ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട, നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് രാത്രി, എട്ടിനും പത്തു മണിയ്ക്കുമിടയില്‍ കര തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 120 മുതല്‍ 145 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട് . തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പുതുച്ചേരിയിലെ കാരയ്ക്കാല്‍ മുതല്‍ തമിഴ്‌നാട്ടിലെ മഹാബലിപുരം വരെയുള്ള 250 കിലോമീറ്റര്‍ കടലോര മേഖലയിലാകും കാറ്റ് കര തൊടുക. ജനങ്ങള്‍ പരമാവധി പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. കടലോര മേഖലയില്‍ താമസിയ്ക്കുന്ന നൂറു കണക്കിന് കുടുംബങ്ങളെ ഇതിനകം തന്നെ മാറ്റി പാര്‍പ്പിച്ചു കഴിഞ്ഞു. പുതുച്ചേരിയില്‍ നിരോധനാജ്ഞയും തമിഴ്‌നാട്ടില്‍ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.ചെന്നൈ ഉള്‍പ്പെടെ തമിഴ് നാട്ടിലെ ഏഴ് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.


നിരവധി ട്രെയ്ന്‍-വിമാന സര്‍വീസുകളാണ് നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിട്ടുള്ളത് . 24 ട്രെയ്നുകളാണ് നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കിയത്. ചെന്നൈ തുറമുഖം അടച്ചിട്ടിരിക്കുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയും തീരദേശ സേനയും രംഗത്തുണ്ട്.