Section

malabari-logo-mobile

മഞ്ചേരി രാമയ്യര്‍ക്ക് ആദരവുമായി തപാല്‍ വകുപ്പ്

HIGHLIGHTS : Department of Posts pays tribute to Mancheri Ramayyar

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും അഭിഭാഷകനും തിയോസഫിക്കല്‍ സൊസൈറ്റി പ്രവര്‍ത്തകനുമായിരുന്ന മഞ്ചേരി രാമയ്യര്‍ക്ക് ആദരമായി തപാല്‍ വകുപ്പ് പ്രത്യേക കവര്‍ പുറത്തിറക്കി. മഞ്ചേരി വുഡ്‌ബെയ്ന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എം പി അബ്ദുസ്സമദ് സമദാനി എംപിയുടെ സാന്നിധ്യത്തില്‍ മഞ്ചേരി പോസ്റ്റല്‍ സൂപ്രണ്ട് വി പി സുബ്രമണ്യന്‍ ഹൈക്കോടതി ജഡ്ജ് അലക്‌സാണ്ടര്‍ തോമസിന് നല്‍കി പ്രകാശനം ചെയ്തു. മഞ്ചേരി ജില്ലാ ജഡ്ജ് മുരളീ കൃഷ്ണ , തിരുവനന്തപുരം കോപറേറ്റീവ് ട്രിബുണല്‍ ജില്ലാ ജഡ്ജ് ശേഷാദ്രിനാഥന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ വിഎം സുബൈദ , മഞ്ചേരി ബാര്‍ കൌണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് , കോഴിക്കോട് ബാര്‍ കൌണ്‍സില്‍ പ്രസിഡന്റ് കെ സ് സജി, മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്‍ അസിസ്റ്റന്റ് സുപ്രണ്ട് ആര്‍ ബിന്ദു , മഞ്ചേരി പോസ്റ്റല്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് സൂപ്രണ്ട് മാത്യു ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

തഞ്ചാവൂരില്‍ നിന്നുള്ള തമിഴ് ബ്രാഹ്‌മണ കുടുംബത്തില്‍ സുന്ദ രയ്യരുടെയും അന്നപൂര്‍ണയുടെയും മകനായി പാലക്കാടാണ് രാമയ്യര്‍ ജനിച്ചത്. കൊല്ലങ്കോടി രാജാവാണ് ഈ കുടുംബത്തെ തഞ്ചാവൂരില്‍ നിന്ന് പാലക്കാട്ട് എത്തിച്ചത്. പിന്നീട് സുന്ദരയ്യര്‍ മഞ്ചേരിയില്‍ സ്ഥിരതാമസമാക്കി. സുന്ദരയ്യരില്‍ തുടങ്ങി മകന്‍ രാമയ്യര്‍, മഞ്ചേരി സുബ ഹ്‌മണ്യന്‍, മഞ്ചേരി സുന്ദര്‍ രാജ് ഡോ. മഞ്ചേരി സുബിന്‍ സുന്ദര്‍ രാജ് വരെ അഞ്ചു തലമുറകളായി അഭിഭാഷക വൃത്തിയില്‍ നിറഞ്ഞു നില്‍ക്കുന്ന കുടുംബം ‘മഞ്ചേരി’ എന്നത് പേരിനൊപ്പം ചേര്‍ത്തുവച്ചു.

sameeksha-malabarinews

അഭിഭാഷകവൃത്തിയില്‍ മാത്രമല്ല ജാതിവ്യവസ്ഥയ്ക്കും ഉച്ച നീചത്വങ്ങള്‍ക്കുമെതിരെ പോരാടിയ രാമയ്യര്‍ മലബാറിലെ ദേശീയ പ്രസ്ഥാനത്തില്‍ കരുത്തനായിരുന്നു. ഡോ.ആനി ബസന്റിന്റെ അടുത്ത അനുയായിയായി മാറി തിയോസഫിക്കല്‍ സൊസൈറ്റിയുടെ വക്താവായി. ഇന്ത്യയില്‍ സ്വയംഭരണം ആവശ്യപ്പെട്ട് ഹോം റൂള്‍ ലീഗിനെ പ്രതിനിധീകരിച്ച് ലണ്ടന്‍ സന്ദര്‍ശിച്ച ഹോം റൂള്‍ കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. എന്നാല്‍ അദ്ദേഹത്തെയും ആനി ബസന്റിനെയും മറ്റ് രണ്ട് സംഘാംഗങ്ങളെയും വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതില്‍ നിന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ജിബ്രാള്‍ട്ടറില്‍ തടഞ്ഞു. കോഴിക്കോട്ടെ ആനിഹാള്‍ നിര്‍മിച്ചത് രാമയ്യരുടെയും രാമുണ്ണി മേനോന്റെയും നേതൃത്വത്തിലായിരുന്നു. വാഗണ്‍ ട്രാജഡി അന്വേഷണ കമ്മിഷനെ നയിച്ച ഖ്യാതിയും അദ്ദേഹത്തിനു സ്വന്തം. മലബാറിലെ ജാതി വ്യവസ്ഥയെ എതിര്‍ത് രാമയ്യര്‍, ആര്യസമാജം, ബ്രഹ്‌മസമാജം, മഹാബോധി ബുദ്ധന്‍ തുടങ്ങിയ ഒമ്പത് പ്രസ്ഥാനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തിയ ബ്രഹ്‌മ വിദ്യാസംഘത്തിന്റെ സജീവ അംഗമായിരുന്നു.

ഇംഗ്ലിഷിലെ വെസ്റ്റ് കോസ്റ്റ് സ്‌പെക്ടേറ്റര്‍, മലയാളത്തിലെ സനാതന ധര്‍മം എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്ന അദ്ദേഹം പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും കഴിവ് തെളിയിച്ചു. തൊട്ടുകൂടായ്മ ഇല്ലാതാക്കുവാന്‍ പന്തിഭോജനത്തിനു നേതൃത്വം നല്‍കി. ജാതിവ്യവസ്ഥയ്‌ക്കെതിരെ ക്ഷേത്രങ്ങള്‍ക്കു ചുറ്റുമുള്ള നിരത്തുകളില്‍ ജാഥ സംഘടിപ്പിച്ച രാമയ്യര്‍ ഒടുവില്‍ സ്വന്തം സമുദായത്തില്‍ നിന്നും പുറത്താക്കപ്പെട്ടു. ഇഴകീറിയെടുക്കുന്ന ന്യായവാദങ്ങളിലൂടെ മാത്രമായിരുന്നില്ല സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിവിധ ഏടുകളില്‍ തിളങ്ങി നിന്നു കൊണ്ടാണ് മഞ്ചേരിയുടെയും ഇന്ത്യയുടേയും സ്വന്തമായത്. സ്വതന്ത്ര ഇന്ത്യയുടെ എഴുപത്തഞ്ചാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ഛ് അറിയപ്പെടാത്ത സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് തപാല്‍ വകുപ്പ് മഞ്ചേരി ഡിവിഷന്‍ മഞ്ചേരി രാമയ്യരെ പ്രത്യേക തപാല്‍ കവറിലൂടെ ആദരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!