ദോഹ: എബോള വൈറസ് വ്യാപിക്കുന്ന ഗ്വിനിയ, സിയാറ ലിയോണ്‍, ലൈബീരിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്ര ചെയ്യരുതെന്ന് സുപ്രിം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് മുന്നറിയിപ്പ് നല്കി. ഈ രാജ്യങ്ങളിലേക്ക് നിര്‍ബന്ധമായും യാത്ര ചെയ്യേണ്ടവര്‍ ശക്തമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ടെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സുപ്രിം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ആവശ്യപ്പെട്ടു. കൈകള്‍ കഴുകുക, മറ്റുള്ളവരുടെ രക്തവും അതുപോലുള്ള ശരീര ദ്രാവകങ്ങളുമായി നേരിട്ട് ബന്ധപ്പെടാതിരിക്കുക, സ്വയം സുരക്ഷാ ഉപകരണങ്ങള്‍ കരുതുക, തൊലിയില്‍ മുറിവുണ്ടാക്കുന്ന ഉപകരണങ്ങള്‍ ഒഴിവാക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധിത യാത്രക്കാര്‍ പാലിച്ചിരിക്കണം. ഖത്തറില്‍ എബോള വൈറസ് ബാധയുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യ സുപ്രിം കൗണ്‍സില്‍ അറിയിച്ചു.റിയാദില്‍ 13ന് നടക്കുന്ന എബോളയെ കുറിച്ചുള്ള ജി സി സി രാജ്യങ്ങളുടെ യോഗത്തില്‍ ആരോഗ്യ സുപ്രിം കൗണ്‍സില്‍ പ്രതിനിധികള്‍ പങ്കെടുക്കും. എബോള വൈറസ് ബാധയ്‌ക്കെതിരെ ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാരെ സംരക്ഷിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നതാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് ജി സി സി ഹെല്‍ത്ത് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ഡയറക്ടര്‍ ജനറല്‍ ഡോ. തൗഫീഖ് ബിന്‍ അഹമ്മദ് ഖോജ പറഞ്ഞു.
ആരോഗ്യ സുപ്രിം കൗണ്‍സില്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍, ഖത്തര്‍ എയര്‍വെയ്‌സ്, ഖത്തര്‍ പെട്രോളിയം, ആഭ്യന്തര മന്ത്രാലയം, ആര്‍മി എന്നിവയുടെ പ്രതിനിധികള്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ എബോള പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും. വൈറസ് ബാധയ്‌ക്കെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാനുള്ള മാര്‍ഗ്ഗങ്ങളും യോഗത്തില്‍ ആരായും.
സിയാറ ലിയോണില്‍ നിന്നും ബിസിനസ് യാത്രക്കു ശേഷം തിരിച്ചെത്തി കഴിഞ്ഞ ദിവസം മരിച്ച സഊദി പൗരന്റെ പ്രാഥമിക പരിശോധനാ ഫലത്തില്‍ മരണകാരണം എബോളയാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് സഊദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. അമേരിക്ക, ജര്‍മനി എന്നീ രാജ്യങ്ങളിലെ ലബോറട്ടറികളിലേക്കയച്ച പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും സഊദി ആരോഗ്യമന്ത്രാലയം അറിയിച്ചു. എബോള ബാധിച്ച പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുവദിക്കുന്ന തീര്‍ഥാടന വിസ സഊദി അറേബ്യ താത്ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ആഗസ്ത് നാല് വരെ 1603 പേര്‍ക്ക് രോഗബാധയുണ്ടാവുകയും 887 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ 2014 മാര്‍ച്ച് 21 മുതലാണ് എബോള രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
എബോളയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഖത്തര്‍ ആരോഗ്യ സുപ്രിം കൗണ്‍സില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും രാജ്യത്ത് രോഗം വരാതിരിക്കാനുള്ള പരമാവധി നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എബോള ബാധയെ കുറിച്ച് അവബോധം സൃഷ്ടിക്കാനായി പൊതുകാംപയിനുകള്‍ നടത്താനും പരിപാടിയുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



