പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്തിന്റെ തെരഞ്ഞെടുപ്പ് അടയാളമായ ഫുട്‌ബോളിന് പകരം ഓട്ടോറിക്ഷയും നിയാസ് പുളിക്കലകത്തിന്റെ ഫോട്ടോയും ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശിയും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ ഉബൈദ് എന്നയാളുടെ പേരിലാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്.
‘പരപ്പനങ്ങാടിക്കാര്‍’ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് വ്യാജപ്രചരണം നടത്തിയത്. ഈ ഫോട്ടോ ഉപയോഗിച്ച് പ്രദേശിക ഗ്രൂപ്പുകളില്‍ വ്യാപകമായ പ്രചരണം നടത്തിവരികയാണ്. ഇതിനെതിരായി നിയാസ് പുളിക്കലകത്ത് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയാസിന് അനുവദിച്ചത് ‘ഫുട്‌ബോള്‍’ ചിഹ്നമാണ്. എന്നാല്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ”ഓട്ടോറിക്ഷ” ചിഹ്നവും അന്നത്തെ ഫോട്ടോയും ഉപയോഗിച്ചാണ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് ഉറവിടം കണ്ടെത്തി കേസെടുത്തത്. ഇത്തരത്തിലുള്ള നിരവധി സൈബര്‍ കേസുകളില്‍ പ്രതിയാണ് ഉബൈദ്.
ഇത്തവണ നിയാസ് എന്ന പേരില്‍ ഒരു അപരനും രംഗത്തുണ്ട് . ഇയാളുടെ ചിഹ്നം ഓട്ടോറിക്ഷയാണ്.




