കസ്റ്റഡി മരണം : എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒളിവില്‍

തൃശ്ശൂര്‍:  എക്‌സൈസ് കസ്റ്റഡിയില്‍ കഞ്ചാവ് കേസിലെ പ്രതി മരിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒളിവില്‍. തൃശ്ശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എട്ടു ഉദ്യോസ്ഥര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരോട് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ച് ഒളിവില്‍ പോയതാണെന്നാണ് സൂചന.

ഗുരുവായൂര്‍ അസി. പോലീസ് കമ്മീഷണര്‍ ബിജു ഭാസ്‌കറിനാണ് അന്വേഷണചുമതല. എട്ട് ഉദ്യോഗസ്ഥരുടെയും വീട്ടില്‍ ഹാജരാകാന്‍ നോട്ടീസ് പതിച്ചു. തിങ്കളാഴ്ച മുതല്‍ പോലീസ് ഇവര്‍ക്കായുള്ള തിരിച്ചല്‍ ആരംഭിച്ചു.
പോലീസ് പ്രതിചേര്‍ത്ത ആളുകളോട് ഹാജരാകണമെന്ന് ആവിശ്യപ്പെട്ടിട്ടുണ്ടെന്ന് തൃശ്ശൂര്‍എക്‌സൈസ് കമ്മീഷണര്‍ പി.കെ സനു പറഞ്ഞു.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ വിഎ ഉമ്മര്‍, എംജി അനൂപ് കുമാര്‍, അബ്ദുല്‍ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിതിന്‍ മാധവന്‍, വിഎം സ്മിബിന്‍, എം ഒ ബെന്നി, മഹേഷ്, ഡ്രൈവര്‍ വിവി ശ്രീജിത്ത് എന്നിവര്‍ക്കെതിരിയാണ് കേസ്.
മലപ്പുറം തിരൂര്‍ ആലത്തിയൂര്‍ കൈമലശ്ശേരി സ്വദേശി രഞ്ജിത്ത് കുമാര്‍ ആണ് കഴിഞ്ഞ ഒക്ടോബര്‍ ഒന്നാംതിയ്യതി കസ്റ്റഡിയിലിരിക്കെ മരിച്ചത്. ഗുരുവായൂരില്‍ നിന്നും രണ്ട് കിലോ കഞ്ചാവുമായി എക്‌സൈസ് കസ്റ്റഡിയില്‍ എടുത്ത ഇയാളെ മരിച്ച നിലയില്‍ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദ്ധനം മൂലമാണ് മരണം സംഭവിച്ചതെന്ന് സ്ഥിതീകരിച്ചു. തുടര്‍ന്നാണ് പോലീസ് എക്‌സൈസ് ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്.
നേരത്തേയും കഞ്ചാവ് കേസില്‍ പ്രതിയായ രഞ്ജിത്തിനെ കൂടുതല്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത് കണ്ടെത്താന്‍ മര്‍ദ്ധനത്തിന് ഇരയാക്കിയതാണ് മരണകാരണമെന്നാണ് പോലീസ് കരുതുന്നത്. എക്‌സൈസ് ഉദ്യോഗസ്ഥരെ കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷമെ ഇതില്‍ എത്രപേരെ പ്രതിചേര്‍ക്കുമെന്ന് പറയാനാകു എന്നാണ് പോലീസ് നിലപാട്.

Related Articles