Section

malabari-logo-mobile

വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണം: മുഖ്യമന്ത്രി

HIGHLIGHTS : Development and environmental protection must go hand in hand: CM

വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചുറ്റുപാടുമുള്ള വിഭവങ്ങളെ ഉപയോഗപ്പെടുത്താതെ മനുഷ്യന്റെ ഉപജീവനം അസാധ്യമാണെന്നും മനുഷ്യ പരിണാമത്തിന്റെയും വികസത്തിന്റെയും ചരിത്രം ഇതു വ്യക്തമാക്കുന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പരിസ്ഥിതി പുനഃസ്ഥാപനം സംബന്ധിച്ചു വനംവകുപ്പ് സംഘടിപ്പിച്ച ദ്വിദിന ദേശീയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉയര്‍ന്ന ജനസാന്ദ്രതയും ജീവിത നിലവാരവുമുള്ള കേരളം പോലൊരു സംസ്ഥാനത്തിന്, വികസന പദ്ധതികള്‍ക്കൊപ്പം ജലസുരക്ഷ, പാരിസ്ഥിതിക സ്ഥിരത, സുസ്ഥിര വികസനം എന്നിവയും അവിഭാജ്യ ഘടകങ്ങളാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതു മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. വനം കയ്യേറ്റം തടയാന്‍ സംസ്ഥാനത്തെ മുഴുവന്‍ വനമേഖലയുടേയും സര്‍വേ നടത്തി സ്ഥിരമായ വേലികെട്ടി അതിര്‍ത്തി നിര്‍ണയിച്ചു. 319.504 ഹെക്ടര്‍ വനഭൂമി നിര്‍ദിഷ്ട റിസര്‍വ് വനമായി വിജ്ഞാപനം ചെയ്യാന്‍ തീരുമാനിച്ചു. സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി, സ്‌കൂളുകള്‍ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും 271.45 ലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നവര്‍ക്ക് ഏക്കറിനു 4,000 രൂപയുടെ സഹായം നല്‍കുന്നുണ്ട്. ഇത്തരം ഇടപെടലുകളുടെ ഫലമായി സംസ്ഥാനത്തിന്റെ വനവിസ്തൃതി 2017ലെ 20,321 ചതുരശ്ര കിലോമീറ്ററില്‍ നിന്ന് 2021 ല്‍ 21,253.49 ച.കി.മീ. ആയി വര്‍ധിച്ചു. മൊത്തം വിസ്തൃതി 51.55 ശതമാനത്തില്‍ നിന്ന് 54.70 ശതമാനം ആയും വളര്‍ന്നു. ജലാശയങ്ങള്‍ വൃത്തിയാക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും കൃഷിയോഗ്യമായ ഭൂമി വീണ്ടെടുക്കുന്നതിനും തരിശുനിലങ്ങളില്‍ കൃഷി ആരംഭിക്കുന്നതിനുമുള്ള പ്രത്യേക ഇടപെടലായാണു ഹരിതകേരളം മിഷന്‍ വിഭാവനം ചെയ്തു നടപ്പാക്കിയത്. ഇതിലൂടെ 412 കിലോമീറ്റര്‍ നദികളും 45,736 കിലോമീറ്റര്‍ തോടുകളും പുനരുജ്ജീവിപ്പിച്ചു. 64,950 കിണറുകള്‍ റീചാര്‍ജ് ചെയ്തു. 26,259 കുളങ്ങള്‍ നവീകരിച്ചു. ജൈവവൈവിധ്യം ഉറപ്പാക്കാന്‍ സംസ്ഥാനത്തുടനീളം 1,686 പച്ചത്തുരുത്തുകള്‍ സ്ഥാപിച്ചു. 2018ലെ നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതിയും ഈ സര്‍ക്കാര്‍ കൊണ്ടുവന്ന പരിസ്ഥിതി പുനരുദ്ധാരണ നയവും ഈ മേഖലയിലെ സുപ്രധാന ഇടപെടലുകളാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

sameeksha-malabarinews

പാരിസ്ഥിതിക, ജലസുരക്ഷ മുന്‍നിര്‍ത്തി പരിസ്ഥിതി പുനഃസ്ഥാപന പ്രക്രിയകള്‍ വനാശ്രിത സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ വികസനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി 1950കള്‍ മുതല്‍ 1980കളുടെ തുടക്കം വരെ ജൈവസമ്പന്നമായിരുന്ന സ്വാഭാവിക വനങ്ങള്‍ വെട്ടിത്തെളിച്ച് യൂക്കാലിപ്റ്റസ്, അക്കേഷ്യ, മാഞ്ചിയം തുടങ്ങിയ വിദേശ ഏകവിളത്തോട്ടങ്ങള്‍ വെച്ചുപിടിപ്പിച്ചിരുന്നു. അതിന്റെ ഫലമായി ഏതാണ്ട് 27,000 ത്തോളം ഹെക്ടര്‍ വിദേശ ഏകവിളത്തോട്ടങ്ങളും 90,000 ത്തോളം ഹെക്ടര്‍ തേക്ക് തോട്ടങ്ങളുമാണ് കേരളത്തിന്റെ വനഭൂമിയില്‍ ഇപ്പോള്‍ നിലവിലുള്ളത്. കേരളത്തിന്റെ മണ്ണിന് അനുയോജ്യമല്ലാത്ത സസ്യങ്ങളുടെ കടന്നുകയറ്റം സ്വാഭാവിക വനങ്ങളുടെ ശോഷണത്തിനു കാരണമായിട്ടുണ്ട്. ഇതുമൂലം വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് ശോഷണം സംഭവിക്കുകയും, ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഭക്ഷണാവശ്യങ്ങള്‍ക്കായി ആശ്രയിക്കാന്‍ വന്യമൃഗങ്ങള്‍ പ്രേരിതരാകുന്ന സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. ഇതു വന്യജീവി ശല്യത്തിന് ആക്കം കൂട്ടുന്നതായി ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. അധിനിവേശ സസ്യ-ജന്തുജാലങ്ങള്‍ കേരളത്തിന്റെ ആവാസവ്യവസ്ഥയ്ക്കു ഗുരുതര കോട്ടം വരുത്തിയിട്ടുണ്ടെന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരം അധിനിവേശ സസ്യ-ജന്തുജാലങ്ങളെ നിര്‍മാര്‍ജനം ചെയ്യേണ്ടത് അനിവാര്യമാണ്.

സംസ്ഥാനത്തെ സ്വാഭാവിക വനങ്ങളുടെയും ആവാസവ്യവസ്ഥകളുടെയും പുനഃസ്ഥാപനം എന്ന നയരേഖക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഇപ്പോഴുള്ള വനമേഖല 11,521.813 ചതുരശ്ര കിലോമീറ്റര്‍ ആണ്. ഇതു സംസ്ഥാനത്തിന്റെ ആകെ വിസ്തീര്‍ണത്തിന്റെ 29.65 ശതമാനമാണ്. ദേശീയ വനനയം അനുശാസിക്കുന്ന 33 ശതമാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി 7,211 ഹെക്ടര്‍ യുക്കാലിപ്റ്റസ് തോട്ടങ്ങളെയും 7,342 ഏക്കര്‍ അക്വേഷ്യ തോട്ടങ്ങളെയും 2,843 ഹെക്ടര്‍ മാഞ്ചിയം തോട്ടങ്ങളെയും സ്വാഭാവിക വനങ്ങളാക്കി പരിവര്‍ത്തിപ്പിക്കേണ്ടതുണ്ടെന്നാണ് 13-ാം പഞ്ചവത്സര പദ്ധതിയില്‍ കണക്കാക്കിയത്. തിരുവനന്തപുരം, അച്ചന്‍കോവില്‍, തെന്‍മല, മറയൂര്‍, ചാലക്കുടി, പാലക്കാട് എന്നിവിടങ്ങളില്‍ ഇത്തരത്തിലുള്ള പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്. വയനാട് വന്യജീവി സങ്കേതത്തില്‍ വ്യാപകമായി കണ്ടുവരുന്ന ‘സെന്ന’ എന്ന സസ്യത്തെ ഒഴിവാക്കുന്നതിനായുള്ള പദ്ധതിയും ആവിഷ്‌കരിച്ചു വരികയാണ്.

ഇതിനൊക്കെ ഉതകുംവിധം വിദേശ വൃക്ഷവിളകളുടെ തോട്ടങ്ങള്‍ ഒഴിവാക്കല്‍, മണ്ണ്-ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, അധിനിവേശ സസ്യജന്തുജാലങ്ങളുടെ നിര്‍മാര്‍ജനം, കാലാവസ്ഥാവ്യതിയാനം ലഘൂകരിക്കുവാനുള്ള നടപടികള്‍, തീരവനം, നഗരവനം, വിദ്യാവനം പദ്ധതികള്‍, തണ്ണീര്‍ത്തടങ്ങള്‍, കണ്ടല്‍ക്കാടുകള്‍ എന്നിവയുടെ സംരക്ഷണം തുടങ്ങിയവ ഏറ്റെടുക്കണം. അവയൊക്കെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമഗ്രമായ കര്‍മ പദ്ധതിയാണു കേരളത്തിന്റെ സ്വാഭാവിക വനങ്ങളുടെയും ആവാസവ്യവസ്ഥകളുടെയും പുനഃസ്ഥാപനത്തിനുള്ള നയരേഖയിലൂടെ മുന്നോട്ടുവെച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വനവുമായി ബന്ധപ്പെട്ട ഭൂമിയുടെ പട്ടയങ്ങള്‍ ഓണത്തിനു മുന്‍പു വിതരണം ചെയ്യാനാകുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയ ഡയറക്ടര്‍ ജനറലുമായി ചര്‍ച്ച ചെയ്തു. വിശദീകരണം ആവശ്യപ്പെട്ട വിഷയങ്ങളില്‍ ഉടന്‍ പരിഹാരമുണ്ടാക്കാന്‍ കഴിയും. തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട പ്രശ്‌നവും പരിഹരിച്ചതായി മന്ത്രി പറഞ്ഞു.

മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടന്ന ചടങ്ങില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (യു.എസ്.എ.ഐ.ഡി) വികസിപ്പിച്ച ഫോറസ്റ്റ് മാനേജ്മെന്റ് ടൂളുകളുടെയും സെമിനാര്‍ സ്മരണിക പോസ്റ്റല്‍ കവറിന്റെയും പ്രകാശനം ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ചന്ദ്രപ്രകാശ് ഗോയല്‍, സംസ്ഥാന വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, യു.എസ്.എ.ഐ.ഡി. ഡെപ്യൂട്ടി മിഷന്‍ ഡയറക്ടര്‍ കാരെന്‍ ക്ലിമോസ്‌കി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!