ഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപക സമരവുമായി ഐഎംഎ

തിരുവനന്തപുരം: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഐഎംഎയുടെ 24 മണിക്കൂര്‍ രാജ്യവ്യാപക സമരം തുടങ്ങി. അടിയന്തര സേവനം ഒഴികെയുള്ളവ ബഹിഷ്‌കരിച്ച് പ്രതിഷേധം. സംസ്ഥാനത്ത് മെഡിക്കല്‍ പിജി അസോസിയേഷന്റെ നേതൃത്വത്തിലും സമരം നടക്കും. സര്‍ക്കാര്‍ ആശുപത്രികളിലെയും മെഡിക്കല്‍ കോളേജിലെയും ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. പ്രധാനമായും മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഐഎംഎ പ്രതിഷേധം. ഡോക്ടറുടെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം, ആശുപത്രികള്‍ പ്രത്യേക സുരക്ഷിത മേഖലയാക്കണം, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ചട്ടങ്ങളില്‍ ഭേദഗതികള്‍ വരുത്തണം എന്നിവയാണ് സംഘടന ആവശ്യപ്പെടുന്നത്.

കെജിഎംഒഎ, കെജിഎംസിടിഎ, എംപിജെഡിഎ തുടങ്ങിയ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തു പ്രതിഷേധിക്കും. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞദിവസവും സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടു. ഡോക്ടര്‍ കൂട്ടത്തോടെ ഒപി, വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ചതോടെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം താളം തെറ്റി.  ശനിയാഴ്ച രാവിലെ 6 മുതല്‍ ഞായറാഴ്ച രാവിലെ 6 വരെ സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ പണിമുടക്കും.

അതേസമയം, വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂര്‍ണ സമരത്തില്‍ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും. തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. മെഡിക്കല്‍ പിജി അസോസിയേഷന്റെ നേതൃത്വത്തില്‍ രാവിലെ 9.30ന് തിരുവനന്തപുരം ഉള്ളൂര്‍ കവലയിലേക്ക് സംയുക്ത പ്രതിഷേധമാര്‍ച്ച് നടക്കും.

ദില്ലിയില്‍ ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മുന്നിലാണ് തലസ്ഥാനത്തെ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് ദില്ലിയില്‍ ആരംഭിച്ച സമരത്തില്‍ നൂറു കണക്കിന് ഡോക്ടര്‍മാരാണ് അണിനിരന്നത്. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ മലയാളത്തിലും തമിഴിലുമടക്കം പ്ലക്കാര്‍ഡുകളുണ്ടായിരുന്നു . കൊല്‍ക്കത്ത സംഭവവും സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ടുമടക്കം ഉന്നയിച്ച വിഷയങ്ങളില്‍ രേഖാമൂലം മറുപടി കിട്ടാതായതോടെ സമരം എട്ട് മണിക്കൂറോളം നീണ്ടു. രാത്രിയേറെ വൈകി നടന്ന മൂന്നാം ചര്‍ച്ചയില്‍ അധികൃതര്‍ അയഞ്ഞതോടെ സമരം താത്കാലികമായി അവസാനിപ്പിച്ചു. ഇന്ന് നടക്കുന്ന ഡോക്ടര്‍ സംഘടനകളുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം സമരം കടുപ്പിക്കാനാണ് നിലവിലെ തീരുമാനം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top