Section

malabari-logo-mobile

പോളിങ് സ്റ്റേഷനുകളുടെ ഭിത്തികള്‍ വൃത്തികേടാക്കരുത്; പോളിങ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കാന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

HIGHLIGHTS : Do not defile the walls of polling stations; Ways to make polling stations voter-friendly

പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളടക്കമുള്ള കെട്ടിടങ്ങളില്‍ പോസ്റ്ററുകളും നോട്ടീസുകളും  പതിപ്പിക്കുമ്പോൾ  ജാഗ്രത പാലിക്കണമെന്നും ഭിത്തികളിലെ ചിത്രങ്ങളും മാപ്പുകളും നശിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍. ലോക്‍സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിടുള്ളത്. പോളിങ് സ്റ്റേഷനുകളില്‍ കുടിവെള്ളം ഉറപ്പാക്കുന്നതിന് ശുദ്ധജലം നിറച്ച ഡിസ്പെൻസറും പരിസ്ഥിതി സൗഹൃദങ്ങളായ ഗ്ലാസുകളും പോളിങ് സ്റ്റേഷനിൽ നിർബന്ധമായും ലഭ്യമാക്കണം. തിരഞ്ഞെടുപ്പിനെത്തുടർന്നുള്ള പോളിങ് സ്റ്റേഷനുകളിലെ മാലിന്യം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നീക്കം ചെയ്തുവെന്ന് ഉറപ്പാക്കണമെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

*_വോട്ടർ അസിസ്റ്റൻസ് ബൂത്ത് സജ്ജീകരിക്കണം_*

sameeksha-malabarinews

എല്ലാ പോളിങ് സ്റ്റേഷൻ ലൊക്കേഷനുകളിലും വോട്ടർ അസിസ്റ്റൻസ് ബൂത്ത് സജ്ജീകരിക്കുകയും സമ്മതിദായകരെ സഹായിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുകയും ചെയ്യണം.

*_പോളിങ് സ്റ്റേഷൻ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്_*

വോട്ടർമാർക്ക് പോളിങ് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങൾ, വോട്ടർ അസിസ്റ്റൻസ് ബൂത്ത് എന്നിവയെക്കുറിച്ച് മാർഗ്ഗനിർദ്ദേശം നൽകുന്നതിന് ശരിയായ അടയാളങ്ങൾ പോളിംഗ് സ്റ്റേഷനുകളിൽ സ്ഥാപിക്കണം. ഇവ ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തിലായിരിക്കണം. അക്ഷരങ്ങൾ സ്റ്റാൻഡേർഡ് വലുപ്പത്തിൽ ഉചിതമായ ഉയരത്തിൽ സ്ഥാപിക്കേണ്ടതും വോട്ടർക്ക് അകലെ നിന്ന് എളുപ്പത്തിൽ കാണാവുന്നതുമായിരിക്കണം.

*_ഒന്നും നശിപ്പിക്കരുത്_*

പോളിങ് സ്റ്റേഷനുകൾ കൂടുതലും സ്‌കൂളുകളിലാണ് സ്ഥിതി ചെയ്യുന്നത്. സ്‌കൂൾ കെട്ടിടങ്ങളുടെ ചുവരുകളിൽ ചിത്രങ്ങളും ഭൂപടങ്ങളും വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇത് നശിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. പോളിങ് ബൂത്തുകളിലെ ഫർണീച്ചറുകൾ ഒരു തരത്തിലും നശിപ്പിക്കുവാൻ പാടില്ല. പോളിങ് കഴിഞ്ഞ് മടങ്ങുമ്പോൾ വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ആക്കിയെന്നും ടാപ്പുകൾ അടച്ചുവെന്നും ചുവരുകളിൽ പതിച്ച അറിയിപ്പുകൾ നീക്കം ചെയ്തുവെന്നും ഉറപ്പാക്കണം.

*_ശൗചാലയങ്ങൾ പ്രത്യേകം ഒരുക്കണം_*

ഓരോ പോളിങ് ലൊക്കേഷനിലും പുരുഷന്മാർക്കും സ്ത്രീകൾക്കും മതിയായ എണ്ണം ശൗചാലയങ്ങൾ ഉണ്ടായിരിക്കണം. ആവശ്യത്തിന് ശൗചാലയങ്ങൾ ലഭ്യമല്ലെങ്കിൽ താൽക്കാലിക ക്രമീകരണം നടത്തണം. ശൗചാലയങ്ങളുടെ പരിസരം കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കുകയും ആവശ്യത്തിന് പ്രകാശ സംവിധാനം ഒരുക്കുകയും വേണം. മുകളിലത്തെ നിലയിലാണ് ശൗചാലയമെങ്കിൽ പടിക്കെട്ടിന് കൈവരിയുണ്ടെന്ന് ഉറപ്പാക്കുകയും ഇല്ലാത്ത പക്ഷം താത്ക്കാലികമായി കൈവരി സ്ഥാപിക്കുകയും വേണം

*_കുട്ടികൾക്കായി ക്രഷ് സംവിധാനം_*

നാലിൽ കൂടുതൽ പോളിങ് സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്ന പോളിങ് ലൊക്കേഷനുകളിൽ വോട്ടർമാരെ അനുഗമിക്കുന്ന കുട്ടികൾക്കായി ക്രഷിനുള്ള ക്രമീകരണം ഏർപ്പെടുത്തണം. കുട്ടികളെ പരിപാലിക്കുന്നതിനായി ഒരു ആയയെയോ സന്നദ്ധപ്രവർത്തകയെയോ നിയോഗിക്കുകയും വേണം.

*_മുതിർന്നവർക്കും ഭിന്നശേഷി വിഭാഗക്കാർക്കും പ്രത്യേക സൗകര്യങ്ങൾ_*

മുതിർന്ന സമ്മതിദായകർക്കും ഭിന്നശേഷി വിഭാഗത്തിലുള്ള വോട്ടർമാർക്കും ക്യൂവിൽ നിൽക്കാതെ പോളിങ് സ്റ്റേഷനുകളിൽ പ്രവേശിക്കുന്നതിന് മുൻഗണന ലഭിക്കുന്നുണ്ടെന്നും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പോളിങ് സ്റ്റേഷനിൽ ലഭ്യമാകുന്നുണ്ടെന്നും പ്രിസൈഡിങ് ഓഫീസർമാർ ഉറപ്പാക്കണം. എല്ലാ പോളിങ് സ്റ്റേഷനുകളിലും ഭിന്നശേഷി വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും സൗകര്യമൊരുക്കുന്നതിന് പരമാവധി 1:12 ചരിവുള്ള സ്ഥിരമായ റാംപ് ഉണ്ടാകണം. സ്ഥിരം റാംപ് സ്ഥാപിച്ചിട്ടില്ലാത്ത പോളിങ് സ്റ്റേഷനുകളിൽ താത്കാലിക റാംപുകൾ സ്ഥാപിക്കണം. ഭിന്നശേഷി വോട്ടർമാർക്ക് ആവശ്യമായ വീൽ ചെയറുകൾ പോളിംഗ് സ്റ്റേഷനുകളിൽ ലഭ്യമാക്കണം. ഭിന്നശേഷി വോട്ടർമാർക്കും ഗർഭിണികൾക്കും മുതിർന്ന പൗരന്മാർക്കും ഓരോ പോളിങ് സ്റ്റേഷനിലും മതിയായ കസേരകൾ, ബെഞ്ചുകൾ എന്നിവ നൽകണം.
നീണ്ട ക്യൂവിന് സാധ്യതയുള്ള പോളിങ് സ്റ്റേഷനുകൾ, പോളിങ് ലൊക്കേഷനുകൾ എന്നിവയുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കണമെന്നും. ക്യൂ നിയന്ത്രിക്കുന്നതിനായി സന്നദ്ധപ്രവർത്തകരെ ഏർപ്പാടാക്കുക, ടോക്കണുകൾ വിതരണം ചെയ്യുക തുടങ്ങി തിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളിലുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!