തിരുവനന്തപുരം : ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. ഇന്ന് മുതല്‍ ഡ്യൂട്ടി എടുക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. വിഐപി ഡ്യൂട്ടി ബഹിഷ്‌കരണം തുടരും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തില്‍ സംഘടന മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ തീരുമാനമുണ്ടായ പശ്ചാത്തലത്തില്‍ സമരം തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ചാണ് കഴിഞ്ഞ ദിവസം വന്ദന കൊല്ലപ്പെട്ടത്. പിന്നാലെയാണ് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. മരണഭയം കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യുന്നതിനും മികച്ച ചികിത്സ ജനങ്ങള്‍ക്ക് ഉറപ്പ് വരുത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
കസ്റ്റഡിയിലുള്ള പ്രതികളെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം മൂന്നുദിവസത്തിനകം തയ്യാറാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ അനുമതിയോടെ ഒരാഴ്ചയ്ക്കകം ഇത് നടപ്പാക്കാനാകുമെന്ന് ഡിജിപി അനില്‍ കാന്ത് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് പ്രതിയെ ഹാജരാക്കുമ്പോള്‍ പൊലീസ് എത്ര അകലത്തില്‍ നില്‍ക്കണം, അടിയന്തരസാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട നടപടി എന്തൊക്കെ എന്നിവയടക്കം വ്യക്തമാക്കും. കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഡോ. വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരം കോടതിയില്‍ ഓണ്‍ലൈനായി ഹാജരായി വിശദീകരിക്കുകയായിരുന്നു ഡിജിപി. എഡിജിപി എം ആര്‍ അജിത്കുമാറും ഓണ്‍ലൈനില്‍ ഹാജരായി. ഡോ. വന്ദന കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ ഒന്നിന് പൊലീസിന് സന്ദീപിന്റെ ആദ്യ ഫോണ്‍കോള്‍ ലഭിച്ചതുമുതല്‍ കൊല നടന്നതുവരെയുള്ള സംഭവങ്ങളുടെ രേഖാചിത്രവും ദൃശ്യങ്ങളും ശബ്ദരേഖയും പൊലീസ് ഹാജരാക്കി. പരിമിതമായ പൊലീസ് സേനയെ ഉപയോഗിച്ച് പരമാവധി സുരക്ഷ ഒരുക്കിയതായും അറിയിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മുഴുവന്‍സമയ സുരക്ഷ ഉറപ്പാക്കണമെന്ന് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഇതിനായി സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെ (എസ്ഐഎസ്എഫ്) വിന്യസിക്കുന്നത് പരിഗണിക്കണം. വന്ദന ദാസിന്റെ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് പരിഗണിക്കണം. വന്ദനയ്ക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസിനായില്ലെന്നും വിമര്‍ശിച്ചു.
2012ലെ കേരള ഹെല്‍ത്ത് കെയര്‍ സര്‍വീസ് പേഴ്സണ്‍സ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും പിന്നെന്തിനാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നതെന്നും കോടതി ഐഎംഎയുടെ അഭിഭാഷകനോട് ആരാഞ്ഞു. ചികിത്സ കിട്ടാതെ നിരവധിപേര്‍ ബുദ്ധിമുട്ടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ദക്ഷിണമേഖലാ ഐജി സ്പര്‍ജന്‍കുമാര്‍, ദക്ഷിണമേഖലാ ഡിഐജി ആര്‍ നിശാന്തിനി എന്നിവരും ഹാജരായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




