറ്റായി മാറുകയും ഏപ്രില്‍ 30 ന് തമിഴ്നാട്-ആന്ധ്ര തീരത്തോട് അടുത്ത് എത്താനുള്ള സാധ്യതയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഏപ്രില്‍ 29, 30 ദിവസങ്ങളില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചു. ഏപ്രില്‍ 29ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ഏപ്രില്‍ 30 ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ 28ന് രാവിലെ മുതല്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും 29, 30 തീയതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയിലും ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കേരളതീരത്തും ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുത്. ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ ഏപ്രില്‍ 28 ന് മുമ്പായി തീരത്ത് തിരിച്ചെത്തണമെന്ന് കര്‍ശന നിര്‍ദേശവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

Share news
error: Content is protected !!
Scroll to Top