Section

malabari-logo-mobile

വിഷ്ണുപ്രിയ കൊലക്കേസ്;പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍;ശിക്ഷാവിധി തിങ്കളാഴ്ച

HIGHLIGHTS : Vishnu Priya murder case; Accused Shyamjith guilty; Sentencing on Monday

കണ്ണൂര്‍: പ്രണയപകയെ തുടര്‍ന്ന് പാനൂരില്‍ വിഷ്ണുപ്രിയയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്. കൂത്തുപറമ്പിനടുത്ത് മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എം ശ്യാംജിത്ത്(28)നെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്.

2022 ഒക്ടോബര്‍ 22 നായിരുന്നു പാനൂര്‍ വള്ള്യായിലെ കണ്ണച്ചാകണ്ടി വീട്ടില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയയെ (23) പകല്‍ 12 മണിയോടെ വീട്ടിലെ കിടപ്പ് മുറിയില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. സംഭവത്തില്‍ മണിക്കൂറുകള്‍ക്കകം മാനന്തേരിയിലെ താഴെകളത്തില്‍ എ ശ്യാംജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രണയം നിരസിച്ചയിലുള്ള പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. കൊല മൃഗീയമായിരുന്നുവെന്നാണ് കോടതിയില്‍ പ്രോസിക്യൂഷന്റെ വാദം. പ്രതിക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച വിധിക്കും. ബാഗില്‍ മാരക ആയുധങ്ങളുമായെത്തിയാണ് പ്രതി വിഷ്ണുപ്രിയയെ അക്രമിച്ചത്. ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം ഇരു കൈകള്‍ക്കും പരിക്കേല്‍പ്പിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

sameeksha-malabarinews

29 മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നുവെന്ന് കൃഷ്ണപ്രിയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കഴുത്ത് അറ്റുത്തൂങ്ങിയ നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇതിനിടെ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ച മജിസ്‌ട്രേറ്റിന് മുന്നില്‍ പ്രതി മൗനം പാലിക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ വാദത്തിന് ശേഷം കോടതി പ്രതിക്കുള്ള ശിക്ഷ വിധിക്കും.

വിഷ്ണുപ്രിയ വീട്ടില്‍ നിന്ന് സുഹൃത്തായ പൊന്നാനി പനമ്പാടിയിലെ വിപിന്‍ രാജുമായി വീഡിയോ കോള്‍ വഴി സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ ശ്യാംജിത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന് കൊലപ്പെടുത്തുകയായിരുന്നു. ശ്യാംജിത്ത് വീട്ടിലെത്തിയ കാര്യം വിഷ്ണു പ്രിയ വിപിന്‍ രാജിനോട് ഫോണില്‍ പറഞ്ഞിരുന്നു. ഇതായിരുന്നു കേസില്‍ നിര്‍ണായകമായത്. പാനൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു വിഷ്ണുപ്രിയ. പ്രതി വിഷ്ണുപ്രിയയുടെ വീട്ടില്‍ കൃത്യം നടത്താനായി എത്തിയ ബൈക്കും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് തൊണ്ടിമുതലായി കണക്കാക്കി വിചാരണ കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. 2023 സെപ്റ്റംബര്‍ 21നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസില്‍ ആകെ 73 സാക്ഷികളാണുള്ളത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം നടത്തിയത്. അറസ്റ്റിലായ ശ്യാംജിത്ത് അന്നുമുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ഖത്തറില്‍ ജോലി ചെയ്യുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളാണ് വിഷ്ണുപ്രിയ.
വിപിന, വിസ്മയ, അരുണ്‍ എന്നിവരാണ് വിഷ്ണുപ്രിയയുടെ സഹോദരങ്ങള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!