ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ഇന്ന് കേസെടുക്കും

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിയാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശ്രമിച്ചു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്ന സുരേഷില്‍ ഇഡി സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതിനായി കൊച്ചി കേന്ദ്രമായി വന്‍ ഗൂഢാലോചന നടന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) കഴിഞ്ഞദിവസം ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ നിയമോപദേശം വ്യാജ തെളിവുണ്ടാക്കലും ഗൂഢാലോചനയും ശരിവയ്ക്കുന്നു. ഈ ഗുരുതര കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ഇന്നുതന്നെ കേസെടുത്തേക്കും.

ഇഡിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം നിയമോപദേശം നല്‍കിയിരുന്നു. ഐപിസി 116, 120 ബി, 167, 192, 193, 195 എന്നീ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. ജീവപര്യന്തംവരെ ശിക്ഷ കിട്ടാവുന്ന കള്ളത്തെളിവ് സൃഷ്ടിക്കല്‍, പൊതുസേവകന്‍ കള്ളരേഖ ചമയ്ക്കല്‍, ഗൂഢാലോചന, പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണിത്.

മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ സമ്മര്‍ദമുണ്ടെന്ന സ്വപ്നയുടെ ശബ്ദരേഖയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ശബ്ദരേഖ തന്റേത് തന്നെയെന്ന് സ്വപ്ന ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയിപ്പിക്കാന്‍ സ്വപ്നയില്‍ ഇഡി സമ്മര്‍ദം ചെലുത്തിയതായി സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് വനിതാ ഉദ്യോഗസ്ഥരും മൊഴി നല്‍കി. ഇതില്‍ രണ്ടുപേരുടെ മൊഴി പുറത്ത് വന്നു. സ്വപ്ന പറഞ്ഞത് ശരിവയ്ക്കുന്ന തരത്തില്‍ മറ്റൊരു പ്രതി സന്ദീപ് നായര്‍ ജയിലില്‍നിന്ന് മജിസ്ട്രേട്ടിനെഴുതിയ കത്തും പുറത്തുവന്നു. ഇതെല്ലാം വിശദമായി പരിശോധിച്ചാണ് കള്ളത്തെളിവുണ്ടാക്കാന്‍ ഇഡി ശ്രമിച്ചതായ നിഗമനത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എത്തിയത്.
ഇതിനായി സ്വപ്നയുടെ ശബ്ദരേഖയുടെ ഡിജിറ്റല്‍ തെളിവുകളും ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ 18 പേരുടെ മൊഴിയും വിശദമായി പരിശോധിച്ചു. തുടര്‍ന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിര്‍ദേശം നല്‍കിയത്.

Share news
error: Content is protected !!
Scroll to Top