കോഴിക്കോട്: ന്യൂജന്‍ ലഹരി മരുന്നായ എം.ഡി.എം.എ.(മെത്തലിന്‍ ഡയോക്‌സി മെത്താംഫീറ്റമിന്‍) യുമായി കോഴിക്കോട് മൂന്ന് യുവാക്കള്‍ പിടിയില്‍. എളേറ്റില്‍ കൈതക്കല്‍ വീട്ടില്‍ നൗഫല്‍ (33), എളേറ്റില്‍ ഞേളികുന്നുമ്മല്‍ അന്‍വര്‍ തസ്‌നിം (30) കട്ടിപ്പാറ പുറംമ്പോളിയില്‍ മന്‍സൂര്‍ (35) എന്നിവരെയാണ് 44 ഗ്രാം എം.ഡി.എം.എ.യുമായി ചേവായൂര്‍ പോലീസും സിറ്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
അന്‍വര്‍ കുവൈറ്റില്‍ ഹെറോയിന്‍ കടത്തിയ കേസില്‍ 15 വര്‍ഷം ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണ്. കുവൈറ്റ് സര്‍ക്കാരിന്റെ പൊതുമാപ്പില്‍ 8 വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് 8 മാസം മുമ്പ് അന്‍വര്‍ ജയില്‍ മോചിതനായിരുന്നു. കുവൈറ്റ് ജയിലില്‍ സമാനമായ കേസില്‍ ശിക്ഷിക്കപ്പെട്ടശേഷം പുറത്തിറങ്ങിയ തമിഴ്‌നാട് സ്വദേശിയില്‍ നിന്നുമാണ് അന്‍വര്‍ ലഹരിമരുന്ന് വാങ്ങി കേരളത്തില്‍ എത്തിച്ചിട്ടുള്ളത്. നൗഫല്‍ ഗള്‍ഫിലും ഇന്ത്യയിലും സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നയാളാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായും വ്യക്തമായിട്ടുണ്ട്.
മയക്കമരുന്ന് പിടികൂടിയവരില്‍ ചേവായൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ചന്ദ്രമോഹന്‍, എസ് ഐമാരായ അഭിജിത്ത്, ഷാന്‍ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐമാരായ മുഹമ്മദ് ഷാഫി, എം.സജി, സീനിയര്‍ സി.പി.ഒ.മാരായ കെ. അഖിലേഷ്. കെ.എ. ജോമോന്‍, സി.പി.ഒഎം. ജിനേഷ്, കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഇ.മനോജ്, എം.ഷാലു, എ.പ്രശാന്ത് കുമാര്‍, ഷാഫി പറമ്പ്ത്ത്, ശ്രീജിത്ത് പടിയാത്ത് എന്നിവര്‍ ഉണ്ടായിരുന്നു.




