Section

malabari-logo-mobile

കോവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ച് രാജ്യം; 20,000 കോടിയിലധികം മുടക്കി പാര്‍ലമെന്ററി മന്ദിരം മോടി പിടിപ്പിച്ച് മോദി

HIGHLIGHTS : Country shaken by Covid expansion; Modi builds Parliament building at a cost of over Rs 20,000 crore

ന്യുഡല്‍ഹി: രാജ്യം കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ചിരിക്കുമ്പോള്‍ കേന്ദ്ര പാര്‍ലമെന്ററി മന്ദിരം മോടി പിടിപ്പിക്കുന്നതിന്റെ തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. ആശുപത്രികളില്‍ ഓക്സിജന്‍ പോലും ലഭിക്കാതെ രോഗികള്‍ ശ്വാസം മുട്ടുമ്പോള്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നത് തീര്‍ത്തും തികഞ്ഞ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. രാജ്യം പ്രതിസന്ധിയിലായിരിക്കെ 20,000 കോടിയിലേറെ വിലവരുന്ന പദ്ധതിയാണ് കേന്ദ്രം മുന്നോട്ടു കൊണ്ടുപോകുന്നത്.

നിയമസഭയും മറ്റ് ചരിത്ര പ്രധാനമായ കെട്ടിടങ്ങളും ഉള്‍ക്കൊള്ളുന്ന സെന്‍ട്രല്‍ ഡല്‍ഹി പുനര്‍നിര്‍മിക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നില്‍ മോദിയുടെ കയ്യൊപ്പ് പതിപ്പിക്കുക എന്നാണ് ഈ മഹാമാരിക്കാലത്തും കേന്ദ്രം ചിന്തിക്കുന്നത്. 50 ഫുട്‌ബോള്‍ മൈതാനങ്ങളുള്ള ഒരു പ്രദേശവും പദ്ധതി ഉള്‍ക്കൊള്ളുന്നു.

sameeksha-malabarinews

ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത് നിര്‍മ്മിച്ച 94 വര്‍ഷം പഴക്കമുള്ള ഈ കെട്ടിടം ഒരു മ്യൂസിയമായി മാറും. സര്‍ക്കാര്‍ ഓഫീസുകള്‍ക്കായി തുറസ്സായ സ്ഥലങ്ങള്‍ പുനര്‍നിര്‍മ്മിക്കപ്പെടും. മാത്രമല്ല, പ്രധാനമന്ത്രിക്കായി പുതിയ വസതി പണിയാന്‍ സാധ്യതയുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നു. നരേന്ദ്ര മോദി മൂന്നാം തവണ ലോക്സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന 2024 ല്‍ ഇതെല്ലാം പൂര്‍ത്തിയാക്കേണ്ടതുമുണ്ട്.

പ്രതിദിന കോവിഡ് കണക്കില്‍ ലോകരാഷ്ട്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ ഒരു അവശ്യ സര്‍വ്വീസ് എന്ന നിലയിലാണ് കേന്ദ്രം വിസ്ത പദ്ധതി മുന്നോട്ട് കൊണ്ടു പോകന്നതെന്നതില്‍ പരം അപമാനം മറ്റെന്താണെന്ന വിമര്‍ശനവും രൂക്ഷമാണ്. രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഓക്സിജനും മറ്റ് ചികിത്സ സാമഗ്രകളുടെയും കിടക്കളുടെയും അഭാവം നേരിടുമ്പോഴാണ് കേന്ദ്രം കോടികള്‍ മുടക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.

ജോലിയും ഭക്ഷണവും ആംബുലന്‍സും ഇല്ലാത്ത ഇന്ത്യക്കാരോട് പ്രധാനമന്ത്രി മോദി പുതിയ പാര്‍ലമെന്റ് മന്ദിരം പ്രഖ്യാപിക്കുന്ന കാര്‍ട്ടൂണിനൊപ്പമാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്. മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഒട്ടേറെ പേരാണ് ഇതിനോടകം മരണപ്പെട്ടത്. ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ മാത്രം 25 രോഗികളാണ് ഓക്സിജന്‍ ദൗര്‍ലഭ്യത്തെ തടര്‍ന്ന് മരണപ്പെട്ടത്.

പുതിയ പാര്‍ലമെന്റ് കെട്ടിടം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയ്ക്ക് സുപ്രീംകോടതി പച്ചക്കൊടികാട്ടിയിരുന്നു. പദ്ധതി വിലക്കണമെന്നാവശ്യപ്പെടുന്ന ഹരജികള്‍ തള്ളിയ സുപ്രിംകോടതി സെന്‍ട്രല്‍ വിസ്ത പദ്ധതിയിക്ക് ആവശ്യമായ എല്ലാ അനുമതികളുമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിധി. സെന്‍ട്രല്‍ വിസ്ത പദ്ധതിയ്ക്ക് നിയമസാധുതയുണ്ടെന്നും അത് നിലനില്‍ക്കുമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. പദ്ധതിയ്ക്ക് പാരിസ്ഥിതിക അനുമതി തേടിയ നടപടിക്രമങ്ങള്‍ ചോദ്യംചെയ്യുന്ന ഹരജികള്‍ ഉള്‍പ്പെടെ മൂന്നംഗ ബെഞ്ച് തള്ളുകയായിരുന്നു. എന്നാല്‍ ഭൂവിനിയോഗത്തില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന എതിര്‍പ്പറിയിച്ചു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഈ കോവിഡ് പ്രതിസന്ധിക്കിടയിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി കേന്ദ്രം മുന്നോട്ടു പോയിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!