ദോഹയില്‍ കമ്പനി ഉദ്യോഗസ്ഥരുടെ ആര്‍ പി ഇനിമുതല്‍ മെട്രാഷ് 2 വഴി പുതുക്കാം

ദോഹ: രാജ്യത്ത് കമ്പനി ഉദ്യോഗസ്ഥരുടെ ആര്‍ പി ഇനിമുതല്‍ മെട്രാഷ് രണ്ട് വഴി പുതുക്കാം. ഇതാനായി രണ്ടു സേവനങ്ങള്‍കൂടി ആരംഭിച്ചു. കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ താമസരേഖയുടെ(ആര്‍.പി) പുതുക്കല്‍, ഡയറക്ട് ഡെബിറ്റ് സേവനം എന്നിവയാണ് പുതുതായി ആരംഭിച്ച രണ്ടുസേവനങ്ങള്‍.

കമ്പനി ഉദ്യോഗസ്ഥരുടെ താമസാനുമതി രേഖ ഓട്ടോമാറ്റിക്കായി മെട്രാഷ് വഴി പുതുക്കുന്നത് കൃത്യസമയത്ത് പുതുക്കാത്തതിനെത്തുടര്‍ന്നുള്ള പിഴയില്‍നിന്ന് ഒഴിവാകുക മാത്രമല്ല കമ്പനിപ്രതിനിധിക്ക് താമസാനുമതിരേഖ പുതുക്കാനായി സര്‍ക്കാര്‍ സേവനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യവുമില്ല.

മെട്രാഷിന്റെ പുതിയ സേവനത്തില്‍ കമ്പനിയെ ഉള്‍പ്പെടുത്തുന്നതിലൂടെ താമസാനുമതിരേഖ പുതുക്കേണ്ട ഉദ്യോഗസ്ഥന്മാരുടെ പട്ടിക ഓട്ടോമാറ്റിക്കായി അറിയാന്‍ കഴിയും. മാത്രമല്ല ജോലിയില്‍നിന്ന് പിരിച്ചുവിട്ടവരെ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണത്താല്‍ ജോലിയില്‍നിന്നുപോയവരെ നീക്കാനുള്ള സൗകര്യവും മെട്രാഷ് 2 വിലുണ്ട്. ഡയറക്ട് ഡെബിറ്റ് സേവനത്തിലൂടെ കമ്പനി അക്കൗണ്ടില്‍നിന്ന് സേവന നിരക്കുകള്‍ നേരിട്ട് മന്ത്രാലയത്തിന് അടയ്ക്കാന്‍ കഴിയും. നേരത്തെ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് മാത്രമേ സേവന നിരക്കുകള്‍ അടയ്ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.

പുതിയ ഡയറക്ട് ഡെബിറ്റ് സേവനം ലഭിക്കുന്നതിനായി ഖത്തര്‍ നാഷണല്‍ ബാങ്കിന്റെ ശാഖകളില്‍നിന്ന് പ്രത്യേക അപേക്ഷാ ഫോറം വാങ്ങി പൂരിപ്പിച്ചുനല്‍കണം. ഏത് വ്യക്തിയെയാണ് കമ്പനി ഡയറക്ട് ഡെബിറ്റ് സേവനം ഉപയോഗിക്കാന്‍ ചുമതലപ്പെടുത്തുന്നതെന്നും വ്യക്തമാക്കണം. ഉയര്‍ന്ന തുകയാണെങ്കില്‍ കൂടിയും മെട്രാഷ് 2 വിലൂടെ അടയ്ക്കാന്‍ കഴിയും. ഏതെങ്കിലും കാരണവശാല്‍ ഇടപാടില്‍ തെറ്റുസംഭവിച്ചാല്‍ പണം അയച്ച അതേ അക്കൗണ്ടിലേക്ക് പണം തിരികെയെത്തുകയും ചെയ്യും.

രാജ്യത്തെ എല്ലാ കമ്പനികളും സ്ഥാപനങ്ങളും ജീവനക്കാരുടെ താമസാനുമതി രേഖ മെട്രാഷ് 2 വിലൂടെ പുതുക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഏകദേശം 211 സേവനങ്ങളാണ് മെട്രാഷ് 2 വിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്നത്. പുതിയ സേവനങ്ങള്‍ രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും വളരെയധികം പ്രയോജനകരമാകുമെന്നതില്‍ സംശയമില്ല.