വയനാട്ടില്‍ എക്‌സൈസ് വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം; വാഹനം കൊമ്പില്‍കോര്‍ത്തു; ഉദ്യോഗ്സ്ഥര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

മാനന്തവാടി:  നൈറ്റ് പെട്രോളിങ് നടത്തുകയായിരുന്ന എക്‌സൈസ് വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം; വാഹനം കൊമ്പില്‍ കോര്‍ത്ത് ഉയര്‍ത്തി. വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരനെല്ലി കാട്ടില്‍ വെച്ചാണ് ആക്രമണമുണ്ടായത്. തെറ്റ് റോഡിന് സമീപത്ത് വെച്ച് മറ്റൊരു വാഹനത്തിന് സൈഡ് നല്‍കാന്‍ ഒതുക്കിയ സമയത്ത് കാട്ടില്‍ നിന്നും പാഞ്ഞുവന്ന ആന ആക്രമിക്കുകയായിരുന്നു.

വാഹനത്തിന് മുന്‍ഭാഗത്ത് കൊമ്പ് കുത്തിയിറക്കിയ ആ വാഹനം ഉയര്‍ത്തി മറിച്ചിടാന്‍ ശ്രമിച്ചു. വാഹനത്തിനുളളിലുണ്ടായിരുന്നവര്‍ ബഹളം വെക്കുന്നതിനിടക്ക് ആന വാഹനം നിലത്തേക്കിട്ടു. ഇതിനിടെ നിരങ്ങി നീങ്ങിയ വാഹനം ഡ്രൈവര്‍ മനസാനിദ്ധ്യം വിടാതെ മുന്നോട്ട് ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.

മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. ഈ സമയത്ത് വാഹനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ അജയ്കുമാര്‍, സിഇഓമാരായ മന്‍സൂര്‍ അലി, അരുണ്‍കൃഷ്ണന്‍,ഡ്രൈവര്‍ രമേശന്‍ എന്നവരാണ് ഉണ്ടായിരുന്നത്. ആനയുടെ കൊമ്പ് അകത്തെക്കെത്തിയപ്പോള്‍ ഒഴിഞ്ഞുമാറാന്‍ സാധിച്ചതുകൊണ്ടാണ് അജയ്കുമാര്‍ രക്ഷപ്പെട്ടത്.

ഉദ്യോഗ്സ്ഥര്‍ മാനന്തവാടി ആശുപത്രിയില്‍ ചികിത്സ തേടി.

Share news
error: Content is protected !!
Scroll to Top