
ഏറെ വൈകിയാണെങ്കിലും സന്ദര്‍ശകരുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ തെക്കിന്റെ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറിൽ ശൈത്യം മൈനസ് ഡിഗ്രിയിലെത്തി. ഡിസംബര്‍ ആദ്യവാരം ശൈത്യകാലം ആരംഭിക്കേണ്ട മൂന്നാറില്‍ ഇപ്പോഴാണ് ശൈത്യം മൈനസ് ഡിഗ്രിയിലേക്കെത്തുന്നത്. ചെണ്ടുവാരയില്‍ മഞ്ഞുവീഴ്ചയുമുണ്ടായി. ഈ ഭാഗത്ത് പുല്‍മൈതാനങ്ങളും കുന്നുകളും മഞ്ഞുവീണ് മൂടിയ നിലയിലായി. ഇന്നലെ ശൈത്യം മൈനസ് ഡിഗ്രിയിലായിരുന്നു. മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടെ ശൈത്യം രേഖപ്പെടുത്തിയത്. ഇതുമൂലം തേയിലച്ചെടികള്‍ നശിച്ചു. സാധാരണ ഗതിയില്‍ ഡിസംബര്‍, ജനുവരി മാസത്തോടെ അവസാനിക്കുന്ന മൂന്നാറിലെ ശൈത്യകാലം ഫെബ്രുവരിയാകുമ്പോഴേക്കും വെയിലിനു വഴിമാറാറുണ്ട്. ഇത്തവണ പതിവ് തെറ്റിച്ച് ഫെബ്രുവരിയിലും കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്.
ശൈത്യം മൈനസ് നാല് ഡിഗ്രിയിലേക്ക് താഴാറുള്ള മൂന്നാറില്‍ 2013 നു ശേഷം ശൈത്യം ഇത്രയും താഴ്ന്ന നിലയിലെത്തിയിട്ടില്ല. എല്ലപ്പെട്ടി, സെവന്‍മല, ലക്ഷ്മി, ചിറ്റുവാര, കന്നിമല, നെയ്മക്കാട് എന്നിവിടങ്ങളിലും നല്ല ശൈത്യമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. സൈലന്റ് വാലിയിലും നല്ലതണ്ണിയിലും ശൈത്യം മൈനസ് ഡിഗ്രിക്കടുത്തെത്തുകയും ചെയ്തു. മാട്ടുപ്പെട്ടിയില്‍ കുറഞ്ഞ താപനില മൂന്നു ഡിഗ്രിയിലേക്കെത്തിയപ്പോള്‍ തെന്മലയില്‍ എട്ടു ഡിഗ്രിയായിരുന്നു ശൈത്യം. വരും നാളുകളിലും ശൈത്യം അതി ശക്തമാകുമെന്നാണ് കരുതുന്നത്. ഡിസംബര്‍ 18ന് മൂന്നാറിലെ താപനില എട്ടു മുതല്‍ അഞ്ച് ഡിഗ്രി വരെയും 20ന് 5.5 ഡിഗ്രിയിലും എത്തിയിരുന്നു.
ശൈത്യകാലത്താണ് മൂന്നാറില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്താറുള്ളത്. എന്നാല്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ സാഹചര്യത്തില്‍ സന്ദര്‍ശകരുടെ ഒഴുക്ക് നന്നേ കുറഞ്ഞിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ മൂലം ഇത്തവണത്തെ കുളിര് ആസ്വദിക്കുവാനുള്ള അവസരം സഞ്ചാരികള്‍ക്ക് നഷ്ടപ്പെടും. മൂന്നാം തരംഗം ആരംഭിക്കുന്നതിനു മുന്‍പ്, ക്രിസ്മസ് അവധിക്കാലമായ ആ സമയത്ത് സന്ദര്‍ശകരുടെ തിരക്കുണ്ടായിരുന്നു. മൂന്നാറിനൊപ്പം, രാജമല, മാട്ടുപ്പെട്ടി, റോസ്ഗാര്‍ഡന്‍, ഇക്കോ പോയിന്റ്, ടോപ് സ്റ്റേഷന്‍, കുണ്ടള, തേക്കടി, വാഗമണ്‍, ഇടുക്കി ഡാം, കൊളുക്കുമല, മീശപ്പുലിമല, വട്ടവട, ചിന്നാര്‍ എന്നിവിടങ്ങളിലും ക്രിസ്മസ്-പുതുവത്സരക്കാലത്ത് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം മൂന്നാറിന്റെ പരിസ്ഥിതിയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജൂണ്‍ മുതല്‍ മൂന്നുമാസം വരെ നീളുന്ന കാലവര്‍ഷമാണ് മൂന്നാറിലുണ്ടായിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷം എല്ലാ മാസവും മഴ പെയ്ത സാഹചര്യത്തിലാണ് ശൈത്യമെത്താന്‍ വൈകിയതെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.




