ശോഭയെ വെട്ടി രണ്ടിടത്ത് സുരേന്ദ്രന്‍

തൃശൂര്‍ : കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ അനുവദിക്കാതിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ രണ്ട് സീറ്റില്‍ മത്സരിക്കും. പ്രമുഖരെ വെട്ടിനിരത്തിയും ഇഷ്ടക്കാരെ തിരുകിക്കയറ്റിയുമുള്ള ബിജെപി സ്ഥാനാര്‍ഥിപ്പട്ടികയില്‍ വ്യാപക പ്രതിഷേധം. ഔദ്യോഗിക പക്ഷത്തിനെതിരെ നില്‍ക്കുന്ന ശോഭയെ ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാന പ്രസിഡന്റ് പദവി ഒഴിയുമെന്ന് സുരേന്ദ്രന്‍ ഭീഷണി മുഴക്കിയതായി അറിയുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെയുള്ള അപകടം മനസ്സിലാക്കിയ കേന്ദ്ര നേതൃത്വം വഴങ്ങി. മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്രന്‍ മത്സരിക്കുക. കേന്ദ്രമന്ത്രി വി. മുരളീധരന്‍ മത്സരിക്കാനിരുന്ന കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

കെ. സുരേന്ദ്രനെ പരിഹസിച്ചു പ്രതികരിച്ച ശോഭ, കേന്ദ്ര നേതൃത്വം മത്സരിക്കാന്‍ ആവശ്യപ്പെട്ടതായും വെളിപ്പെടുത്തി. അതിനുശേഷം എന്തുസംഭവിച്ചെന്ന് അറിയില്ല. രണ്ട് സീറ്റില്‍ മത്സരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കിട്ടാത്ത ഭാഗ്യമാണ് സുരേന്ദ്രന് ലഭിച്ചതെന്നായിരുന്നു പരിഹാസം. മുരളീധര പക്ഷത്ത് നില്‍ക്കുന്ന പ്രധാനികള്‍ക്കെല്ലാം സീറ്റ് നല്‍കിയ സുരേന്ദ്രന്‍ കൃഷ്ണദാസ് പക്ഷത്തുള്ളവരെ വെട്ടിനിരത്തി.

ഔദ്യോഗിക പക്ഷത്തിനെതിരായി നിന്നിരുന്ന കെ പി ശ്രീശന്‍, എന്‍ ശിവരാജന്‍, പി എം വേലായുധന്‍ തുടങ്ങിയവര്‍ക്കൊന്നും സീറ്റ് നല്‍കിയില്ല. പി കെ കൃഷ്ണദാസ്, എം ടി രമേശ് എന്നിവര്‍ മാത്രമാണ് എതിര്‍പക്ഷത്തുള്ള പ്രധാനികള്‍. അതേസമയം, തന്നോടൊപ്പം നില്‍ക്കുന്ന വി വി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സുരേന്ദ്രന്‍ സീറ്റ് നല്‍കി. സ്ഥാനാര്‍ഥി ലിസ്റ്റില്‍ ആര്‍എസ്എസും അതൃപ്തി പ്രകടിപ്പിച്ചതായി അറിയുന്നു. ആര്‍എസ്എസ് നല്‍കിയ പട്ടികയിലുള്ളവരെ ഒഴിവാക്കി. ഇ ശ്രീധരന്‍, നടന്‍ സുരേഷ് ഗോപി, കുമ്മനം രാജശേഖരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ജേക്കബ് തോമസ്, സി കെ പത്മനാഭന്‍ തുടങ്ങിയവര്‍ പട്ടികയില്‍ ഇടംനേടി.

 

Share news
error: Content is protected !!
Scroll to Top