അഞ്ചാം ഐപിഎൽ കിരീടം ചെന്നൈയിലേക്ക്

അഹമ്മദാബാദ്: ഐപിഎല്‍ 2023 ഫൈനലില്‍ ഒടുവില്‍ എം എസ് ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സും അഞ്ചാം കിരീടമുയര്‍ത്തി. മഴ കാരണം 15 ഓവറില്‍ 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിഎസ്‌കെ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കുകയായിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ചതോടെ അഞ്ച് കിരീടങ്ങള്‍ എന്ന മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി എം എസ് ധോണി.

സിഎസ്‌കെയുടെ മറുപടി ബാറ്റിംഗ് ആരംഭിച്ചതിന് പിന്നാലെ എത്തിയ കനത്ത മഴയും കാറ്റും മത്സരം തടസപ്പെടുത്തിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് മുഹമ്മദ് ഷമിയുടെ മൂന്ന് പന്തില്‍ 4 റണ്‍സെടുത്ത് നില്‍ക്കേയാണ് കനത്ത മഴയെത്തിയത്. ഈസമയം നാല് റണ്‍സുമായി റുതുരാജ് ഗെയ്ക്വാദും അക്കൗണ്ട് തുറക്കാതെ ദേവോണ്‍ കോണ്‍വേയുമായിരുന്നു ക്രീസില്‍. ഔട്ട്ഫീല്‍ഡ് പലയിടവും മഴയില്‍ മുങ്ങിയതിനാല്‍ മത്സരം പുനരാരംഭിക്കാന്‍ വൈകി. ഇതോടെ ഏറെ നേരം നഷ്ടമായതിനാല്‍ മത്സരം 15 ഓവറായി ചുരുക്കി. ചെന്നൈക്ക് മുന്നില്‍ വിജയലക്ഷ്യം 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ടു.

ഐപിഎല്‍ 2023ന്റെ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിനായി തകര്‍പ്പന്‍ ഫിഫ്റ്റി നേടി സായ് സുദര്‍ശന്‍. മൂന്നാമനായി ക്രീസിലെത്തി 47 പന്തില്‍ 8 ഫോറും 6 സിക്സും പറത്തി 96 റണ്‍സുമായാണ് സായ് ഇന്നിംഗ്സിലെ അവസാന ഓവറില്‍ മടങ്ങിയത്. ടൈറ്റന്‍സിനെ അനായാസം 200 കടത്തിയ വെടിക്കെട്ടുമായി സായ് സുദര്‍ശന്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു. ഐപിഎല്‍ ഫൈനലുകളുടെ ചരിത്രത്തില്‍ അണ്‍ക്യാപ്ഡ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സായ് സുദര്‍ശന്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. വെറും 21 വയസ് മാത്രമുള്ളപ്പോഴാണ് തമിഴ്നാട് പ്രീമിയര്‍ ലീഗിലെ ശ്രദ്ധേയ താരമായ സായ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 47 പന്തില്‍ 96 റണ്‍സെടുത്ത് പുറത്തായ സായ് സുദര്‍ശന്റെ കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ് പടുത്തുയര്‍ത്തിയത്.

ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ 20 പന്തില്‍ 39 റണ്‍സും വൃദ്ധിമാന്‍ സാഹ 39 പന്തില്‍ 54 റണ്‍സുമെടുത്ത് മടങ്ങി. റാഷിദ് ഖാന്‍ അക്കൗണ്ട് തുറക്കാതെ പുറത്തായപ്പോള്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 12 പന്തില്‍ 21* റണ്‍സുമായി പുറത്താവാതെ നിന്നു. സിഎസ്‌കെയ്ക്കായി മതീഷ പതിരാന രണ്ടും രവീന്ദ്ര ജഡേജയും ദീപക് ചാഹറും ഓരോ വിക്കറ്റും സ്വന്തമാക്കി.

Share news
error: Content is protected !!
Scroll to Top