Section

malabari-logo-mobile

കെ.എ.എല്ലില്‍നിന്ന് ആറു മാസത്തിനകം ഇലക്ട്രിക് സ്‌കൂട്ടര്‍: മന്ത്രി പി. രാജീവ്

HIGHLIGHTS : Electric scooter from KAL within six months: Minister P. Rajiv

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ(കെ.എ.എല്‍) നേതൃത്വത്തില്‍ ആറു മാസത്തിനകം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരത്തിലിറക്കുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. കെ.എ.എല്‍, മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാണക്കമ്പനി ലോഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നു, മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ആരംഭിക്കുന്ന ഇലക്ട്രിക് ടൂവീലര്‍ നിര്‍മാണ യൂണിറ്റിന്റെ കരാര്‍ ഒപ്പുവയ്ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കെ.എ.എല്ലില്‍നിന്നു പുറത്തിറക്കിയ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ നിരത്തിലിറങ്ങിയ ഓട്ടോറിക്ഷകളുമായി ബന്ധപ്പെട്ടുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ക്കു പരിഹാരമായിക്കഴിഞ്ഞു. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കായി വയനാട്ടിലും കണ്ണൂരിലും രണ്ടു സര്‍വീസ് സെന്ററുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ വയനാട്ടിലെ സര്‍വീസ് സെന്റര്‍ തുടങ്ങി. ഡീലര്‍ഷിപ്പിനൊപ്പം സര്‍വീസിനുള്ള സൗകര്യവും ഒരുക്കാനുള്ള നടപടികള്‍ ആലോചിച്ചുവരികയാണ്. ഓട്ടോറിക്ഷകള്‍ക്കായി നേപ്പാളില്‍നിന്നു വീണ്ടും ഓര്‍ഡറുകള്‍ വരുന്നുണ്ട്. കെ.എ.എല്‍ ഓട്ടോകള്‍ക്കു രാജ്യത്താകെ മികച്ച ഡിമാന്‍ഡ് ഇപ്പോഴുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

sameeksha-malabarinews

മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്കിലെ രണ്ട് ഏക്കര്‍ സ്ഥലത്താണു പുതിയ ടൂവീലര്‍ നിര്‍മാണ പ്ലാന്റ് വരുന്നത്. സംയുക്ത സംരംഭത്തിന് 4,64,97,000 രൂപയാണ് അംഗീകൃത മൂലധനം നിജപ്പെടുത്തിയിരിക്കുന്നത്. സംയുക്ത സംരംഭത്തില്‍ 26 % ഓഹരി കെ.എ.എലിനും ബാക്കി ലോഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രീസിനുമാണ്. സംരംഭം വഴി 200 പേര്‍ക്കു നേരിട്ടും നിരവധി പേര്‍ക്കു പരോക്ഷമായും തൊഴില്‍ സൃഷ്ടിക്കപ്പെടും. മന്ത്രിയുടെ സാന്നിധ്യത്തില്‍ കെ.എ.എല്‍. മാനേജിങ് ഡയറക്ടര്‍ പി.വി. ശശീന്ദ്രനും ലാന്‍ഡ് മാര്‍ക്ക് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ സുനില്‍ കര്‍ഗൂണ്‍കരും പദ്ധതിയുടെ കരാര്‍ പത്രം കൈമാറി.

തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെ. ആന്‍സലന്‍ എം.എല്‍.എ, കെ.എ.എല്‍. ചെയര്‍മാന്‍ പുല്ലുവിള സ്റ്റാന്‍ലി, പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ആര്‍. അശോക്, ലോഡ്‌സ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ വിനോദ് തിവാരി തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!