HIGHLIGHTS : Crack in National Highway; Union Transport Ministry debars KNR Construction, alleging default by the contracting company

ഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയപാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം. നിര്‍മാണത്തിനു മുന്‍പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതില്‍ അശ്രദ്ധ കാണിച്ചുവെന്നും ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ഐഐടിയിലെ റിട്ട. പ്രൊഫസറുള്‍പ്പെടെയുളള മൂന്നംഗ വിദഗ്ദ സംഘം പ്രദേശം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ ഗതാഗത മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. അതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത മന്ത്രായം ഇപ്പോള്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.

കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തില്‍ കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തെന്നും പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് എന്ന കമ്പനിയെയും വിലക്കിയെന്നും ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഇനി ദേശീയപാതയുടെ ടെന്‍ഡറുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. പദ്ധതിയുടെ പ്രൊജക്ട് മാനേജര്‍ എം അമര്‍നാഥ് റെഡ്ഡിയെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കേരളത്തിലെ ദേശീയപാതയുടെ വിവിധ മേഖലകളില്‍ പ്രശ്നമുണ്ടെന്നും ആ മേഖലകളില്‍ വിദഗ്ദ്ധ സമിതി സന്ദര്‍ശിച്ച് പഠനം നടത്തുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.
മലപ്പുറം, തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ദേശീയപാതയില്‍ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് താണിരുന്നു. തൃശൂര്‍ ചാവക്കാട് നിര്‍മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേല്‍പ്പാലത്തിന് മുകളില്‍ വിള്ളല്‍ കണ്ടെത്തിയത്. കാസര്‍കോട് ദേശീയപാത നിര്‍മാണം നടക്കുന്ന മാവുങ്കാല്‍ കല്യാണ്‍ റോഡിന് സമീപമാണ് വിള്ളല്‍ കണ്ടെത്തിയത്. കണ്ണൂരില്‍ ദേശീയപാതയ്ക്ക് സമീപം തളിപ്പറമ്പ് കുപ്പത്താണ് വ്യാപക മണ്ണിടിച്ചിലുണ്ടായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു