
ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ഫോണുകള്‍ പരിശോധന നടത്തുന്ന കാര്യത്തിലും ഹൈക്കോടതി ചൊവ്വാഴ്ച തീരുമാനമെടുത്തേക്കും. നാളെ ഉച്ചയ്ക്ക് 1.45നാണ് ഹര്‍ജി പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചത്തേക്കാണ് ആദ്യം തീരുമാനിച്ചതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം നാളെ അടിയന്തരമായി പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് ഉടന്‍ നീക്കണമെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ഗോപിനാഥാണ് കേസ് പരിഗണിച്ചത്.
കേസിലെ നിര്‍ണായ തെളിവായ ഫോണിനുവേണ്ടി യാചിക്കേണ്ട സാഹചര്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ദിലീപ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു. ഫോണ്‍ മുംബൈയില്‍ അയച്ച് ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യം കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. മറ്റൊരു പ്രതിക്കും ലഭിക്കാത്ത പ്രത്യേക പ്രിവിലേജ്
ദിലീപിന് മാത്രമായി ഉണ്ടാകരുത്. ഫോണ്‍വിവരങ്ങള്‍ സി.ഡി.ആര്‍. രേഖകളടക്കം പരിശോധിച്ച് അന്വേഷണസംഘം കണ്ടെത്തിയതാണ്. ഡിജിറ്റല്‍ തെളിവുകളടക്കം പ്രതികള്‍ക്കെതിരെ മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് തടഞ്ഞിരിക്കുന്നതിനാല്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. 33 മണിക്കൂര്‍ ചോദ്യംചെയ്തിട്ടും പ്രതി അന്വേഷണവുമായി സഹകരിച്ചില്ല. അറസ്റ്റില്‍ നിന്നുള്ള സംരക്ഷണത്തിന്റെ മറവില്‍ തെളിവുകള്‍ ദിലീപ് നശിപ്പിക്കുകയാണ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു.
ഫോണുകള്‍ ഏത് ലാബിലേക്ക് പരിശോധനയ്ക്ക് അയയ്ക്കണമെന്നതില്‍ അടക്കം നാളെ തീരുമാനമുണ്ടാകും. അതേസമയം എന്താണ് ഈ ഫോണുകളില്‍ ഇത്രയധികം ഉള്ളതെന്ന് പ്രതിഭാഗം അഭിഭാഷന്‍ ചോദിച്ചു. ഫോണുകളില്‍ ഉള്ള വിവരങ്ങളല്ലാതെ എന്തെങ്കിലും തിരുകിക്കയറ്റാനുള്ള സാധ്യതയുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു. കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ ഉപഹര്‍ജി പരിഗണിച്ച ശേഷം അന്വേഷണ സംഘത്തിന് നല്‍കിയാല്‍ പോരെ എന്ന് അഡ്വ.രാമന്‍പിള്ളയുടെ ചോദ്യത്തിന് ഫോണുകള്‍ ഇന്ന് തന്നെ വേണമെന്ന മറുപടിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയത്.




