Section

malabari-logo-mobile

ഒരു ചുംബനത്തിന്റെ കടം: നിയാസ്.പി. മുരളി എഴുതുന്നു

HIGHLIGHTS : പൊള്ളുന്ന അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയായി നിയാസ് പി. മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ് ‘മോന് വിശക്കുന്നുണ്ടോ?’ മെഡിക്കല്‍ കോളേജിന്റെ മെയിന്‍ ...

പൊള്ളുന്ന അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയായി നിയാസ് പി. മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

‘മോന് വിശക്കുന്നുണ്ടോ?’
മെഡിക്കല്‍ കോളേജിന്റെ മെയിന്‍ ഗേറ്റിന്റെ മുന്നിലുള്ള തട്ടുകടയില്‍ ആളുകള്‍ തിന്നുന്നത് നോക്കി നിന്ന പത്ത് വയസ്സുകാരന്‍ ചെക്കനോട്. കറുത്ത് തടിച്ച, മുല്ലപ്പൂ ചൂടിയ, വലിയ പൊട്ട് കുത്തിയ, ചുവന്ന പൂക്കളുള്ള സാരി ധരിച്ച ഒരു പെണ്ണ് കയ്യിലുള്ള പാത്രം നീട്ടി ചോദിച്ചു…
സമയം രാത്രി പത്തര കഴിഞ്ഞിട്ടുണ്ടാവും…
ഉമ്മ ഉറങ്ങിയ സമയം നോക്കി അലഞ്ഞു തിരിയാന്‍ പുറത്തിറങ്ങിയതാണ്…
എന്തു കൊണ്ടോ വേണ്ടെന്ന് പറയാന്‍ എന്റെ മനസ്സും വയറും അനുവദിച്ചില്ല…
അവര്‍ നീട്ടിയ പാത്രവും പിടിച്ചു നിന്ന എന്നെയും കൊണ്ട് അവര്‍ അടുത്തുള്ള സ്റ്റൂളില്‍ ഇരുന്നു….

sameeksha-malabarinews

‘മോന്റെ വീടെവിടെ? ‘

ചപ്പാത്തി മുറിച്ച് തൊള്ളയില്‍ വെച്ചുകൊണ്ട് അവര്‍ എന്നോട് ചോദിച്ചു…
‘പരപ്പനങ്ങാടി’
‘ഇവടെ ആരാ ള്ളത്’?
‘അമ്മ’
‘വേറെ ആരും കൂടെല്യ?
ഇല്ലെന്ന് ഞാന്‍ തലയാട്ടി…

തിന്ന് കൊണ്ട് ഓര് ഓരോ ചോദ്യങ്ങള്‍ ചോദിച്ചു..
തിന്ന് കൊണ്ട് ഞാന്‍ ഉത്തരങ്ങളും പറഞ്ഞു…

തിന്ന് കഴിഞ്ഞ് പാത്രം കൊടുത്ത്,
എന്റെ കയ്യും പിടിച്ച് അവര്‍ നടന്നു…

‘ഏതാടി ഉഷേ ഈ ചെക്കന്‍’?
മെയിന്‍ ഗേറ്റിന് മുമ്പില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്നാണ്..

‘അറിഞ്ഞിട്ടപ്പോ ന്ത് വേണം’

ഒരു ചെറച്ച മറുപടിയും കൊടുത്ത് അവര്‍ പിന്നെയും നടന്നു…

‘ഏത് വാര്‍ഡിലാ’…?

‘പതിനൊന്നില്’

ഒരു നേരം കഴിഞ്ഞാല്‍ ഗേറ്റ് തുറക്കാത്ത തടിയന്‍ സെക്യൂരിറ്റി, ഗ്രില്ല് പാതി തുറന്ന് തന്നു…

വരാന്തയിലും വാര്‍ഡുകളിലും നിറച്ചും ആളുകള്‍..
ചിലര്‍ ഇരുന്നുറങ്ങുന്നു…
ചിലര്‍ പായ പങ്കുവെച്ച് കിടക്കുന്നു…
കാലിളകിയ ബെഞ്ചില്‍ കൊതുകിനോട് തല്ലു കൂടി ചിലര്‍…
കട്ടിലില്‍ വരാനുള്ള ആരെയോ കാത്ത് മുകളിലേക്ക് നോക്കി കിടക്കുന്നവര്‍…
നടുമുറ്റത്തെ ഇരുട്ടില്‍ ബീഡി പങ്കുവെച്ചു വലിക്കുന്നവര്‍…
ക്ലോറിന്റെയും
മരുന്നിന്റെയും മണം അന്തരീക്ഷത്തില്‍ പാറി നടക്കുന്നു…

ഉമ്മ;
മയക്കത്തിലാണ്….
ഒരു ഭാഗത്തേക്ക് ചെരിഞ്ഞ്..
കൂനിക്കൂനി…
മരുന്നിന്റെ ക്ഷീണമാവും….
ഒരു കട്ടിലിന്റെ തുമ്പ് കിട്ടിയിട്ടുണ്ട്…
മെലിഞ്ഞതായത് കൊണ്ട് ഇത്തിരി സ്ഥലം മതി…
ബാക്കിയുള്ളത് കൂടി അപ്പുറത്ത് കിടക്കുന്നയാള്‍ എടുത്ത് കഴിഞ്ഞു…

‘ഉമ്മാ’
ഞാന്‍ തട്ടി വിളിച്ചു…

കണ്ണ് തുറന്ന് എന്നെ നോക്കി ഒരു ചിരി ചിരിച്ച് ഇടത് കൈ കൊണ്ട് എന്റെ കവിളില്‍ തലോടി, വലംകൈ കുത്തി ഉമ്മ എണീറ്റു…
‘ഞാന് ഒന്ന് മയങ്ങി പ്പോയി…’
ഉമ്മ പറഞ്ഞു…
‘ഉമ്മാ ഇവരാ ന്ക്കി ചായ വാങ്ങി തന്നത്..’
കട്ടിലിന്റെ തലക്കല്‍ നിന്ന ഉഷേച്ചിയെ ചൂണ്ടി ഞാന്‍ പറഞ്ഞു…
ഭക്ഷണത്തിന് മതമില്ലെന്ന് ആദ്യമേ എന്നെ പഠിപ്പിച്ച ഉമ്മ അവരെ നോക്കി ചിരിച്ചു…
അവരും…!

അത് സവിശേഷമായ ഒരു സുഹൃദ്ബന്ധത്തിന്റെ ആരംഭമായിരുന്നു….
എനിക്കിപ്പോഴും പിടികിട്ടാത്ത വ്യക്തിബന്ധങ്ങളുടെയും മനസ്സുകളുടെയും ചില കെട്ടുപാടുകളെ കുറിച്ച് ബോധവാനാക്കുന്ന ബന്ധത്തിന്റെ ആരംഭം…

എന്നെ ഉമ്മയുടെ അടുത്താക്കി, അവര്‍ ഉമ്മയുടെ ചെവിട്ടിലെന്തോ പറഞ്ഞു…

ഉമ്മാക്ക് കിട്ടിയ ബണ്ണിന്റെ ഒരു ചെറിയ കഷ്ണം വലിച്ചു കൊണ്ട് പോകുന്ന ഉറുമ്പുകളില്‍ കണ്ണിടുക്കി ഞാനത് കേട്ടില്ല…

അവര്‍ യാത്ര പറഞ്ഞു പോയതും ഉമ്മ കിടന്നിരുന്ന കട്ടിലില്‍ ഒന്ന് കൂടി ഒതുങ്ങി,
മെലിഞ്ഞ വയറിലേക്ക് എന്നെ ഒതുക്കി, ഇടംകൈ കൊണ്ട് കെട്ടിപ്പിടിച്ച് കിടന്നു….
‘ഹാ..
എത്ര മനോഹരം…
ഈ ലോകത്ത് ഇത്ര സുഖമുള്ള മറ്റൊരു കിടക്കയുണ്ടോ?
സുരക്ഷിതത്വം?
സാന്ത്വനം?
ഞാന്‍ സുഖമായി ഉറങ്ങി….

പിറ്റേന്ന് പകലില്‍ നേരത്തെ അവര്‍ വന്നു…
കയ്യില്‍ ഒരു തൂക്കുപാത്രം നിറയെ കഞ്ഞിയുമായി…
എന്റെയും ഉമ്മയുടെയും വസ്ത്രങ്ങള്‍ മുഴുവന്‍ അലക്കി വിരിച്ച്,
ഉണങ്ങിയാല്‍ എടുത്തുവെക്കാന്‍ എന്നെ ഓര്‍മ്മിപ്പിച്ച് വൈകുന്നേരം വരെ ഇരുന്ന് അവര്‍ മടങ്ങി…
അവിടെ ഞങ്ങള്‍ നിന്ന എട്ടു ദിവസവും ഒരു ദിനചര്യപോലെ അവര്‍ വന്നു…

ഡിസ്ചാര്‍ജ് ആയി ആദ്യം ഞങ്ങള്‍ പോയത്;
മെഡിക്കല്‍ കോളജ് സിഎച്ച് സെന്ററിന്റെ (ഇപ്പോള്‍) താഴത്തുള്ള അവരുടെ വീട്ടിലേക്കാണ്…
ഓല മേഞ്ഞ,
കുമ്മായം പൂശിയ,
ചാണകം മെഴുകിയ ഒരു ചെറിയ വീട്….

‘ലളിത ല്ലേ’?
ഓള് പറഞ്ഞീനി..
ജ്ജ് ഇരിക്കി’

മുന്നിലെ ആലയില്‍ നിന്ന് ഒരു മുണ്ട് ഉടുത്ത്, അതിന്റെ തല ബ്ലൗസിനുള്ളില്‍ തിരുകിയ രൂപം പറഞ്ഞു കൊണ്ട് പുറത്ത് വന്നു…
ആല കഴുകുകയായിരിക്കണം…
പിന്നീടും പല രൂപങ്ങള്‍ ആ വീട്ടില്‍ നിന്ന് പുറത്ത് വന്നു കൊണ്ടിരുന്നു…
ആറോ ഏഴോ പേര്…
അവരൊക്കെ ഞങ്ങളോട് ചിരിച്ചു വര്‍ത്താനം പറഞ്ഞു കൊണ്ടിരുന്നു….

കുറച്ചു കഴിഞ്ഞപ്പോള്‍ ഉഷേച്ചി വന്നു…
ചായ കുടിച്ചു….
ഞങ്ങളെ ബസ് കേറ്റി വിട്ടു….

പിന്നീട് പലവട്ടം ഞങ്ങള്‍ ആ വീട്ടില്‍ പോയി…
അവര്‍ ഞങ്ങളുടെ വീട്ടിലും വന്നു…
പിന്നീട് ഉമ്മ മെഡിക്കല്‍ കോളേജില്‍ കിടക്കുമ്പോഴൊന്നും കൂടെ ആളില്ലെന്ന ഒരു പ്രശ്നം ഞങ്ങള്‍ നേരിട്ടില്ല….

ആ വീട്ടില്‍ പോകുമ്പോഴൊക്കെ ശ്രദ്ധിച്ച കാര്യം രാത്രി ഒമ്പത് മണിയോടെ വീട്ടില്‍ നിന്ന് അപ്രത്യക്ഷയാവുന്ന അവര്‍ പിറ്റേന്ന് രാവിലെ തിരിച്ചെത്തും…

പിന്നീട് കുറച്ചു കൂടി വലുതായി,
ഉമ്മയോട് ഇതേ പറ്റി ചോദിച്ചപ്പോള്‍ ഉമ്മയാണ് പറഞ്ഞത്;
അവര്‍ ശരീരം വിറ്റ് ജീവിക്കുന്നവരാണ് എന്ന്….

ശരീരം വിറ്റ് ജീവിക്കുന്നവള്‍!
വേശ്യ!

ആ വാക്കുകള്‍ എന്റെ തലക്കുള്ളില്‍ അലയടിച്ചു…
എനിക്കത് ഷോക്കായി..
അത് വെറുപ്പായി….
അവര്‍ എന്റെ അടുത്ത് വരുന്നത്;
ആ വീട്ടില്‍ പോകുന്നത്…;
അവര്‍ എന്റെ വീട്ടില്‍ വരുന്നത്…;
ഉമ്മ അവരോട് സംസാരിക്കുന്നത്…
അങ്ങനെ എല്ലാതരത്തിലും
ആ ബന്ധത്തെ എനിക്ക് ദേഷ്യമായി….
ക്രമേണ അത് അവര്‍ക്കും മനസ്സിലായി എന്ന് തോന്നി…

ഇടക്ക് അവര്‍ക്ക് സുഖമില്ലെന്നറിഞ്ഞു ഉമ്മ കാണാന്‍ പോയി മടങ്ങി വന്ന് എന്നോട് പറഞ്ഞു…
അവര്‍ക്ക് ഒന്ന് കൂടി കാണാന്‍ ആഗ്രഹമുണ്ടെന്ന്…
ആ വാക്കുകള്‍ കേള്‍ക്കാത്ത പോലെ ഞാന്‍ തള്ളിക്കളഞ്ഞു…..

അങ്ങനെയിരിക്കെ ഒരു ദിവസ്സം വടക്കീലേക്ക് ഒരു കാള്‍ വന്നു….
ഉഷേച്ചി മരിച്ചുവെന്ന്…
പെട്ടന്ന് തളര്‍ന്ന് വീണ് ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു…
ഉമ്മയുടെ നിര്‍ബന്ധം കൊണ്ട് അവസാനം ഞാനും കൂടെ പോയി…
മൃതശരീരം കാണാതെ റോഡില്‍ അലഞ്ഞു തിരിഞ്ഞു…
പണ്ട് പത്തുവയസ്സുകാരന്‍ അലഞ്ഞു തിരിഞ്ഞ പോലെ….

എല്ലാം കഴിഞ്ഞ അന്ന്
വൈകുന്നേരം ഉമ്മ എന്നെ അടുത്ത് പിടിച്ചിരുത്തി…

‘ഒരാള് ഭൂമിയില്‍ പിറക്കുന്നതെങ്ങിന്യ?
എന്തിനാ?

‘ന് ക്കറീല’
ഞാന്‍ കട്ടക്കലിപ്പില്‍ തന്നെ…

ഓരോ ആള്‍ക്കാരും ജനിക്കുമ്പോ എന്ത് രസാണ്…
നല്ല ചിരി..
നല്ല മൊഖം…
നല്ല ശരീരം…
ഒന്നും അറിയാതെ ഇങ്ങനെ ചിരിച്ചോണ്ടിരിക്കും…
ഓരോ ആള്‍ക്കാരും ഓരോരുത്തരെ വളരണ സാഹചര്യത്തിലാ എത്തിപ്പെടാ….
മ്മളെ ഉഷക്കും അച്ഛനും അമ്മയും ഇല്യാ..
തെരൂലാ വളര്‍ന്നത്…
അതോണ്ടാവും ഇങ്ങനെ.
ഓര് വളര്‍ന്നതൊക്കെ അങ്ങനത്തെ സാഹചര്യത്തിലാ.’

‘അപ്പൊ ആ വീട്ടിലിള്ള മറ്റുള്ളോര് ഒരെ ആരോല്ല?’

‘അല്ല…
എല്ലാത്തിനും ഓരോ സ്ഥലത്തിന്ന് കൊണ്ടൊന്ന് കൂടെ താമസിപ്പിച്ചതാ…’
ഓര് ഞമ്മളെ നോക്കിയ പോലെ തന്നെ മെഡിക്കല്‍ കോളേജില് പല രോഗ്യളെയും നോക്കിണ്ട്…
ഒന്നും പ്രതീക്ഷിച്ചല്ല….
ന്നാലും…
ആള്‍ക്കൊരോക്കെ ഉള്ളിലാണ് കെടക്കിനത്…
പുറത്തുള്ളതൊക്കെ വെറും കാഴ്ച….’

നിനക്കറിയോ?
നിന്റെ കയ്യും പിടിച്ച് എന്റെ മുന്നിലേക്ക് ആദ്യായി അവര് വന്നപ്പോ ചെവിട്ടില്‍ പറഞ്ഞത്;
അന്നെയും നോക്കി ചില സ്വവര്‍ഗലൈംഗികക്കാര്‍ അവിടെ ചുറ്റിപ്പറ്റുന്നുണ്ടായിരുന്നു…
അതാണ് നിന്നെ വേഗം എന്റെ അടുത്തെത്തിച്ചത്…’

എന്റെ കവിളിലൂടെ കണ്ണീര്‍ ഒലിച്ചിറങ്ങി…
കരിവീട്ടി പോലുള്ള ആ കവിളത്ത് ഒരിക്കല്‍ കൂടി ഉമ്മ കൊടുക്കാന്‍ ഞാന്‍ കൊതിച്ചു….

പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം എനിക്കേറെ പ്രിയപ്പെട്ട
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബര സ്മരണയില്‍
ഒരര്‍ദ്ധരാത്രി ബസ്സ്റ്റാന്‍ഡില്‍ കണ്ട വേശ്യയുമായി സ്വന്തം വീട്ടില്‍ കയറിവന്ന ചുളിക്കാടിനോട് വിജയലക്ഷ്മി ദേഷ്യപ്പെടുന്നതും
അവസാനം ഒരു മുറിയൊരുക്കി രാവിലെ ഒരു രാത്രിയുടെ ചിലവും നല്‍കി അവര്‍ യാത്രയയക്കുന്നതും ബന്ധങ്ങള്‍ എന്നത് ഒരിക്കലും നമ്മുടെ സാമാന്യ ബുദ്ധി കൊണ്ട് നിര്‍ണയിക്കാന്‍ പറ്റുന്നതല്ല എന്നും വിശപ്പാണ് യഥാര്‍ത്ഥ സത്യം എന്നും ബോധ്യപ്പെടുത്തുന്നു…

എന്റെ മതതത്തിന്റേതാണ് ദൈവം എന്ന് അലമുറയിടുന്നവരോട്…എന്റെ മുന്നില്‍ ഇവരൊക്കെയാണ് ദൈവങ്ങള്‍….
നന്മ പൂക്കുന്ന ദൈവങ്ങള്‍….
നൗഷാദിനെ പോലെ …
ലിനിയെ പോലെ….
ചിലരെങ്കിലും അതോര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു….

ഇനി ഒരിക്കലും നല്‍കാനാവാത്ത ആ ചുംബനത്തിന്റെ ഓര്‍മയ്ക്ക്…..

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!