നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യവുമായി ദീലീപ് ഹൈക്കോടതിയില്‍; മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ദിലീപ് ഹര്‍ജി നൽകി. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യപ്പെട്ടാണ് ദിലീപിന്റെ ഹര്‍ജി. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ് വിചാരണ അട്ടിമറിക്കാനാണ് തുടരന്വേഷണം നടത്തുന്നത് എന്നാണ് ദിലീപ് പുതിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്. വിചാരണക്കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും തുടരന്വേഷണത്തിന് ഒരു മാസത്തെ സമയം അനുവദിച്ച വിചാരണ കോടതി നടപടി നീതീകരിക്കാനാവാത്തതാണെന്നും ദിലീപ് ആരോപിച്ചു. വധഗൂഢാലോചന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഉച്ചയ്ക്ക് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ദിലീപ് പുതിയ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറു ഫോണുകള്‍ ഫൊറന്‍സിക് പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്‌ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ പരിശോധനയ്ക്കയ്ക്കുന്നതിനെച്ചൊല്ലി ഇന്നലെ തര്‍ക്കമായതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. ആലുവ കോടതിയില്‍വെച്ച് ഫോണ്‍ തുറക്കാനാകില്ലെന്ന് തടസവാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. പ്രതികള്‍ കൈമാറിയ ഫോണിന്റെ പാറ്റേണ്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം പരിശോധനയ്ക്ക് അയക്കണമെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിക്കുകയായിരുന്നു. തര്‍ക്കം തുടര്‍ന്നതോടെയാണ് തീരുമാനമെടുക്കുന്നത് ആലുവ മജിസ്‌ട്രേറ്റ് കോടതി ഇന്നത്തേക്ക് മാറ്റിയത്.

Share news
error: Content is protected !!
Scroll to Top