കാസര്‍കോട്: കാസര്‍ഗോഡ് ജില്ലയില്‍ ഹണിട്രാപ്പില്‍പ്പെടുത്തി യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. മേല്‍പ്പറമ്പ് സ്വദേശി ഉമര്‍, ഭാര്യ ഫാത്തിമ, പയ്യന്നൂര്‍ സ്വദേശി ഇഖ്ബാല്‍, സാജിത എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സാജിതയ്‌ക്കെതിരെ മുന്‍പും സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
കൊച്ചി കടവന്ത്ര സ്വദേശിയുമായി സാജിത ഫോണില്‍ ബന്ധം സ്ഥാപിച്ച ശേഷം കാഞ്ഞാങ്ങാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കാഞ്ഞങ്ങാട് എത്തിയ ശേഷം ഇരുവരും ഹോട്ടലില്‍ താമസിച്ചെന്നാണ് സൂചന. കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ച ശേഷം പിന്നീട് ഭീഷണിയുമായി രംഗത്തുവന്നു. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ലക്ഷങ്ങള്‍ ഉടന്‍ കൈമാറണമെന്നുമായിരുന്നു ആവശ്യം. 3.75 ലക്ഷം രൂപ ഇയാള്‍ സംഘത്തിന് കൈമാറി. പിന്നീട് ഏഴരപ്പവന്‍ സ്വര്‍ണ്ണമാണ് നല്‍കിയത്.
ആവശ്യപ്പെട്ട പണം നല്‍കിയിട്ടും ഭീഷണി തുടര്‍ന്നു. ഇതിന് പിന്നാലെ കൊച്ചി സ്വദേശി പോലീസിനെ സമീപിക്കുകയായിരുന്നു. നാലംഗ സംഘത്തിലെ പ്രധാനി സാജിതയാണെന്നാണ് വിവരം. ഇവര്‍ക്കെതിരെ മുന്‍പും സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാലു പേരെ കൂടാതെ വിവിധ സ്ഥലങ്ങളിലായി കൂടുതല്‍ പേര്‍ ഹണിട്രാപ്പ് സംഘത്തിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.




