Section

malabari-logo-mobile

കളിക്കളത്തില്‍ തോറ്റെങ്കിലും ഇച്ഛാശക്തിയോടെയുള്ള നിലപാടില്‍ വിജയിച്ചത് ഇറാനിയന്‍ ടീം

HIGHLIGHTS : കളിക്കളത്തില്‍ ഇറാനെതിരേ ഇംഗ്ലണ്ടിന് സമ്പൂര്‍ണ്ണാധിപത്യം സ്ഥാപിക്കാനായെങ്കിലും ഇച്ഛാശക്തിയോടെയുള്ള നിലപാടില്‍ ഇറാനായിരുന്നൂ സ്റ്റേഡിയത്തില്‍ നിറ...

എഴുത്ത് ;സതീഷ് തോട്ടത്തില്‍

സതീഷ് തോട്ടത്തില്‍

കളിക്കളത്തില്‍ ഇറാനെതിരേ ഇംഗ്ലണ്ടിന്
സമ്പൂര്‍ണ്ണാധിപത്യം സ്ഥാപിക്കാനായെങ്കിലും
ഇച്ഛാശക്തിയോടെയുള്ള നിലപാടില്‍
ഇറാനായിരുന്നൂ സ്റ്റേഡിയത്തില്‍ നിറഞ്ഞുനിന്നത്.
ഇറാന്‍ ഭരണകൂടത്തെപോലും നിയന്ത്രിക്കുന്ന
പരമോന്നത മതനേതൃത്വത്തിനെതിരേയുള്ള ശക്തമായ പ്രതിഷേധത്തിനുകൂടി സാക്ഷിയാവുകയായിരുന്നൂ ഫുട്‌ബോള്‍ സ്റ്റേഡിയം.
ഇറാന്റെ ദേശീയഗാനം അന്തരീക്ഷത്തില്‍ ഒഴുകിയെത്തിയപ്പോള്‍
അത് ഏറ്റുചൊല്ലാതെ നിശ്ശബ്ദരാവുകയായിരുന്നൂ ഇറാന്‍ കളിക്കാര്‍..
സ്വതന്ത്ര ചിന്തകളേയും ശബ്ദങ്ങളേയും അടിച്ചമര്‍ത്തികൊണ്ടിരിക്കുന്ന ഇറാന്‍ ഭരണകൂടത്തിനെതിരേയുള്ള നിശ്ശബ്ദ പ്രതിഷേധം ലോകം മുഴുവന്‍ അനുഭവിക്കുകയായിരുന്നു.
ഇതിനകം രാജ്യാന്തരപിന്തുണ പ്രതിഷേധക്കാര്‍ക്ക് കിട്ടുന്നുണ്ടെങ്കിലും
ലോകകപ്പ് ഫുട്‌ബോള്‍ വേദിയോളം ശക്തമായ ഒരു സമരവേദിയും ഭരണകൂടമര്‍ദ്ദനങ്ങള്‍ക്കെതിരേ ഉപയോഗിക്കാന്‍ ലോകത്ത് വേറെയില്ല.

sameeksha-malabarinews

ഒരു കാലത്ത് ഇറാനും ഇറാഖും തമ്മിലുള്ള യുദ്ധമായിരുന്നൂ ലോകകാഴ്ചകളില്‍ പ്രധാനം..
പതിനായിരങ്ങള്‍ മരണപ്പെട്ടും മുറിവേറ്റും യുദ്ധം കടന്നുപോയി..
രാജ്യങ്ങള്‍ മാറുന്നതൊഴിച്ചാല്‍
ഇപ്പോഴും യുദ്ധങ്ങള്‍ തുടരുന്നു.
ഇപ്പോള്‍ റഷ്യയും ഉക്രൈനും തമ്മിലാണെന്ന് മാത്രം.
ഇനി രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം എന്നെങ്കിലും നിലച്ചാലും
രാജ്യത്തിനകത്തുതന്നെയുള്ള ആഭ്യന്തരയുദ്ധങ്ങളായും അത് പടരുന്നുണ്ട്.

ഹിജാബ് ശരിയായി ധരിച്ചില്ല എന്ന കാരണത്താലാണ് മതഭരണകൂടം മഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരിയെ പിടിച്ചുകൊണ്ടുപോകുന്നത്.
മൂന്നാം ദിവസം അവരുടെ ചലനമറ്റ ശരീരമാണ് പുറംലോകം കണ്ടത്..
മതപോലീസുകാരുടെ
കൊടിയ മര്‍ദ്ദനത്തിനിരയായാണ് ഇവര്‍ മരണമടഞ്ഞത്…
പിന്നീടങ്ങോട്ട് ഇറാനില്‍ പ്രതിഷേധം ശക്തമാവുകയായിരുന്നു…
സ്ത്രീകള്‍ എല്ലാ വിലക്കുകളേയും ലംഘിച്ച് തെരുവിലിറങ്ങി..
മതശാസനം പരസ്യമായി ലംഘിച്ചും
ശിരോവസ്ത്രം വലിച്ചൂരിയും
പൊതുനിരത്തിലിട്ടിവര്‍ കത്തിച്ചു.
പ്രതീകാത്മകമായ് മുടിമുറിച്ചും പ്രതിഷേധം തുടര്‍ന്നു..
നവമാധ്യമങ്ങളിലൂടെ ലോകം മഴുവന്‍ ഇത് പ്രചരിച്ചു..
നവമാധ്യമങ്ങള്‍ നിരോധിച്ചുകൊണ്ടായിരുന്നു മതഭരണകൂടം ഇതിനെ നേരിട്ടത്…
വെടിവെപ്പും മര്‍ദ്ദനവും തുടര്‍ന്നു.
നൂറുകണക്കിനാളുകള്‍ മരണപ്പെട്ടു.
ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ ഇതിന് പിന്തുണയും നല്‍കി.

ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും
സ്വതന്ത്രമായി പുറത്തിറങ്ങാനും
ആത്മാഭിമാനം സംരക്ഷിക്കാനുമുള്ള
ഇറാനിയന്‍ സ്ത്രീകളുടെ സമരമുന്നേറ്റങ്ങള്‍ക്കാണ് ദേശീയഗാനം ഏറ്റുചൊല്ലാതെ പിന്തുണപ്രഖ്യാപിച്ചത്…
ഇറാനില്‍ തിരിച്ചെത്തുമ്പോള്‍ മതഭരണകൂടം കടുത്ത നിലപാടുകള്‍ ഇവര്‍ക്കെതിരേ എടുത്തേക്കാം
എന്നിട്ടും
ഇറാന്‍ ഫുട്‌ബോള്‍ കളിക്കാര്‍ കാണിച്ച ചങ്കൂറ്റത്തേയും പ്രതിഷേധത്തേയും ഐക്യദാര്‍ഢ്യത്തോടെ അംഗീകരിക്കുന്നു…..

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!