കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് ഇകെ വിഭാഗം സുന്നികളുടെ മുഖപത്രമായ സുപ്രഭാതം. നിയമത്തിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരുമിച്ച് സമരം ചെയ്തതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയും ചില കോണ്‍ഗ്രസ് നേതാക്കളും സ്വീകരിച്ച നിലപാടുകളാണ് മുസ്ലീംലീഗുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഇകെ വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലാണ് ഫാസിസറ്റ് വിരുദ്ധസമരം നടക്കുന്നതെങ്ങില്‍ അതിനെ തങ്ങള്‍ പിന്തുണക്കുമെന്നുതന്നെ സുപ്രഭാതം പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞുവെക്കുന്നു.
മുഖപ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍
രണ്ടാം സ്വാതന്ത്ര്യ സമരമാണ് രാജ്യത്ത് നടക്കുന്നതെന്ന് തലമുതിര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. കൊടിയുടെയും പാര്‍ട്ടികളുടെയും ജാതകം നോക്കാതെ പ്രതിഷേധിക്കുന്ന ജനതക്കൊപ്പം നില്‍ക്കുകയാണ് ഈ സന്ദര്‍ഭത്തില്‍ വേണ്ടത്. ഇന്ത്യന്‍ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും അടിത്തറയാണ് ഫാസിസ്റ്റുകള്‍ മാന്തിക്കൊണ്ടിരിക്കുന്നത്. ഈ നിര്‍ണായക ഘട്ടത്തില്‍ എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ഒരു സമരം മാത്രമേ വിജയിക്കൂ. അത്തരമൊരു സമരത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് നേതൃത്വം നല്‍കുന്നതെങ്കില്‍ സി.പി.എമ്മിന്റെ ഭൂതകാലം ചിക്കിച്ചികയാതെ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കാന്‍ ജനാധിപത്യ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ജാതിമത ഭേദമന്യേയുള്ള ജനത എന്തിന് മടിക്കണം’ മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
രാജ്യമൊട്ടാകെ പ്രതിഷേധാഗ്‌നിയില്‍ കത്തിയെരിയുമ്പോള്‍ പൗരത്വ നിയമ ഭേദഗതിയും പൗരത്വ പട്ടികയും ന്യൂനപക്ഷത്തിനെ മാത്രം ബാധിക്കുന്ന പ്രശ്‌നമായി ചുരുക്കിക്കെട്ടാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ശ്രമിക്കുകയാണ്യ മുസ്ലീം ന്യൂനപക്ഷത്തെ ബാധിച്ച ഏറ്റവും വലിയ ആഘാതമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. അത് നടക്കുമ്പോള്‍ ഇന്ത്യ ഭരിച്ചിരുന്നത് കോണ്‍ഗ്രസുകാരനായ പ്രധാനമന്ത്രി പി വി നരസിംഹറാവു ആയിരുന്നു. അന്ന് ബാബരി മസ്ജിദ് തകര്‍ക്കുന്നത് തടഞ്ഞിരുന്നുവെങ്കില്‍ ഫാസിസ്റ്റ് കക്ഷികള്‍ ശക്തിയാര്‍ജിച്ച് പൗരത്വ നിയമഭേദഗതി കൊണ്ടുവരാന്‍ ഇന്ന് ധൈര്യപ്പെടുകയില്ലായിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ സുപ്രഭാതം ഓര്‍മിപ്പിക്കുന്നു
ദേശീയ പ്രസ്ഥാനത്തില്‍ ഗാന്ധിജിക്കും നെഹ്റുവിനുമൊപ്പം മൗലാനാ അബുല്‍കലാം ആസാദും മുഹമ്മദലി ജൗഹറും കൈകോര്‍ത്ത് മുന്നേറുമ്പോള്‍ കേരളത്തില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനോടും കെ. മാധവന്‍ നായരോടും കണക്ക് ചോദിക്കുകയായിരുന്നില്ലേ അന്നത്തെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. അതിന്റെ പ്രേതങ്ങള്‍ ഇന്ന് രമേശ് ചെന്നിത്തലയോട് കണക്ക് ചോദിക്കുമ്പോള്‍ ആര്‍ക്കാണ് സംഘ്പരിവാര്‍ പട്ടം ചേരുക എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പതിനേഴ് സ്ഥാനാര്‍ഥികളെയും എം.പിമാരാക്കിയത് കോണ്‍ഗ്രസിന്റെ മാത്രം തിണ്ണബലത്തിലായിരുന്നില്ലെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.




