ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്. സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്ത്, മാനേജര്‍ വെങ്കി എന്നിവര്‍ക്കൊപ്പമാണ് ഇന്നലെ രാത്രി ദിലീപ് ശബരിമലയില്‍ എത്തിയത്. രാത്രി ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൌസില്‍ തങ്ങിയ സംഘം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. സന്നിധാനത്ത് ഏറെ നേരം ചെലവഴിച്ച് ദിലീപ് മേല്‍ശാന്തിയില്‍ നിന്ന് പ്രസാദവും വാങ്ങിയാണ് മലയിറങ്ങിയത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് വിചാരണാ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തങ്ങളുടെ കൈയ്യില്‍ നിന്നും രേഖകള്‍ ചോര്‍ന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരി ഭര്‍ത്താവ് സുരാജിനെയും ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയിരിക്കുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ ബുധനാഴ്ച ഇവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയത്.




