പാലക്കാട്: തങ്കം ആശുപത്രിയില്‍ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്ത് പിഴവില്ലെന്ന് ഐഎംഎ. മതിയായ എല്ലാ ചികിത്സയും ഐശ്വര്യക്ക് നല്‍കിയിരുന്നുവെന്ന് ഐഎംഎ പാലക്കാട് പ്രസിഡന്റ് ഡോ. എന്‍.എം.അരുണ്‍ പറഞ്ഞു. അമിതമായ രക്തസ്രാവമാണ് ഐശ്വര്യയുടെ മരണത്തിന് ഇടയാക്കിയത്. ഡ്യൂട്ടിയിലുള്ള ഗൈനക്കോളജിസ്റ്റ് തന്നെയാണ് ഐശ്വര്യയെ നോക്കിയത്. ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് അനുമതി വാങ്ങിയിട്ടുണ്ടെന്നും ഡോ. എന്‍.എം.അരുണ്‍ പറഞ്ഞു.
അതേസമയം ഐഎംഎയുടെ നിലപാടിനെതിരെ ഐശ്വര്യയുടെ കുടുംബം രംഗത്തെത്തി. ചികിത്സാ പിഴവല്ലെന്ന ഐഎംഎ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കുടുംബം വ്യക്തമാക്കി. ഐഎംഎ ഇത്തരത്തില്‍ നിലപാട് എടുത്തത് ഡോക്ടര്‍മാരെ സംരക്ഷിക്കാനാണ്. ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും ഐശ്വര്യയുടെ കുടുംബം വ്യക്തമാക്കി. ഇന്നലെ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കുടുംബം നിലപാടെടുത്തതോടെ സംഘര്‍ഷഭരിതമായിരുന്നു ആശുപത്രി പരിസരം. പിന്നീട് പാലക്കാട് ഡിവൈഎസ്പിയും ആര്‍ഡിഓയും അടക്കം സ്ഥലത്തെത്തിയാണ് കുടുംബത്തെ അനുനയിപ്പിച്ചത്.
അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ നേരത്തെ വ്യക്തമാക്കിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ് വിവരങ്ങളും കിട്ടിയ ശേഷം അന്വേഷണം തുടങ്ങും. ചികിത്സാ പിഴവുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഡിഎംഒ പറഞ്ഞു. അമിത രക്തസ്രാവമുണ്ടായതാണ് ഐശ്വര്യയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിവരം. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരൂ എന്ന് പാലക്കാട് ഡിവൈഎസ്പി പറഞ്ഞു. ചികിത്സാ പിഴവിനെ തുടര്‍ന്നാണ് ഐശ്വര്യ പ്രസവത്തോടെ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഐശ്വര്യയുടെ കുഞ്ഞ് തലേ ദിവസം മരിച്ചിരുന്നു.
സംഭവത്തില്‍, ചികിത്സാ പിഴവിന് മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തങ്കം ആശുപത്രിക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കും കേസെടുത്തിട്ടുണ്ട്.
ആറ് ദിവസം മുമ്പാണ് 25കാരിയായ ഐശ്വര്യയെ തങ്കം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിസേറിയന്‍ വേണമെന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം അറിയിച്ചത്. പിന്നീട് സാധാരണ പ്രസവം മതിയെന്നായി. കുട്ടിയെ പുറത്തെടുത്തത് വാക്വം ഉപയോഗിച്ചാണ്. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടര്‍ന്ന് ഐശ്വര്യയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. നവജാത ശിശുവിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി വരിഞ്ഞു മുറുകിയ നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട്.




