പള്‍സ് ഓക്‌സി മീറ്ററിന് അമിത വില

കോഴിക്കോട്: കോവിഡ് രോഗികളില്‍ ഓക്‌സിജന്റെ അളവ് പരിശോധിക്കാനുള്ള പള്‍സ് ഓക്‌സി മീറ്ററിന് അമിത വില ഈടാക്കുന്നു. കോവിഡ് ആദ്യ തരംഗ സമയത്ത് 650 രൂപയ്ക്ക് വിറ്റതിനിപ്പോള്‍ 2000 രൂപ വരെയായി. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ഓക്‌സി മീറ്റര്‍ ഇറക്കുമതി കുറയുകയും ചെയ്ത സാഹചര്യത്തില്‍ ഓക്‌സി മീറ്ററിന് വലിയ ക്ഷാമം നേരിടുകയാണ്. ഈ സാഹചര്യത്തെ മുതലെടുക്കുകയാണ് ഡീലര്‍മാരും വിതരണക്കാരും.

ചൈനയില്‍ നിന്നാണ് പ്രധാനമായും പള്‍സ് ഓക്‌സി മീറ്റര്‍ ഇറക്കുമതി ചെയ്യുന്നത്. ഉത്തരേന്ത്യയിലെ ഡീലര്‍മാരാണ് കേരളമുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഇതെത്തിക്കുന്നത്. നേരത്തെ കുറഞ്ഞ വിലയ്ക്ക് ലഭിച്ച സ്‌റ്റോക്കുകളാണ് സാഹചര്യം മറയാക്കി രണ്ടിരട്ടി കൂട്ടി വില്‍ക്കുന്നത്. മെഡിക്കല്‍ ഷോപ്പുകളിലെത്തുന്ന സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലധികം വിലയ്ക്കാണ് നിലവില്‍ ഓക്‌സി മീറ്ററുകളുടെ വില്പന.

അതത് വാര്‍ഡുകളിലെ ആര്‍ആര്‍ടികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുഖാന്തരം വാങ്ങുന്ന പള്‍സ് ഓക്‌സി മീറ്ററാണ് കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള രോഗികളുള്ള വീടുകളില്‍ നല്‍കിയിരുന്നത്. ഇവിടെനിന്ന മറ്റു വീടുകളിലേക്കും ആവശ്യം നോക്കി അണുവിമുക്തമാക്കി കൈമാറും. എന്നാല്‍ രോഗികളുടെ എണ്ണം കൂടിയതോടെ കൂടുതല്‍ വാങ്ങേണ്ടതുണ്ട്. പ്രതിസന്ധി കാലത്ത് 2000 രൂപ കൊടുത്ത് കൂടുതല്‍ ഓക്‌സി മീറ്ററുകള്‍ വാങ്ങുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്രയാസമാണ്.

Share news
error: Content is protected !!
Scroll to Top