ഹൈദരാബാദ്: ബുധനാഴ്ച നടന്ന ആന്ധ്രപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്സ് കൂറ്റന്‍ ജയത്തിലേക്ക്. 8 കോര്‍പ്പറേഷനുകളും 66 മുനിസ്സിപ്പാലിറ്റികളിവുമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ്സ് ലീഡ് നേടിയിരിക്കുന്നത്. മൂന്നെണ്ണത്തില്‍ ലീഡുമായി തെലുങ്കുദേശം പാര്‍ട്ടി രണ്ടാം സ്ഥാനത്തുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ്സിനും ബിജെപിക്കും എവിടെയും ലീഡ് നേടാനായിട്ടില്ല.
12 കോര്‍പ്പറേഷനുകളിലേക്കും 75 മുനിസ്സിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കുമാണ് ബുധനാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. 12 കോര്‍പ്പറേഷനുകളില്‍ ആകെയുള്ള 671 ഡിവിഷനുകളില്‍ 90 ഇടങ്ങളിലും മുനിസിപ്പല്‍ – പഞ്ചായത്ത് വാര്‍ഡുകളിലെ 75 ഇടങ്ങളിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പില്‍ 65 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ മണ്ഡലമായ പുലിവേന്ദുല ഉള്‍പ്പെടെയുള്ള നാല് മുനിസിപ്പാലിറ്റികളും വൈഎസ്ആര്‍ കോണ്‍ഗ്രസ്സ് എതിരില്ലാതെ ജയിച്ചിരുന്നു. ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണിത്.




