താനൂര്‍: ദൃശ്യം മോഡലില്‍ കൊലപാതകം നടത്തിയ സിനിമ തിയേറ്റര്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. യുവാവിനെ കൊലപ്പെടുത്തി കുളത്തില്‍ തള്ളിയ പ്രതി പാലക്കാട് കുമരംപുത്തൂര്‍ സ്വദേശി കൈപ്പേടത്ത് ദിനൂപ് എന്ന അനൂപിനെ (30) യാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ആശാരിപ്പണിക്കായി താനൂരില്‍ എത്തിയ ബേപ്പൂര്‍ സ്വദേശിയായ വൈശാഖ് (27) ആണ് പി.വി.എസ് തിയേറ്ററിന് അടുത്തുള്ള കുളത്തില്‍ മുങ്ങി മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അമിതമായി മദ്യം ഉപയോഗിക്കുന്ന ആളാണ് പ്രതിയായ അനൂപ്. തന്റെ ലഹരി ഉപയോഗം തിയേറ്റര്‍ ഉടമസ്ഥനെ വൈശാഖ് അറിയിക്കുന്നു എന്നതും, 13 വര്‍ഷമായി ജോലി സ്ഥാപനത്തില്‍ കേവലം ഒരു വര്‍ഷം മുന്നേ ജോലി ആവശ്യാര്‍ത്ഥം എത്തിയ വൈശാഖിനു ലഭിച്ച സ്വീകാര്യതയുമാണ് കൊലയ്ക്ക് കാരണം.
പ്രതി രാത്രി 10 മണിയോടെ എത്തി വൈശാഖിനെ ചവിട്ടി താഴെയിട്ടു. കാല്‍ കൊണ്ട് ചവിട്ടുകയും മുട്ടുകാല്‍ കൊണ്ട് കഴുത്തിന് അമര്‍ത്തി കൊല്ലുകയുമായിരുന്നു. കൊലപാതകം നടത്തിയശേഷം മുങ്ങി മരിച്ചതാണെന്ന് വരുത്തിതീര്‍ക്കാന്‍ കുളത്തില്‍ തള്ളി.
വൈശാഖിനെ കാണാനില്ലെന്ന് അറിയിച്ചതും പ്രതിയായ അനൂപ് ആണ്. പിറ്റേന്ന് വൈശാഖിനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് തിരയുമ്പോള്‍ ഒന്നും അറിയാത്ത ഭാവത്തില്‍ അനൂപും കൂടെയുണ്ടായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അനൂപിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. ചോദ്യം ചെയ്യലിനിടയില്‍ ദൃശ്യം സിനിമ മോഡലില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ അനൂപ് ശ്രമം നടത്തിയെങ്കിലും പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ മികവാണ് കേസ് തെളിയിച്ചത്.
തെളിവ് നശിപ്പിക്കാന്‍ ചവിട്ടി കൊല്ലാന്‍ ഉപയോഗിച്ച ചെരുപ്പുകള്‍ ഒളിപ്പിച്ചു വയ്ക്കുകയും, മൊബൈല്‍ ലൊക്കേഷന്‍ മാറ്റാനായി ശ്രമിക്കുകയും ചെയ്തു.
മലപ്പുറം എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം തിരൂര്‍ ഡി.വൈ.എസ്.പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണങ്ങള്‍ നടന്നത്. തീർത്തും ശാസ്ത്രീയമായ അന്വേഷണത്തിനും തെളിവുശേഖരണത്തിനും താനൂർ സി. ഐ പി. പ്രമോദ് നേതൃത്വം വഹിച്ചു. എസ്.ഐ വാരിജാക്ഷൻ,രാജു, സലീഷ് എ.എസ്.ഐമാരായ നവീൻ, പ്രതീഷ്, സീനിയർ സി.പി.ഒ സലേഷ് കാട്ടുങ്ങൽ, സബറുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.




