Section

malabari-logo-mobile

ഖത്തറില്‍ കാണാതായ 2 ബ്രിട്ടീഷ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

HIGHLIGHTS : ദോഹ: ഖത്തറില്‍ കാണാതായ രണ്ടു ബ്രിട്ടീഷ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു....

MODEL 2 copyദോഹ: ഖത്തറില്‍ കാണാതായ രണ്ടു ബ്രിട്ടീഷ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഖത്തറിലെ നിയമങ്ങള്‍ ലംഘിച്ചതിനാണ് സുരക്ഷാ വിഭാഗം കൃഷ്ണ ഉപാധ്യായ (52), ഗിമിറെ ഗുണ്ടേവ് (36) എന്നിവരെ ആഗസ്ത് 31ന് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇപ്പോള്‍ നിയമലംഘനം സംബന്ധിച്ച അന്വേഷണത്തിനായി അധികൃതരുടെ തടവിലാണ്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ തടവിലായവര്‍ക്ക് നല്‍കേണ്ട എല്ലാ മനുഷ്യാവകാശ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കുകയും ഈ രണ്ടു പേരേയും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിനും ചട്ടങ്ങള്‍ക്കും ഖത്തറിലെ നിയമങ്ങള്‍ക്കും ഭരണഘടനക്കും അനുസരിച്ച് കൈകാര്യം ചെയ്യുന്നതായും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ദോഹയിലെ ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ചിട്ടുണ്ട്. ഖത്തറിലെ സുരക്ഷാ സംവിധാനങ്ങളും വിദേശകാര്യ മന്ത്രാലയവും ദോഹയിലെ ബ്രിട്ടീഷ് എംബസിയുമായും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയവുമായും ഇക്കാര്യം സംബന്ധിച്ച് നിരന്തരമായി ബന്ധപ്പെടുന്നതായി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
നോര്‍വേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ റൈറ്റ്‌സ് ആന്റ് ഡവലപ്‌മെന്റ് (ജി എന്‍ ആര്‍ ഡി) എന്ന സംഘടനയ്ക്കു വേണ്ടി ഖത്തറിലെ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന നേപ്പാളി തൊഴിലാളികളുടെ അവസ്ഥയെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ബ്രിട്ടീഷ് പൗരത്വമുള്ള നേപ്പാളി വംശജരായ കൃഷ്ണ ഉപാധ്യായയും ഫോട്ടോഗ്രാഫറായ ഗിമിറെ ഗുണ്ടേവും ആഗസ്ത് 27ന് ഖത്തറിലെത്തിയത്. എന്നാല്‍ ആഗസ്ത് 31ന് താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്ത ഇവരെ കുറിച്ച് പിന്നീട് വിവരം ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തങ്ങളെ ആരോ പിന്തുടരുന്നതായി ഉപാധ്യായ എസ് എം എസ് അയച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരാഴ്ചയ്ക്കു ശേഷമാണ് ഇതു സംബന്ധിച്ച് അധികൃതര്‍ വിവരങ്ങള്‍ പുറത്തു വിട്ടത്.
‘ഞാന്‍ സുഖമായിരിക്കുന്നു. എന്നെ ഇവര്‍ ശരിയായി സംരക്ഷിക്കുന്നുണ്ട്. അധികം വൈകാതെ ഞാന്‍ വീട്ടിലെത്തും. ഞങ്ങളുടെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ കാരണമാണ് ഞങ്ങളെ അറസ്റ്റ് ചെയ്തത്’- ബ്രിട്ടീഷ് എംബസി പ്രതിനിധി മുഖാന്തരം അയച്ച സന്ദേശത്തില്‍ ഉപാധ്യായ പറഞ്ഞതായി ജി എന്‍ ആര്‍ ഡി തങ്ങളുടെ വെബ്‌സൈറ്റിലുടെ അറിയിച്ചു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!