ഡോ. വന്ദനയുടെ കൊലപാതകം ; അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പൊലീസ് ചികിത്സക്കെത്തിച്ചയാളുടെ കുത്തേറ്റ് യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് മരിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊല്ലം റൂറല്‍ ഡിവൈഎസ്പി എം എം ജോസിനാണ് അന്വേഷണച്ചുമതല. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലുള്ള പ്രതി ജി സന്ദീപിനെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷകസംഘം കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ വെള്ളിയാഴ്ച അപേക്ഷ നല്‍കും.

സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പും റിപ്പോര്‍ട്ട് തയ്യാറാക്കി. കൊട്ടാരക്കര താലൂക്കാശുപത്രി സൂപ്രണ്ട്, കാഷ്വാലിറ്റി മെഡിക്കല്‍ സൂപ്രണ്ട്, പാരാ മെഡിക്കല്‍ ജീവനക്കാര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവരില്‍നിന്ന് പൊലീസ് വ്യാഴാഴ്ച മൊഴിയെടുത്തു. സൈബര്‍ പൊലീസിന്റെ സഹായത്തോടെ സന്ദീപിന്റെ ഫോണ്‍ വിശദമായി പരിശോധിക്കും. ലഹരിമാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടോ എന്നതില്‍ ഇതോടെ വ്യക്തത കൈവരും. സ്‌കൂള്‍ അധ്യാപകനായ പ്രതി സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നെന്നാണ് വിവരം.

അക്രമം നടന്ന കാഷ്വാലിറ്റിക്കും പുറത്തും ഫോറന്‍സിക് വിഭാഗം കഴിഞ്ഞ ദിവസം തെളിവ് ശേഖരിച്ചിരുന്നു. ഇതിനിടെ എഡിജിപി എം ആര്‍ അജിത്കുമാര്‍, ദക്ഷിണമേഖലാ ഐജി സ്പര്‍ജന്‍കുമാര്‍, ഡിഐജി നിശാന്തിനി എന്നിവര്‍ കൊട്ടാരക്കരയിലെത്തി അന്വേഷണപുരോഗതി വിലയിരുത്തി. ഹൈക്കോടതി നിര്‍ദേശപ്രക്രാരം കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് സിബി രാജേഷ് റിപ്പോര്‍ട്ട് നല്‍കി. ഡെപ്യൂട്ടി ഡിഎംഒ സാജന്‍ മാത്യൂ ജീവനക്കാരുടെ മൊഴിയെടുത്തു.

സംസ്ഥാന പൊലീസ് മേധാവിക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും റിപ്പോര്‍ട്ട് കൈമാറും. കൊല്ലം റൂറല്‍ എസ്പി, ഡിവൈഎസ്പി എന്നിവര്‍ വ്യാഴാഴ്ച പൊലീസ് ആസ്ഥാനത്ത് ഡിജിപി വിളിച്ച യോഗത്തില്‍ പങ്കെടുത്തു. കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ വൈ റോബര്‍ട്ടും വിവരശേഖരണം നടത്തി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top