Section

malabari-logo-mobile

പരാതി പറയാനുള്ള ഫോണിനെക്കുറിച്ച് പരാതി വേണ്ട; വിശദീകരണവുമായി കെഎസ്ഇബി

HIGHLIGHTS : Don't complain about the phone to complain about; KSEB with explanation

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം പോലെതന്നെ കെഎസ്ഇബിയിലേക്കുള്ള പരാതി അറിയിക്കാനുള്ള ഫോണ്‍ വിളികളുടെ എണ്ണവും കൂടിവരികയാണ്. കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഫോണ്‍ റിസീവര്‍ മാറ്റി വയ്ക്കുന്നു എന്ന ആരോപണം വാസ്തവമല്ലെന്നും വ്യക്തമാക്കി കെഎസ്ഇബി. ബോധപൂര്‍വം ഒരു ഓഫീസിലും ഫോണ്‍ എടുക്കാതിരിക്കുന്ന പ്രവണത ഇല്ലെന്നും കെഎസ്ഇബി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. 9496001912 എന്ന മൊബൈല്‍ നമ്പരിലേക്ക് വിളിച്ചും വാട്‌സാപ് സന്ദേശമയച്ചും പരാതി അറിയിക്കാനുള്ള സംവിധാനം നിലവിലുണ്ട്. ഫോണില്‍ ഈ നമ്പര്‍ സേവ് ചെയ്തുവച്ചാല്‍ തികച്ചും അനായാസമായി വാട്‌സാപ് സന്ദേശമയച്ച് പരാതി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

കെഎസ്ഇബിയുടെ ഫേസ്ബുക്ക് കുറിപ്പ്

sameeksha-malabarinews

സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയര്‍ന്നുതന്നെ തുടരുകയാണ്. വൈദ്യുതി ഉപയോഗവും അനുദിനം കൂടിവരുന്നു. തടസ്സരഹിതമായി വൈദ്യുതി ലഭ്യമാക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് കെ എസ് ഇ ബി. ഇന്നലെ മാക്‌സിമം ഡിമാന്‍ഡ് 5419 മെഗാവാട്ടായി വര്‍ധിച്ചു. രാത്രി 10:47 നാണ് വൈദ്യുതി ആവശ്യകത വീണ്ടും റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്നത്.

വിതരണ ലൈനിലെ ലോഡ് ക്രമാതീതമായി കൂടുമ്പോഴാണ് ഫ്യൂസ് ഉരുകി വൈദ്യുതപ്രവാഹം നിലയ്ക്കുന്നത്. പരാതി അറിയിക്കാന്‍ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലേക്കുള്ള ഫോണ്‍ വിളികളുടെ എണ്ണവും കൂടിവരുന്നു. കെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നില്ലായെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഫോണ്‍ റിസീവര്‍ മാറ്റി വയ്ക്കുന്നു എന്ന ആരോപണവുമുണ്ട്. ഇത് വാസ്തവമല്ല. ബോധപൂര്‍വം ഒരു ഓഫീസിലും ഫോണ്‍ എടുക്കാതിരിക്കുന്ന പ്രവണത ഇല്ല. കോവിഡ്, പ്രളയകാലങ്ങളില്‍ ഏറ്റവും മെച്ചപെട്ട സേവനം കാഴ്ചവച്ചതിലൂടെ ജനങ്ങളുടെയാകെ പ്രശംസനേടിയ കെ എസ് ഇ ബി ഈ കഠിനമായ വേനലിലും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുകയാണ്.

ഒരു ലാന്‍ഡ് ഫോണ്‍ മാത്രമാണ് സെക്ഷന്‍ ഓഫീസുകളില്‍ നിലവിലുള്ളത്. ഒരു സെക്ഷന്റെ കീഴില്‍ 15,000 മുതല്‍ 25,000 വരെ ഉപഭോക്താക്കള്‍ ഉണ്ടായിരിക്കും. ഉയര്‍ന്ന ലോഡ് കാരണം ഒരു 11 കെ വി ഫീഡര്‍ തകരാറിലായാല്‍ത്തന്നെ ആയിരത്തിലേറെ പേര്‍ക്ക് വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടാകും. ഇതില്‍ ചെറിയൊരു ശതമാനം പേര്‍ സെക്ഷന്‍ ഓഫീസിലെ നമ്പരില്‍ വിളിച്ചാല്‍പ്പോലും ഒരാള്‍ക്കു മാത്രമാണ് സംസാരിക്കാന്‍ കഴിയുക. മറ്റുള്ളളവര്‍ക്ക് ഫോണ്‍ ബെല്ലടിക്കുന്നതായോ എന്‍ഗേജ്ഡായോ ആയിരിക്കും മനസ്സിലാവുക. ഇക്കാരണത്താലാണ് തെറ്റിദ്ധാരണ ഉണ്ടാവുന്നത്. നിരവധി പേര്‍ ഒരേ നമ്പരിലേക്ക് വിളിക്കുമ്പോള്‍ ടെലിഫോണ്‍ NU Tone എന്ന അവസ്ഥയിലേക്കെത്തുന്ന സാഹചര്യമുണ്ട്. വിളിക്കുന്നയാള്‍ക്ക് ഈ അവസ്ഥയില്‍ എന്‍ഗേജ്ഡ് ടോണ്‍ മാത്രമേ കേള്‍ക്കുകയുള്ളു.

9496001912 എന്ന മൊബൈല്‍ നമ്പരിലേക്ക് വിളിച്ചും വാട്‌സാപ് സന്ദേശമയച്ചും പരാതി അറിയിക്കാനുള്ള സംവിധാനം നിലവിലുണ്ട്. ഫോണില്‍ ഈ നമ്പര്‍ സേവ് ചെയ്തുവച്ചാല്‍ തികച്ചും അനായാസമായി വാട്‌സാപ് സന്ദേശമയച്ച് പരാതി രജിസ്റ്റര്‍ ചെയ്യാനും സാധിക്കും.

സെക്ഷന്‍ ഓഫീസില്‍ ഫോണ്‍ വിളിച്ചു കിട്ടാതെ വരുന്ന സാഹചര്യത്തില്‍ 1912 എന്ന നമ്പരില്‍ കെ എസ് ഇ ബിയുടെ സെന്‍ട്രലൈസ്ഡ് കോള്‍ സെന്ററിലേക്ക് വിളിക്കാവുന്നതാണ്. ഐ വി ആര്‍ എസ് സംവിധാനത്തിലൂടെ അതിവേഗം പരാതി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ആവശ്യമെങ്കില്‍ കസ്റ്റമര്‍കെയര്‍ എക്‌സിക്യുട്ടീവിനോട് സംസാരിക്കാനും അവസരമുണ്ടാകും. 1912-ല്‍ വിളിക്കുന്നതിനുമുമ്പ് 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍ കൂടി കയ്യില്‍ കരുതുന്നത് പരാതി രേഖപ്പെടുത്തല്‍ എളുപ്പമാക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!