Section

malabari-logo-mobile

സേവനം ലഭ്യമാക്കാത്ത കാര്‍ ഏജന്‍സികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും

HIGHLIGHTS : ദോഹ: ഉപഭോക്താക്കള്‍ക്ക് സമയ ബന്ധിതമായി സേവനം ലഭ്യമാക്കാത്ത കാര്‍ ഏജന്‍സികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നു. വാഹനങ്ങള്‍ വാങ്...

karwataxisparkedദോഹ: ഉപഭോക്താക്കള്‍ക്ക് സമയ ബന്ധിതമായി സേവനം ലഭ്യമാക്കാത്ത കാര്‍ ഏജന്‍സികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നു. വാഹനങ്ങള്‍ വാങ്ങിക്കഴിഞ്ഞാല്‍ പല കമ്പനികളും ഉപഭോക്താക്കള്‍ക്ക് നല്ല രീതിയില്‍ സേവനം നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ശക്തമായ നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.
കാര്‍ ഏജന്‍സികളുടെ സര്‍വീസ് സെന്ററുകളില്‍ സാമ്പത്തിക-  വാണിജ്യ മന്ത്രാലയം അടുത്തിടെ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഏഴ് ഏജന്‍സികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മന്ത്രാലയത്തിന്റെ കീഴിലുള്ള ഉപഭോക്തൃ സംരക്ഷണ വിഭാഗമാണ് മിന്നല്‍ പരിശോധന നടത്തിയത്. ഏജന്‍സികളില്‍ നിന്നും വാഹനം വാങ്ങിയ ഉപഭോക്താക്കള്‍ക്ക് പിന്നീടുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഈ കാര്‍ ഏജന്‍സികള്‍ വീഴ്ച വരുത്തിയതായി കണ്ടെത്തി. വാഹനങ്ങളുടെ അറ്റുകുറ്റപ്പണികള്‍ പോലും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ പല ഏജന്‍സികളും വീഴ്ച വരുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് മന്ത്രാലയം കടുത്ത നടപടികളിലേക്ക് തിരിഞ്ഞത്.
നേരത്തെ പരാതികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ രാജ്യത്തെ പ്രധാന ഓട്ടോമൊബൈല്‍ ഡീലര്‍മാരുടെ സര്‍വീസ് സെന്ററുകളില്‍ ഉപഭോക്തൃ സംരക്ഷണ വകുപ്പ് മോണിറ്ററിംഗ് സെല്ലുകള്‍ രൂപീകരിച്ചിരുന്നു. ചില ബിസിനസ് സ്ഥാപനങ്ങളുടെയും ഷോപ്പുകളുടെയും മോശം സര്‍വീസിനെതിരെ ഖത്തരികള്‍ ഉള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തിയത്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കത്തക്ക വിധത്തില്‍ ശക്തമായ നിയമഭേദഗതി നടപ്പാക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
നിയമം പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണമെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതായി പ്രാദേശിക അറബി പത്രമായ അല്‍ അറബ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തു. പല കടകളിലും വ്യാപാര സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതില്‍ പരാജയപ്പെടുന്നുണ്ട്. ഇതില്‍ ഏറ്റവുമധികം വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത് കാര്‍ ഏജന്‍സികള്‍ക്കും ഡീലര്‍മാര്‍ക്കുമെതിരെയാണ്. നിയമം ലംഘിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഇവരാണെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. വില്‍പ്പന കരാര്‍ ലംഘിക്കുകയെന്നത് പലരും പ്രവണത പോലെ കണക്കാക്കുന്നു.
വാറന്റി, ഗുണനിലവാരം എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കാന്‍ പല ഏജന്‍സികളും ഡീലര്‍മാരും തയ്യാറാകുന്നില്ല. വാഹനങ്ങളില്‍ വ്യാജ സ്‌പെയര്‍പാര്‍ട്‌സുകള്‍ ഉപയോഗിക്കുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കൂടാതെ സര്‍വീസ് സെന്ററുകളുടെ എണ്ണം കുറവായതും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നിയമപ്രകാരം പ്രവര്‍ത്തിക്കുന്നതും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതുമായ വളരെ കുറച്ച് ആഫ്റ്റര്‍ സെയില്‍ സര്‍വീസ് സെന്ററുകള്‍ മാത്രമാണുള്ളതെന്ന് ഒരു മുതിര്‍ന്ന ഖത്തരി ഉപഭോക്താവിനെ ഉദ്ധരിച്ച് അല്‍ അറബ് റിപ്പോര്‍ട്ട് ചെയ്തു. ഉപഭോക്താക്കളും കമ്പനിയും തമ്മില്‍ ബന്ധം ശക്തമാക്കുന്നതിനും രണ്ടു കൂട്ടരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമായി നിലവിലുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!