എടപ്പാള്‍:കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറിയ അപകട പരമ്പരയുണ്ടാക്കി. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ എടപ്പാള്‍ ജങ്ഷനിലാണ് അപകടം ഉണ്ടായത്. വാഹനങ്ങളും ആളുകളും കുറവായതിനാല്‍ വന്‍ അപകടമാണ് ഇവിടെ ഒഴിവായി.
തൃശ്ശൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിലാണ് ആദ്യം ഇടിച്ചത്. തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ജങ്ഷനിലെ സഹാറ ബേക്കറിയിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ ബേക്കറി തകര്‍ന്നു. പിന്നീട് പുറകോട്ട് നീങ്ങിയ ലോറി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലിടിച്ചാണ് നിന്നത്.
അപകടം കണ്ട് ബസ് ഒതുക്കാന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ശ്രമിച്ചെങ്കിലും ലോറി നിയന്ത്രണം വിട്ടെത്തി. ബസ് യാത്രക്കാര്‍ക്ക് പരിക്കില്ല. ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ പൊന്നാനി ഫയര്‍ഫോഴ്സും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. തല ക്യാബിനില്‍ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവര്‍. ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കണ്ടെയ്നര്‍ ലോറി.




